മൂലധന ലാഭ നികുതി, പുതിയ മാറ്റങ്ങള്‍ എന്തൊക്കെ? അറിയേണ്ടതെല്ലാം

സംശയങ്ങളും അവയുടെ ഉത്തരവും അടങ്ങിയ എഫ്.എ.ക്യു സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് പുറത്തിറക്കി

Update:2024-07-25 16:54 IST

image credit : canva

മൂലധന നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന് നികുതി (capital gain tax -CGT) വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞിരുന്നു. കൈവശം വയ്ക്കുന്ന കാലയളവ് പരിഗണിച്ചാണ് മൂലധന ലാഭത്തെ ഹ്രസ്വകാലമെന്നും ദീര്‍ഘകാലമെന്നും വേര്‍തിരിക്കുന്നത്. ധനമന്ത്രാലയം ഇക്കാര്യത്തില്‍ വിശദീകരണം നടത്തിയെങ്കിലും നിക്ഷേപകര്‍ക്കിടയില്‍ ഇപ്പോഴും പല സംശയങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇതിന് പരിഹാരമായി നിക്ഷേപകര്‍ക്ക് ഉണ്ടായേക്കാവുന്ന സംശയങ്ങളും അവയുടെ ഉത്തരവും അടങ്ങിയ എഫ്.എ.ക്യു സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് പുറത്തിറക്കി.
1. മൂലധന നിക്ഷേപ ലാഭത്തിനുള്ള നികുതിയില്‍ എന്തൊക്കെ മാറ്റങ്ങളാണ് ബജറ്റില്‍ കൊണ്ടുവന്നത്?
മൂലധന നേട്ടത്തിനുള്ള നികുതി ഘടന കൂടുതല്‍ കാര്യക്ഷമവും ലളിതവുമാക്കി മാറ്റി. വിവിധ മാനദണ്ഡങ്ങള്‍ ഇതിന് ഉപയോഗിച്ചിരിക്കുന്നു.
*കൈവശം വയ്ക്കുന്ന കാലപരിധി സംബന്ധിച്ച വ്യവസ്ഥകള്‍ ലളിതമാക്കി. ഒരു വര്‍ഷം, രണ്ട് വര്‍ഷം എന്നിങ്ങനെ രണ്ട് കാലാവധിയാണ് ഇനിയുള്ളത്.
*ഭൂരിഭാഗം മൂലധനങ്ങള്‍ക്കും ഈടാക്കാവുന്ന നികുതി ഏകീകരിച്ചു
*റെസിഡന്റ്, നോണ്‍ റെസിഡന്റ് വിഭാഗങ്ങളെ ഏകീകരിച്ചു
*റോള്‍ ഓവര്‍ ബെനിഫിറ്റുകളില്‍ മാറ്റമില്ല
2.പുതിയ നികുതി ചട്ടങ്ങള്‍ നിലവില്‍ വരുന്നതെപ്പോള്‍?
പുതിയ നികുതി ചട്ടങ്ങള്‍ ബജറ്റ് അവതരിപ്പിച്ച 2024 ജൂലൈ 23 മുതല്‍ നിലവില്‍ വന്നു. ഈ തീയതിക്ക് ശേഷം നടത്തുന്ന എല്ലാ ഇടപാടുകള്‍ക്കും പുതിയ ചട്ടം ബാധകമാകും.
3. കൈവശം വയ്ക്കാവുന്ന കാലയളവ് എങ്ങനെയാണ്?
മൂലധനത്തെ ദീര്‍ഘകാലത്തേക്കുള്ള മൂലധന ആസ്തിയായി കണക്കാക്കണമെങ്കില്‍ മൂന്ന് തരം കൈവശ കാലാവധിയാണ് നിലവിലുണ്ടായിരുന്നത്. ഇതില്‍ മാറ്റം വരുത്തി. ലിസ്റ്റ് ചെയ്യപ്പെട്ട ഓഹരികള്‍ക്ക് ഇത് ഒരു വര്‍ഷവും മറ്റ് മൂലധനങ്ങള്‍ക്ക് രണ്ട് വര്‍ഷവുമായാണ് മാറ്റിയത്.
