കാനഡയില്‍ കുടിയേറ്റക്കാര്‍ക്ക് ജോലി ഇനി 'സ്വപ്നം' മാത്രമാകും; കടുംവെട്ട് തീരുമാനം പ്രഖ്യാപിച്ച് ട്രൂഡോ സര്‍ക്കാര്‍

കാനഡയില്‍ താമസിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ക്ക് തിരിച്ചടിയാണ് പുതിയ പരിഷ്‌കാരം

Update:2024-10-23 17:42 IST

Image Courtesy: x.com/CanadianPM

തദ്ദേശീയരില്‍ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിനെതിരേ രോഷം വര്‍ധിച്ചു വരുന്നതിനിടെ തൊഴില്‍ നിയമത്തില്‍ കൂടുതല്‍ കാഠിന്യം വരുത്തി കനേഡിയന്‍ സര്‍ക്കാര്‍. കുടിയേറ്റക്കാരുടെ വരവ് നാട്ടുകാരുടെ തൊഴിലും വീട്ടുവാടകയും ഉയര്‍ത്തിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അടുത്തവര്‍ഷം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ടെംപററി ഫോറിന്‍ വര്‍ക്കര്‍ പ്രോഗ്രാം (ടി.എഫ്.ഡബ്ല്യു) കൂടുതല്‍ കടുപ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍.
ഈ നിയമം അനുസരിച്ച് കനേഡിയന്‍ കമ്പനികള്‍ക്ക് യോഗ്യതയുള്ള കനേഡിയന്‍ തൊഴിലാളികളെ ലഭിക്കാത്ത പക്ഷം താല്‍ക്കാലികമായി വിദേശ ജോലിക്കാരെ കൊണ്ടുവരാമായിരുന്നു. എന്നാല്‍ നവംബര്‍ എട്ടു മുതല്‍ ഈ നിയമത്തില്‍ മാറ്റംവരും. പുതിയ നിയമം അനുസരിച്ച് താല്‍ക്കാലിക വിദേശ തൊഴിലാളികളുടെ പ്രതിഫലത്തില്‍ മണിക്കൂറിന് 5 മുതല്‍ 8 ഡോളര്‍ വരെ അധികമായി നല്‍കണം.
വിദേശികളായ താല്‍ക്കാലിക തൊഴിലാളികള്‍ക്ക് ഇത്രയും ഉയര്‍ന്ന പ്രതിഫലം നല്‍കാന്‍ തൊഴിലുടമകള്‍ മടിക്കും. സ്വഭാവികമായി തദ്ദേശീയ തൊഴിലാളികളെ കുറഞ്ഞ പ്രതിഫലത്തില്‍ ജോലിക്ക് എടുക്കാന്‍ ഉടമകള്‍ നിര്‍ബന്ധിതരാകും. പുതിയ തീരുമാനം കാനഡയിലുള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചടിയാണ്. താല്‍ക്കാലിക ജോലികള്‍ ഇപ്പോള്‍ തന്നെ കാനഡയില്‍ ലഭ്യമല്ലാത്ത അവസ്ഥയാണ്. പുതിയ നിയമത്തോടെ കുടിയേറ്റക്കാര്‍ കൂടുതല്‍ വിഷമത്തിലാകും.

മലയാളികള്‍ക്കും തിരിച്ചടി

കാനഡയില്‍ താമസിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ക്ക് തിരിച്ചടിയാണ് പുതിയ പരിഷ്‌കാരം. ടെംബററി ഫോറിന്‍ വര്‍ക്കര്‍ പ്രോഗ്രാം ദുരുപയോഗം ചെയ്ത് കമ്പനികള്‍ കനേഡിയന്‍ പൗരന്മാരെ തൊഴിലില്‍ അവഗണിക്കുന്നുവെന്ന വികാരമാണ് സര്‍ക്കാരിനുള്ളത്. പല തൊഴിലുടമകളും കുറഞ്ഞ പ്രതിഫലം നല്‍കി വിദേശ തൊഴിലാളികളെ താല്‍ക്കാലിക ജോലിക്ക് എടുക്കുന്നതായിരുന്നു പതിവ്. ഇത് കനേഡിയന്‍ പൗരന്മാരില്‍ വലിയ അമര്‍ഷത്തിന് ഇടയാക്കിയിരുന്നു. ആകെ തൊഴിലാളികളുടെ 10 ശതമാനത്തില്‍ കൂടുതല്‍ വിദേശികളാകാന്‍ പാടില്ലെന്ന നിയമവും കഴിഞ്ഞ മാസം മുതല്‍ കാനഡയില്‍ പ്രാബല്യത്തിലുണ്ട്.
Tags:    

Similar News