നിയമങ്ങളിലെ മാറ്റങ്ങള്‍ വില്ലനായി; യു.എസ് എച്ച്-1 ബി വീസ അപേക്ഷകളുടെ എണ്ണത്തില്‍ 40% കുറവ്
വീസയ്ക്ക് അപേക്ഷിക്കുന്ന എല്ലാവരോടും നീതിപുലര്‍ത്താനാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നതെന്നാണ് യു.എസിന്റെ വാദം
എച്ച്-1 ബി വീസയ്ക്കുള്ള അപേക്ഷകളുടെ എണ്ണം ഈ വര്‍ഷം ഏകദേശം 40 ശതമാനത്തിനടുത്ത് കുറഞ്ഞതായി യു.എസ്. സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യു.എസ്.സി.ഐ.എസ്). മാര്‍ച്ച് അവസാനം വരെ 470,342 അപേക്ഷകളാണ് ലഭിച്ചത്. മുന്‍വര്‍ഷത്തെ 758,994 അപേക്ഷകളില്‍ നിന്ന് 38 ശതമാനം ഇടിവ് രേഖപ്പെടുത്തി.
യു.എസില്‍ ജോലിക്ക് അപേക്ഷിച്ച വ്യക്തികളുടെ എണ്ണം 4.42 ലക്ഷമായിരുന്നു. മുന്‍ വര്‍ഷം ഇത് 4.46 ലക്ഷമായിരുന്നു. വ്യവസ്ഥിതിയെ വഞ്ചിക്കുന്ന ആളുകള്‍ക്കെതിരെ യു.എസ് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണ് ഈ ഇടിവിന് കാരണമെന്ന് യു.എസ്.സി.ഐ.എസ് അഭിപ്രായപ്പെട്ടു.
നിയമങ്ങളിലെ മാറ്റങ്ങള്‍ വില്ലനായി
എച്ച്-1 ബി വീസ അപേക്ഷകളില്‍ വരുത്തിയ മാറ്റങ്ങള്‍ വില്ലനായി മാറിയെന്നും യു.എസ്.സി.ഐ.എസ് അഭിപ്രായപ്പെട്ടു. പുതുക്കിയ നിയമമനുസരിച്ച് അമേരിക്കന്‍ തൊഴില്‍ വീസയ്ക്കായി ഒരാള്‍ക്ക് ഒരേസമയം ഒരു അപേക്ഷ മാത്രമേ നല്‍കാന്‍ സാധിക്കൂ. മുമ്പ് ചില ആളുകള്‍ നിരവധി അപേക്ഷകള്‍ സമര്‍പ്പിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍, എത്ര ജോലി വാഗ്ദാനങ്ങളുണ്ടെങ്കിലും ഓരോ വ്യക്തിക്കും ഒരു അപേക്ഷ മാത്രമേ സമര്‍പ്പിക്കാന്‍ കഴിയൂ.
തൊഴില്‍ വീസ അനുവദിക്കുമ്പോള്‍ ഉദ്യോഗാര്‍ത്ഥിയുടെ തൊഴിലിനിണങ്ങിയ യോഗ്യത നിര്‍ബന്ധമായും പരിഗണിക്കും. അതായത് ബിരുദം മാത്രം ഉള്ളവരെ മാനേജീരിയല്‍ തൊഴിലുകള്‍ക്കു പരിഗണിക്കാന്‍ സാധിക്കുകയില്ല. അവര്‍ക്ക് എം.ബി.എ നിര്‍ബന്ധമായും വേണ്ടിവരും. വീസയ്ക്ക് അപേക്ഷിക്കുന്ന എല്ലാവരോടും നീതിപുലര്‍ത്താനാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നതെന്നാണ് യു.എസിന്റെ വാദം.