4.കൈവശം വയ്ക്കാവുന്ന കാലാവധി മാറ്റിയത് കൊണ്ട് ആര്‍ക്കാണ് ഉപയോഗം ?
ലിസ്റ്റഡ് ഓഹരികളുടെ ഹ്രസ്വകാല പരിധി ഒരു വര്‍ഷമാണ്. ലിസ്റ്റഡ് അല്ലാത്ത ഓഹരികള്‍ക്കും (unlisted securities) സ്വര്‍ണത്തിനുമുള്ള കൈവശ കാലയളവ് 36 മാസത്തില്‍ നിന്നും 24 മാസമാക്കി കുറച്ചു.
5. സ്ഥാവര വസ്തുക്കള്‍ക്കും (immovable property) ലിസ്റ്റഡ് അല്ലാത്ത ഓഹരികള്‍ക്കുമുള്ള കൈവശ ലാഭ കാലയളവ് എങ്ങനെ?
സ്ഥാവര വസ്തുക്കള്‍ക്കും ലിസ്റ്റഡ് അല്ലാത്ത ഓഹരികള്‍ക്കുമുള്ള കൈവശ കാലയളവ് പഴയത് പോലെ രണ്ട് വര്‍ഷമായി തുടരും.
6. ഓഹരി കൈമാറ്റ നികുതി (security transaction tax - STT) യില്‍ വന്ന മാറ്റമെന്ത്?
ലിസ്റ്റഡ് ഇക്വിറ്റി, ഇക്വിറ്റി ഓറിയന്റഡ് മ്യൂച്വല്‍ ഫണ്ട്, യൂണിറ്റ് ഓഫ് ബിസിനസ് ട്രസ്റ്റ് എന്നിവയ്ക്കുള്ള ഹ്രസ്വകാല ഓഹരി കൈമാറ്റ നികുതി (short term STT) 15 ശതമാനത്തില്‍ നിന്നും 20 ശതമാനമാക്കി ഉയര്‍ത്തി. സമാനമായി ഈ ആസ്തികള്‍ക്കുള്ള ദീര്‍ഘകാല ഓഹരി കൈമാറ്റ നികുതി (long term STT) 10 ശതമാനത്തില്‍ നിന്നും 12.5 ശതമാനമാക്കുകയും ചെയ്തു.
7. ആദായ നികുതി നിയമത്തിലെ വകുപ്പ് 112എ പ്രകാരം ദീര്‍ഘകാല മൂലധന നേട്ടത്തിനുള്ള നികുതിയില്‍ നിന്നും ഒരുലക്ഷം വരെയുള്ള വരുമാനത്തെ ഒഴിവാക്കിയിരുന്നു. ഇതിന് മാറ്റമുണ്ടോ?
ദീര്‍ഘകാല മൂലധന നേട്ടത്തിനുള്ള നികുതിയില്‍ നിന്നും ഒരുലക്ഷം വരെയുള്ള വരുമാനത്തെ ഒഴിവാക്കിയത് പുനക്രമീകരിച്ചിട്ടുണ്ട്. ഇനി 1.25 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതിയില്ല. നടപ്പ് സാമ്പത്തിക വര്‍ഷം മുതലാണ് ഈ മാറ്റം നിലവില്‍ വരുന്നത്.
8. ദീര്‍ഘകാല മൂലധന നേട്ട നികുതിയിലെ മാറ്റമെന്ത്?
എല്ലാ ആദായങ്ങളില്‍ നിന്നുമുള്ള ദീര്‍ഘകാല മൂലധന നേട്ടം 12.5 ശതമാനമാക്കി ഏകീകരിച്ചു (ഇന്‍ഡക്‌സേഷന്‍ ഇല്ലാതെ) . നേരത്തെ ഇത് 20 ശതമാനമായിരുന്നു (ഇന്‍ഡക്‌സേഷന്‍ ചെയ്യുമ്പോള്‍). പുതിയ തീരുമാനം മൂലധന നേട്ടത്തിന്റെ കണക്കെടുക്കാനും നികുതി ഘടന ലളിതമാക്കാനും സഹായിക്കും.
9. ആര്‍ക്കാണ് മുകളില്‍ പറഞ്ഞതിന്റെ ഗുണം ലഭിക്കുക (ചോദ്യം നമ്പര്‍ 8)?
