'ചന്ദ്രയാന്‍ -3, ഗഗന്‍യാന്‍ വര്‍ഷമാകും 2020 ': ഐഎസ്ആര്‍ഒ

Update: 2020-01-01 09:12 GMT

ഇന്ത്യയുടെ ചാന്ദ്രദൗത്യത്തില്‍ മൂന്നാമത്തേതായ ചന്ദ്രയാന്‍-3 ന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതായും ബഹിരാകാശത്തേക്ക് ആളുകളെ അയക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിനായി നാല് പേരെ തിരഞ്ഞെടുത്തതായും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍. 'ഇസ്രോ'യെ സംബന്ധിച്ചിടത്തോളം ചന്ദ്രയാന്‍ -3, ഗഗന്‍യാന്‍ എന്നിവയുടെ വര്‍ഷമായിരിക്കും 2020 എന്നും ബെംഗളൂരുവില്‍ മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.

'ചന്ദ്രയാന്‍ -3 ന് ലാന്‍ഡര്‍, റോവര്‍, പ്രൊപ്പള്‍ഷന്‍ മൊഡ്യൂള്‍ എന്നിവ ഉണ്ടാകും. ഞങ്ങള്‍ പ്രോജക്ട് ടീം രൂപീകരിച്ചു. പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നു,' ശിവന്‍ അറിയിച്ചു. 2022 ഓടെ ഗഗന്‍യാന്‍ ദൗത്യത്തിലൂടെ ചുരുങ്ങിയത് ഏഴ് ദിവസം ആളുകളെ ബഹിരാകാശത്ത് താമസിപ്പിക്കാനാണ് ലക്ഷ്യം. ഗഗന്‍യാന്റെ പല സിസ്റ്റങ്ങളും പരീക്ഷിക്കേണ്ടതുണ്ട്.ധാരാളം ഡിസൈന്‍ ജോലികള്‍ പൂര്‍ത്തിയായി. ക്രൂ പരിശീലനമാണ് ഈ വര്‍ഷത്തെ പ്രധാന പദ്ധതി. നാല് ബഹിരാകാശയാത്രികരെ തിരഞ്ഞെടുത്തു. ഈ മാസം തന്നെ ഇവരെ റഷ്യയിലെ പരിശീലനത്തിനയക്കും.

ചന്ദ്രയാന്‍-2 പദ്ധതി വന്‍ വിജയം തന്നെയായിരുന്നു. അതേ സമയം വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്നതില്‍ പരാജയപ്പെട്ടു. ചന്ദ്രയാന്‍-3  അടുത്ത വര്‍ഷം വിക്ഷേപിച്ചേക്കുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ പറഞ്ഞു. രണ്ടാമത്തെ വിക്ഷേപണ കേന്ദ്രത്തിനായി തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ 2300 ഏക്കര്‍ സ്ഥലം ഏറ്റെടുത്തതായും കെ.ശിവന്‍ അറിയിച്ചു.

വരും വര്‍ഷങ്ങളില്‍ ബഹിരാകാശ ഏജന്‍സി ആസൂത്രണം ചെയ്യുന്ന വിക്ഷേപണങ്ങളുടെ വര്‍ദ്ധനവ് കണക്കിലെടുത്താണ് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയ്ക്ക് ശേഷമുള്ള രണ്ടാമത്തെ വിക്ഷേപണ കേന്ദ്രം  സ്ഥാപിക്കുന്നത്.ശ്രീഹരിക്കോട്ടയില്‍ തിരക്ക് കൂടിവരികയാണ്. അടുത്തിടെ, നവംബര്‍ 27 ന് ഇസ്റോ നിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് -3 വിക്ഷേപിച്ചത് 13 യുഎസ് നാനോ ഉപഗ്രഹങ്ങള്‍ കൂട്ടിച്ചേര്‍ത്താണ്. സെപ്റ്റംബറില്‍ ചന്ദ്രയാന്‍ -2 വിക്ഷേപിച്ചു,ചന്ദ്രനിലേക്കുള്ള രണ്ടാമത്തെ ദൗത്യം.

ശ്രീഹരിക്കോട്ടയിലേതിനേക്കാള്‍ ചെറുതായിരിക്കും തൂത്തുക്കുടി കേന്ദ്രം. പുതുതായി വികസിപ്പിച്ച സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ്എസ്എല്‍വി) വിക്ഷേപണം പ്രധാനമായും ഇങ്ങോട്ടു മാറ്റും. തിരുനെല്‍വേലി ജില്ലയിലെ മഹേന്ദ്രഗിരിയില്‍ ഇസ്റോയുടെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ (എല്‍പിഎസ്സി) പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അവിടെ പിഎസ്എല്‍വിക്കായി സ്റ്റേജ് എഞ്ചിനുകള്‍ കൂട്ടിച്ചേര്‍ത്തുവരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News