'ഭക്ഷണത്തിന് ബില്ലില്ലാ'ത്ത കേരളത്തിലെ ആദ്യ കഫെ; ചെലവിടുന്ന സമയത്തിന് മാത്രം പണം
സമയത്തിന് പണം നല്‍കിയാല്‍ പുറത്തു നിന്നുള്ള ഭക്ഷണം കൊണ്ട് വന്ന് കഴിക്കാം, എറണാകുളത്തെ പുതിയ കഫെയുടെ വിശേഷങ്ങള്‍
കഫെയില്‍ പോയി 'ചില്‍' ചെയ്യുന്നത് ഇന്നത്തെ യുവാക്കൾക്ക് ഹരമാണ്. ഭക്ഷണം കഴിക്കാനും കുശലം പറഞ്ഞിരിക്കാനും മാത്രമല്ല, പോസിറ്റീവ് ആയ ഒരു അന്തരീക്ഷത്തില്‍ ഇരുന്ന് ജോലി ചെയ്യാനും കഫെകള്‍ തെരഞ്ഞെടുക്കുന്നവരാണ് പലരും. വൈബ് ഒക്കെ നല്ലതെങ്കിലും പല കഫെകളിലെയും മെനുവിന്റെ നിരക്ക് പലര്‍ക്കും താങ്ങാന്‍ കഴിയാറില്ല. എന്നാല്‍ കേരളത്തില്‍ ആദ്യമായി കഴിക്കുന്ന ഫുഡിന് പകരം ചെലവഴിക്കുന്ന സമയത്തിന് മാത്രം പണം നല്‍കുന്ന കഫെ എത്തിയിരിക്കുകയാണ്, 'ജിവിക്യു ടൈം കഫെ'(GVQ Time Cafe).
പേര് വായിക്കും പോലെ തന്നെ നിങ്ങള്‍ ഇവിടെ 'ജീവിക്കുന്ന' സമയത്തിനാണ് ഇവര്‍ വില നിശ്ചയിച്ചിട്ടുള്ളത്. എങ്ങനെയാണ് ഇവിടുത്തെ ബില്ലിംഗ് എന്നു പറയാം. പുതിയൊരു കഫേ സംസ്കാരത്തിനാണ് ഇവർ തുടക്കമിട്ടിരിക്കുന്നത്.
ഇവിടെ എത്തുന്ന ഓരോരുത്തരും ചെലവിടുന്ന ആദ്യ മണിക്കൂറിന് 150 രൂപ വീതം ബില്‍ നല്‍കണം. ഒരു മണിക്കൂര്‍ കഴിഞ്ഞ് തുടർന്നുള്ള ഓരോ മിനിറ്റിനും ഓരോ രൂപയാണ് ഇവിടെ ഈടാക്കുന്നത്. സമയത്തിന് പണം നല്‍കിയാല്‍ ആവശ്യത്തിന് ചായയും കോഫിയും ബിവറിജസും കൂക്കീസുമെല്ലാം കഴിക്കാം.
എറണാകുളം കളമശ്ശേരിയിലുള്ള ജിവിക്യു ടൈം കഫെയുടെ മറ്റൊരു സവിശേഷത ഇവിടുത്തെ ശാന്ത സുന്ദരമായ അന്തരീക്ഷമാണ്. അത് മാത്രമല്ല, പുറത്തു നിന്നുള്ള ഭക്ഷണം ഇവിടെ കൊണ്ടുവന്ന് കഴിക്കാം എന്നത് കൂടിയാണ്. മാത്രമല്ല ഇവിടെ ഇരുന്ന് വര്‍ക്കും ചെയ്യാം.
മീറ്റിംഗോ മറ്റോ ഉള്ളവര്‍ക്ക് 150 രൂപ നല്‍കി ഒരു മണിക്കൂര്‍ ഇവിടെ വന്ന് സമാധാനമായി മീറ്റിംഗും കൂടാം കഫെയുടെ അന്തരീക്ഷവും കോഫിയും ആസ്വദിക്കാം.
വിവരങ്ങളെല്ലാം ഇവരുടെ ഇന്‍സ്റ്റാഗ്രാം പേജിലുണ്ട്.