എല്ലാ വിഭാഗത്തിലുമുള്ള ആദായങ്ങള്‍ക്കും ഈ ഗുണം ലഭിക്കും. ഏതാണ്ടെല്ലാ സാഹചര്യങ്ങളിലും നികുതിദായകനാണ് ഗുണം ലഭിക്കുക. എന്നാല്‍ പണപ്പെരുപ്പം കണക്കിലെടുത്താല്‍ ഇതില്‍ ചെറിയ മാറ്റങ്ങളുണ്ടാകാനും സാധ്യതയുണ്ട്.
10. മൂലധന നേട്ടത്തില്‍ നിന്നും നികുതിദായകന് ലഭിക്കുന്ന റോള്‍ ഓവര്‍ ബെനിഫിറ്റ് തുടരുമോ?
തീര്‍ച്ചയായും. റോള്‍ ഓവര്‍ ബെനിഫിറ്റ് പഴയത് പോലെ തന്നെ തുടരും. ആദായ നികുതി നിയമം അനുശാസിക്കുന്ന റോള്‍ ഓവര്‍ ബെനിഫിറ്റിന് വേറെ ചാര്‍ജുകളൊന്നുമില്ല. ഈ സൗകര്യം പഴയത് പോലെ തുടരാനാകും.
11.റോള്‍ ഓവര്‍ ബെനിഫിറ്റ് നേടാന്‍ ചെയ്യേണ്ടത്?
ഈ സൗകര്യം ഉപയോഗിക്കാന്‍ നികുതിദായകര്‍ക്ക് മൂലധന നേട്ടമായി ലഭിക്കുന്ന ലാഭം ആദായനികുതി നിയമത്തിലെ വകുപ്പ് 54, വകുപ്പ് 54 എഫ് എന്നിവ അനുസരിച്ച് ഭവനപദ്ധതികളിലും വകുപ്പ് 54ഇസി ഉപയോഗിച്ച് ചില ബോണ്ടുകളിലും നിക്ഷേപിക്കാം. റോള്‍ ഓവര്‍ ബെനിഫിറ്റിനെക്കുറിച്ച് കൂടുതല്‍ കാര്യമറിയാന്‍ ആദായ നികുതി നിയമത്തിലെ വകുപ്പ് 54,54ബി, 54ഡി, 54ഇസി, 54 എഫ്, 54ജി എന്നിവ പരിശോധിക്കുക.
12. എത്രരൂപ വരെയാണ് റോള്‍ ഓവര്‍ ബെനിഫിറ്റായി ലഭിക്കുക?
54ഇസി ബോണ്ടുകളില്‍ ( ക്യാപിറ്റല്‍ ഗെയിന്‍ ബോണ്ട്) 50 ലക്ഷം വരെയും മറ്റ് സന്ദര്‍ഭങ്ങളില്‍, ചില നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ക്ക് വിധേയമായി മൂലധന നേട്ടം നികുതിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു.
13. പുതിയ ചട്ടങ്ങള്‍ കൊണ്ടുള്ള പ്രധാന നേട്ടമെന്താണ്?
നികുതി ഘടന ലളിതമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് കംപ്യൂട്ടേഷന്‍, ഫയലിംഗ്, റെക്കോഡുകളുടെ സൂക്ഷിപ്പ് തുടങ്ങിയ കാര്യങ്ങള്‍ എളുപ്പമാക്കും. വിവിധതരം ആദായങ്ങളുടെ ഡിഫറന്‍ഷ്യല്‍ നിരക്കുകളും ഇതില്ലാതാക്കും.
ഒരു വര്‍ഷത്തില്‍ താഴെ കൈവശം വച്ചിരിക്കുന്ന ഇക്വിറ്റികളുടെ വില്‍പ്പനയില്‍ നിന്നുള്ള ലാഭം ഹ്രസ്വകാല മൂലധന നേട്ടമായും (എസ്.ടി.സി.ജി). ഒരു വര്‍ഷത്തില്‍ കൂടുതലുള്ള ഇക്വിറ്റികളുടെ വില്‍പ്പനയില്‍ നിന്നുള്ള ലാഭം ദീര്‍ഘകാല മൂലധന നേട്ടമായും (എല്‍.ടി.സി.ജി) പരിഗണിക്കുന്നു.
Tags:    

Similar News