പെപ്‌സിക്കും കൊക്കകോളയ്ക്കും ചങ്കിടിപ്പ്, പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കാന്‍ അംബാനി; വിപണി പിടിക്കാന്‍ വിലയുദ്ധം
മൊബൈല്‍ ഫോണും ജിയോയും ആരംഭിച്ചപ്പോള്‍ ഉപയോഗിച്ച തന്ത്രമായിരിക്കും കോള വിപണി പിടിക്കാന്‍ അംബാനി പയറ്റുക
അടുത്തിടെയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് കാമ്പ കോളയെ ഏറ്റെടുത്തത്. 80കളില്‍ ഇന്ത്യയില്‍ ഏറ്റവും വിറ്റുവരവുണ്ടായിരുന്ന ശീതളപാനീയ ബ്രാന്‍ഡായിരുന്നു കാമ്പ കോള. 90കളില്‍ ഉദാരവല്‍ക്കരണത്തിനൊപ്പം ബഹുരാഷ്ട്ര വമ്പന്മാരായ പെപ്‌സിയും മറ്റും ഇന്ത്യയിലെത്തിയതോടെ ഈ ജനപ്രീയ പാനീയത്തിന്റെ തകര്‍ച്ചയും തുടങ്ങി. പിന്നീട് വിസ്മൃതിയിലേക്ക് വീണുപോയ കാമ്പ കോളയെ അടുത്തിടെ റിലയന്‍സ് ഏറ്റെടുത്തിരുന്നു. എഫ്.എം.സി.ജി വിപണിയില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കാമ്പ കോളയുടെ മടങ്ങിവരവ്.
വിലകുറച്ച് വിപണി പിടിക്കും
കൊക്കക്കോളയ്ക്കും പെപ്‌സിക്കും കടുത്ത വെല്ലുവിളിയാകും കാമ്പ കോള ഉയര്‍ത്തുകയെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. വില കുറച്ചു വില്പന നടത്തിയും വ്യാപാരികള്‍ക്ക് കൂടുതല്‍ മാര്‍ജിന്‍ നല്‍കിയും രണ്ടു വര്‍ഷത്തിനകം വിപണിയില്‍ ശക്തമായ സാന്നിധ്യമാകാനാണ് കാമ്പയുടെ ലക്ഷ്യം. മൊബൈല്‍ ഫോണും റിലയന്‍സ് ജിയോയും ആരംഭിച്ചപ്പോള്‍ ഇതേ വിജയഫോര്‍മുലയായിരുന്നു അംബാനി പയറ്റിയത്.
റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ് (ആര്‍.സി.പി.എല്‍) എന്ന കമ്പനിയുടെ കീഴിലാണ് കാമ്പ കോള എത്തുന്നത്. പുതിയ ഉത്പന്നങ്ങള്‍ അടുത്തു തന്നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. രാജ്യമെമ്പാടുമുള്ള തങ്ങളുടെ റീട്ടെയ്ല്‍ സാന്നിധ്യം കാമ്പ കോളയ്ക്ക് പ്രയോജനപ്പെടുത്താന്‍ റിലയന്‍സിന് സാധിക്കും.
ഏറ്റവും താഴെയുള്ള കച്ചവടക്കാര്‍ക്ക് കൂടുതല്‍ മാര്‍ജിന്‍ ലഭിക്കുന്നതു പോലെയുള്ള വില്പന തന്ത്രമാകും കാമ്പയുടെ മാര്‍ക്കറ്റിംഗിനായി റിലയന്‍സ് പയറ്റുക. ഇതുവഴി പെപ്‌സിക്കും കൊക്കക്കോളയ്ക്കും വെല്ലുവിളിയാകാമെന്ന് കമ്പനി കരുതുന്നു.