വിപണിയില്‍ ആന്ധ്രാ മാജിക്; 'നായിഡു സ്റ്റോക്ക്‌സില്‍' 55 ശതമാനം വരെ കുതിപ്പ്

നിക്ഷേപകര്‍ കൂടുതല്‍ താല്പര്യം കാണിക്കുന്ന ഹെറിറ്റേജ് ഫുഡ്‌സ് നായിഡു കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയാണ്

Update:2024-06-07 12:26 IST

Image: x.com/ncbn

ആന്ധ്രാപ്രദേശില്‍ തെലുഗുദേശം പാര്‍ട്ടി (ടി.ഡി.പി) വന്‍വിജയത്തോടെ അധികാരത്തിലെത്തുമെന്ന് ഉറപ്പായതിന് പിന്നാലെ ചന്ദ്രബാബു നായിഡുവുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരികള്‍ നടത്തിയത് വന്‍കുതിപ്പ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ ആന്ധ്രയ്ക്ക് താല്പര്യമുള്ള കെ.സി.പി ലിമിറ്റഡും ഹെറിറ്റേജ് ഫുഡ്‌സും മറ്റ് ഓഹരികളും മുന്നേറുകയാണ്. ആന്ധ്രയിലെ മുഖ്യമന്ത്രി പദത്തിനൊപ്പം രാജ്യഭരണത്തില്‍ എന്‍.ഡി.എയിലെ നിര്‍ണായക കക്ഷിയായി ടി.ഡി.പി മാറിയതും ഈ ഓഹരികള്‍ക്ക് ഉത്തേജനം പകരുന്നു.
തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ നായിഡുവും അദേഹത്തിന്റെ കുടുംബവും നിയന്ത്രിക്കുന്ന ഹെറിറ്റേജ് ഫുഡ്‌സ് ഓഹരികളില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. നാലുദിവസത്തെ വളര്‍ച്ച 55 ശതമാനം. ഈ ഓഹരികള്‍ വെള്ളിയാഴ്ച 10 ശതമാനം അപ്പര്‍സര്‍ക്യൂട്ടിലാണ് നില്‍ക്കുന്നത്.
ഇന്ന് ഏഴുശതമാനം ഉയര്‍ന്ന കെ.സി.പി ലിമിറ്റഡിന്റെ ഓഹരി മൂന്ന് ദിവസത്തിനിടെ 38 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. ഇന്ന് 235 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 104 മാത്രമായിരുന്നു ഈ ഓഹരികളുടെ വില. അന്ന് ആന്ധ്രാ രാഷ്ട്രീയത്തില്‍ നായിഡുവിന്റെ നില പരുങ്ങലിലായിരുന്നു. ദേശീയ തലത്തിലും സംസ്ഥാനത്തും ടി.ഡി.പിയുടെ തിരിച്ചുവരവ് ആരും പ്രതീക്ഷിച്ചിരുന്നില്ല.
ഹെറിറ്റേജ് ഗ്രൂപ്പിന്റെ പ്രകടനം
തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനുശേഷം നിക്ഷേപകര്‍ കൂടുതല്‍ താല്പര്യം കാണിക്കുന്ന ഹെറിറ്റേജ് ഫുഡ്‌സ് നായിഡു കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയാണ്. ജൂണ്‍ മൂന്നിന് 426ല്‍ ക്ലോസ് ചെയ്ത ഓഹരികള്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. നാലുദിവസം കൊണ്ട് വളര്‍ച്ച 55 ശതമാനമാണ്. വെള്ളിയാഴ്ച രാവിലെ 601ല്‍ വ്യാപാരം തുടങ്ങിയ ഓഹരികള്‍ ഒന്നരമണിക്കൂറിനുള്ളില്‍ 60 രൂപ ഉയര്‍ന്ന് 661 വരെയെത്തി.
ഡയറിഫാം, റീട്ടെയ്ല്‍, കൃഷി മേഖലകളില്‍ പരന്നുകിടക്കുന്ന ഗ്രൂപ്പിന് ആന്ധ്രയിലും തെലങ്കാനയിലും ബിസിനസ് സാന്നിധ്യമുണ്ട്. 2023-24 സാമ്പത്തികവര്‍ഷത്തില്‍ 3,794 കോടി രൂപ വിറ്റുവരവ് നേടാന്‍ സാധിച്ചു. എല്ലാ ചെലവുകള്‍ക്കും ശേഷമുള്ള ലാഭം 107 കോടി രൂപയാണ്. 6,238 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം.
കെ.സി.പിയും ഉയര്‍ച്ചയില്‍
രാഷ്ട്രീയവും ബിസിനസും പരസ്പരപൂരകങ്ങളാണ് ആന്ധ്രയില്‍. ഇക്കാരണങ്ങള്‍ തന്നെയാണ് തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം കെ.സി.പി ഓഹരികള്‍ നിലംതൊടാതെ ഉയരാന്‍ കാരണവും. ഇന്ന് രാവിലെ 7 ശതമാനം വര്‍ധിച്ച് 235 രൂപ വരെ എത്തിയിരുന്നു.
ആന്ധ്രയുടെ പുതിയ തലസ്ഥാനമായ അമരാവതിയുടെ വികസനത്തിന് നായിഡു വലിയ പ്രാധാന്യം നല്‍കുമെന്നാണ് വിലയിരുത്തല്‍. സിമന്റ്, ഷുഗര്‍, എന്‍ജിനിയറിംഗ്, ഹോട്ടല്‍ ബിസിനസുകളില്‍ സാന്നിധ്യമുള്ള കെ.സി.പി ഓഹരികളുടെ മികച്ച പ്രകടനത്തിന് കാരണങ്ങളിലൊന്ന് ഇതുതന്നെയാണ്.
ചെന്നൈയാണ് ആസ്ഥാനമെങ്കിലും അമരാവതിയില്‍ അടക്കം രണ്ട് സിമന്റ് പ്ലാന്റുകള്‍ കമ്പനിക്ക് ആന്ധ്രയിലുണ്ട്. ഒപ്പം ടി.ഡി.പി നേതൃത്വവുമായുള്ള ആഴത്തിലുള്ള ബന്ധവും കെ.സി.പി ഗ്രൂപ്പിനുണ്ട്.
മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷം വരുമാനം 2,847 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ 91 കോടിയില്‍ നിന്ന് ലാഭം 280 കോടിയിലേക്ക് ഉയര്‍ന്നു. 3,000 കോടി രൂപയാണ് വിപണിമൂല്യം.
ഈ രണ്ട് ഓഹരികള്‍ക്കൊപ്പം ആന്ധ്രയില്‍ നിന്നുള്ള മറ്റ് കമ്പനികളുടെ പ്രകടനവും ഉയര്‍ന്ന തലത്തിലാണ്. അമരരാജ എനര്‍ജി (9.5%), ആന്ധ്ര സിമന്റ്‌സ് (5.69%), ആന്ധ്ര ഷുഗേഴ്‌സ് (8.04%) തുടങ്ങിയ കമ്പനികളുടെ ഓഹരികളും മുന്നേറ്റത്തിലാണ്.
Tags:    

Similar News