കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ സ്വതന്ത്ര ഡയറക്ടർ മാനദണ്ഡം പാലിക്കുന്നില്ല

72 -ഇൽ 55-ലും സ്വതന്ത്ര ഡയറക്ടർമാർ ഇല്ല

Update:2021-03-01 17:36 IST

കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളുടെ( സി പി എസ് ഇ)സ്വതന്ത്ര ഡയറക്ടർമാരുടെ എണ്ണത്തിൽ കുറവ്. നിഫ്റ്റി 500 സൂചികയുടെ ഭാഗമായി ലിസ്റ്റ് ചെയ്ത 72 കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളിൽ നിലവിൽ 55 എണ്ണത്തിലും സ്വതന്ത്ര ഡയറക്ടർമാരില്ല. സമീപ വർഷങ്ങളിൽ ഭരണമാനദണ്ഡങ്ങളിൽ പുതിയ നയങ്ങൾക്ക് പ്രാധാന്യം നൽകിയിട്ടും ഈ അവസ്ഥ തുടരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളിൽ പുതിയ മാനദണ്ഡങ്ങളെകുറിച്ച് അലംഭാവം നിലനിൽക്കുന്നു.ഒഎൻജിസി, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ തുടങ്ങിയ വൻകിട കമ്പനികളും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്,ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളും ഇതിലുൾപ്പെടുന്നു.

കോൾ ഇന്ത്യ,നാൽക്കോ, ആർ ഇ സി,ഫുഡ്കോ, കൊച്ചിൻ ഷിപ്പിയാർഡ് ഉൾപ്പെടെ പത്തോളം കമ്പനികളിൽ 2020 ഡിസംബർ 31 വരെ ഭരണ സമിതികളിൽ സ്വതന്ത്ര ഡയറക്ടർമാരുടെ എല്ലാ തസ്തികകളും ഒഴിഞ്ഞു കിടക്കുകയായിരുന്നു.നിയമപ്രകാരം കഴിഞ്ഞവർഷം 72 സ്ഥാപനങ്ങളിൽ 325 സ്വതന്ത്ര ഡയറക്ടർമാരടക്കം 601 ഭരണസമിതി അംഗങ്ങൾ ഉണ്ടായിരിക്കണം.എന്നാൽ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റർ അഡ്വൈസറി സർവീസസ് (liAS) ൻ്റെ കണക്കുപ്രകാരം, ഈ സ്ഥാപനങ്ങളിൽ കഴിഞ്ഞവർഷം 184 സ്വതന്ത്ര ഡയറക്ടർമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ദ ഫിനാൻഷ്യൽ എക്സ്പ്രസ്സ് പത്രം ഒരു റിപോർട്ടിൽ പറയുന്നു. .141 പേരുടെ വലിയ കുറവാണ് ഇത്.

ഈ ലിസ്റ്റിൽ ഉൾപ്പെടാത്ത 180 ഓളം സിപിഎസ്ഇ കളുടെ ഭരണസമിതികളിൽ, ചുരുങ്ങിയത് രണ്ട് സ്വതന്ത്ര ഡയറക്ടർമാരെങ്കിലും ആവശ്യമാണ്. സെബി (സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ലിസ്റ്റിംഗ് റെഗുലേഷൻ 17(1) അനുസരിച്ച്, ഒരു കമ്പനിക്ക് എക്സിക്യൂട്ടീവ് ചെയർപേഴ്സൺ ഉണ്ടെങ്കിൽ ഭരണ സമിതിയുടെ 50 ശതമാനം എങ്കിലും സ്വതന്ത്ര ഡയറക്ടർമാർ ഉണ്ടായിരിക്കണം. ചെയർപേഴ്സൺ നോൺ- എക്സിക്യൂട്ടീവ് ആണെങ്കിൽ ഭരണസമിതിയുടെ 33 ശതമാനം സ്വതന്ത്ര ഡയറക്ടർമാർ ആയിരിക്കണം. മുകളിൽ സൂചിപ്പിച്ച 72 സ്ഥാപനങ്ങളിൽ ബാങ്ക് ഓഫ് ബറോഡക്ക് മാത്രമാണ് നിലവിൽ നോൺ-എക്സിക്യൂട്ടീവ് ചെയർമാനുള്ളത്, അതായത് മറ്റു സ്ഥാപനങ്ങളെല്ലാം 50 ശതമാനം ഡയറക്ടർമാരെ ഉൾപ്പെടുത്തണമെന്ന പുതിയ മാനദണ്ഡം പാലിച്ചിരിക്കണം. എന്നാൽ ഈ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ സ്ഥാപനങ്ങൾ വേണ്ട ശുഷ്‌കാന്തി പ്രകടിപ്പിക്കാറില്ല.

Tags:    

Similar News