ഇറാനൊപ്പം നില്‍ക്കുമെന്ന് റഷ്യ, ശ്രീലങ്കയിലും മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍; പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് യു.എസ്
മധ്യകാലഘട്ടം മുതല്‍ ജനങ്ങള്‍ തുടര്‍ച്ചയായി താമസിച്ചു വന്ന അപൂര്‍വം നഗരങ്ങളിലൊന്നായ ടിയറിലേക്കും ഇസ്രയേല്‍ ആക്രമണം
ഒക്ടോബര്‍ ഒന്നിലെ മിസൈലാക്രമണത്തില്‍ ഇസ്രയേല്‍ തിരിച്ചടിയുണ്ടായാല്‍ ഇറാനെ കൈവിടില്ലെന്ന് റഷ്യ. യുക്രെയിന്‍ യുദ്ധത്തില്‍ റഷ്യയെ ഇറാന്‍ പല രീതിയിലും സഹായിച്ചിട്ടുണ്ട്. ഇതിന് പ്രത്യുപകാരമായി ഇറാനെ സഹായിക്കാന്‍ റഷ്യ കോപ്പുകൂട്ടുകയാണെന്ന് സി.എന്‍.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഏത് തരത്തിലുള്ള പിന്തുണയാണെന്ന് ഉറപ്പില്ല. പശ്ചിമേഷ്യയിലെ പ്രതിസന്ധി പുകയുമ്പോഴും ഇറാനുമായി കൂടുതല്‍ അടുക്കാനുള്ള ശ്രമത്തിലാണ് റഷ്യയെന്ന് ക്രെംലിന്‍ പ്രസ് സെക്രട്ടറി ദിമിത്രി പെസ്‌കോവ് പറഞ്ഞു. എന്നാല്‍ ഇതൊരിക്കലും വേറൊരു രാജ്യത്തിന് എതിരാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു. അടുത്ത് തന്നെ ഇറാനും റഷ്യയും സുപ്രധാന കരാറുകളില്‍ ഒപ്പുവയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ശ്രീലങ്കയിലെ റിസോര്‍ട്ടിലുള്ളവര്‍ക്ക് മുന്നറിയിപ്പ്
അതേസമയം, ശ്രീലങ്കയിലെ റിസോര്‍ട്ടില്‍ കഴിയുന്ന ഇസ്രയേല്‍ പൗരന്മാര്‍ക്ക് നേരെ ഭീകരാക്രമണമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശം. ഇവിടെയുള്ള പൗരന്മാര്‍ എത്രയും പെട്ടെന്ന് ശ്രീലങ്ക വിടണമെന്നും അല്ലെങ്കില്‍ തലസ്ഥാനമായ കൊളംബോയിലേക്ക് മാറണമെന്നും ഇസ്രയേല്‍ സുരക്ഷാ കൗണ്‍സില്‍ അറിയിച്ചു. ഇസ്രയേലികളാണെന്ന് തിരിച്ചറിയുന്ന ചിഹ്നങ്ങള്‍ ഒളിപ്പിക്കണമെന്നും പൊതുവിടങ്ങളില്‍ ഒത്തുകൂടരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
യുനൈസ്‌കോ പട്ടികയിലുള്ള പൈതൃക നഗരത്തിലും ആക്രമണം
ചരിത്രമുറങ്ങുന്ന ലെബനീസ് തുറമുഖ നഗരമായ ടിയറിലേക്ക് കനത്ത ഇസ്രയേല്‍ വ്യോമാക്രമണം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ഇവിടെ നിന്നും ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേല്‍ സേന ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേല്‍ ആക്രമണമുണ്ടായത്. മധ്യകാലഘട്ടം മുതല്‍ ജനങ്ങള്‍ തുടര്‍ച്ചയായി താമസിച്ചു വന്ന അപൂര്‍വം നഗരങ്ങളിലൊന്നായാണ് ടിയറിനെ കണക്കാക്കുന്നത്.
പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് യു.എസ്
മിഡില്‍ ഈസ്റ്റിലെ പ്രശ്‌നങ്ങള്‍ക്ക് അധികം വൈകാതെ പരിഹാരമാകുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ഹമാസ് നേതാവ് യഹിയ സിന്‍വാര്‍ കൊലപ്പെട്ടതോടെ ഇസ്രയേല്‍ ബന്ദികളുടെ കാര്യത്തില്‍ ഇരുവിഭാഗവും രമ്യതയിലെത്താന്‍ സാധ്യതയുണ്ടെന്നാണ് യു.എസ് വിലയിരുത്തല്‍. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലെ തടസമായി നിന്നത് സിന്‍വാറാണെന്ന് കുറ്റപ്പെടുത്തി ബ്ലിങ്കന്‍ വെടിനിറുത്തലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടുത്ത ആഴ്ച ലണ്ടനില്‍ അറബ് നേതാക്കളെ കാണുമെന്നും പറഞ്ഞു. അതേസമയം, ബ്ലിങ്കന്‍ താമസിച്ചിരുന്ന ഇസ്രയേലിലെ ഹോട്ടലിനെ ലക്ഷ്യമാക്കി ഹിസ്ബുള്ള റോക്കറ്റാക്രമണം നടത്തിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.