പിള്ളേരെ 'കളിപ്പിച്ച്' കോടികള്‍ കൊയ്യാന്‍ അംബാനിയും; പുതിയ ബിസിനസിലേക്ക് റിലയന്‍സ്

ചൈനീസ് കളിപ്പാട്ട ഇറക്കുമതിക്ക് നിയന്ത്രണം വന്നതോടെ ഈ രംഗത്തേക്ക് നിരവധി ഇന്ത്യന്‍ കമ്പനികള്‍ വരുന്നുണ്ട്

Update:2024-09-30 11:30 IST
ബിസിനസ് സാമ്രാജ്യം വ്യാപിപ്പിക്കാനൊരുങ്ങുന്ന മുകേഷ് അംബാനിയും റിലയന്‍സ് ഇന്‍ഡസ്ട്രീസും പുതിയ മേഖലകളിലേക്ക് ചുവടുവയ്ക്കുന്നു. ഇന്ത്യയിലെ കളിപ്പാട്ട വിപണിയിലെ കോടികളില്‍ കണ്ണുനട്ടാണ് റിലയന്‍സിന്റെ പുതിയ നീക്കം. ഇതിന്റെ ഭാഗമായി മധ്യപ്രദേശിലെ ഇന്‍ഡോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാന്‍ഡിടോയ് കോര്‍പറേറ്റ് എന്ന കമ്പനിയുമായി റിലയന്‍സ് ധാരണയിലെത്തി.
റിലയന്‍സിന്റെ 1,400ലധികം വരുന്ന റീട്ടെയ്ല്‍ സ്‌റ്റോറുകളിലൂടെ കാന്‍ഡിടോയ് കളിപ്പാട്ടങ്ങള്‍ വിറ്റഴിക്കും. റിലയന്‍സിന്റെ ബ്രാന്‍ഡിലാണോ ഉത്പന്നങ്ങള്‍ പുറത്തിറക്കുകയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. 40 രാജ്യങ്ങളിലേക്ക് കളിപ്പാട്ടങ്ങള്‍ കയറ്റുമതി ചെയ്യുന്ന കമ്പനിയാണ് കാന്‍ഡിടോയ് കോര്‍പറേറ്റ്. നിരവധി കമ്പനികള്‍ക്ക് വേണ്ടി കാന്‍ഡിടോയ് കളിപ്പാട്ടങ്ങള്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ) നടത്താനുള്ള നീക്കത്തിലാണ് കമ്പനി.
കളിപ്പാട്ട നിര്‍മാണ കമ്പനിയായ പ്ലാസ്റ്റിക് ലെഗ്നോയുടെ 40 ശതമാനം ഓഹരികള്‍ 2022ല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റെടുത്തിരുന്നു. ചൈനീസ് കളിപ്പാട്ട ഇറക്കുമതിക്ക് നിയന്ത്രണം വന്നതോടെ ഈ രംഗത്തേക്ക് നിരവധി ഇന്ത്യന്‍ കമ്പനികള്‍ വരുന്നുണ്ട്.

ചൈനീസ് അടി ഇന്ത്യന്‍ കമ്പനികള്‍ക്ക് നേട്ടം

കളിപ്പാട്ട ഇറക്കുമതിയില്‍ 52 ശതമാനം ഇടിവും കയറ്റുമതിയില്‍ 239 ശതമാനം വര്‍ധനവും ഇന്ത്യ രേഖപ്പെടുത്തിയെന്ന് അടുത്തിടെ പുറത്തുവന്ന പഠനറിപ്പോര്‍ട്ട് അടിവരയിടുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ആഭ്യന്തര കളിപ്പാട്ട വിപണിയില്‍ നിരവധി സംരംഭങ്ങളാണ് ഉയര്‍ന്നുവന്നത്. ഉല്‍പ്പാദന യൂണിറ്റുകളില്‍ ഇരട്ടി വര്‍ധനയുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൈനയില്‍ നിന്നുള്ള കളിപ്പാട്ട ഇറക്കുമതി കഴിഞ്ഞ നാലു വര്‍ഷത്തിനിടെ പകുതിയായി കുറഞ്ഞു. 2019 സാമ്പത്തിക വര്‍ഷത്തില്‍ 451.7 മില്യണ്‍ ഡോളറിന്റെ ചൈനീസ് കളിപ്പാട്ടങ്ങളായിരുന്നു ഇന്ത്യ ഇറക്കുമതി ചെയ്തത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ അത് 218.9 മില്യണ്‍ ഡോളറായി കുറഞ്ഞു. കയറ്റുമതി 291.8 മില്യണ്‍ ഡോളറില്‍ നിന്ന് 422 മില്യണ്‍ ഡോളറായി ഉയരുകയും ചെയ്തു.
Tags:    

Similar News