നായിഡു നാലാമതും മുഖ്യമന്ത്രി, മകന്‍ ലോകേഷും മന്ത്രിയായി; പവന്‍ കല്യാണ്‍ ഉപമുഖ്യമന്ത്രി
44,000 കോടിയുടെ അമരാവതി തലസ്ഥാന പദ്ധതി വേഗത്തിലാകും
ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി തെലുഗു ദേശം പാര്‍ട്ടി തലവന്‍ എന്‍ ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ അബ്ദുല്‍ നാസര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇത് നാലാം തവണയാണ് നായിഡു ആന്ധ്രാ മുഖ്യമന്ത്രിയാകുന്നത്. ജനസേന പാര്‍ട്ടി നേതാവും നടനുമായ പവന്‍ കല്യാണ്‍ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു. നായിഡുവിന്റെ മകന്‍ നാറ ലോകേഷ് അടക്കം 25 പേരാണ് മന്ത്രിമാരായി സത്യപ്രത്ജ്ഞ ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ തുടങ്ങി നിരവധി നേതാക്കളുടെയും ആയിരക്കണക്കിന് പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. രാഷ്ട്രീയ പ്രമുഖര്‍ക്ക് പുറമെ സിനിമാ താരങ്ങളായ ചിരഞ്ജീവി, റാം ചരണ്‍, അല്ലു അര്‍ജുന്‍, ജൂനിയര്‍ എന്‍.ടി.ആര്‍, മോഹന്‍ ബാബു, തമിഴ് സൂപ്പര്‍ താരം രജനികാന്ത് എന്നിവരും ചടങ്ങിനെത്തി.
ചന്ദ്രബാബു നായിഡു നേതൃത്വം നല്‍കിയ എന്‍.ഡി.എ 175 ല്‍ 164 സീറ്റുകളും നേടിയാണ് ആന്ധ്രയില്‍ അധികാരത്തിലെത്തിയത്. നായിഡുവിന്റെ ടി.ഡി.പി 135 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 25ല്‍ 21 ലോക്‌സഭാ സീറ്റുകളും സഖ്യം നേടി. ഇതില്‍ 16 എണ്ണവും ടി.ഡി.പിക്കാണ്. എല്ലാ സഖ്യകക്ഷികള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം നടന്ന മുന്നണി യോഗത്തില്‍ നായിഡു പറഞ്ഞിരുന്നു.
അമരാവതിയെ തലസ്ഥാനമാക്കും, ചെലവ് 40,000 കോടി
ആന്ധ്രപ്രദേശിന്റെ തലസ്ഥാനം അമരാവതിയാക്കുകയെന്നത് നായിഡുവിന്റെ സ്വപ്‌ന പദ്ധതിയാണ്. ഇതില്‍ താത്പര്യമല്ലാതിരുന്ന മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ആന്ധ്രക്ക് മൂന്ന് തലസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചു. അമരാവതിയെ അവഗണിക്കുകയും ചെയ്തു. ഇത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. അമരാവതി മാത്രമായിരിക്കും സംസ്ഥാനത്തിന്റെ തലസ്ഥാനമെന്ന് നായിഡു കഴിഞ്ഞ ദിവസവും പ്രഖ്യാപിച്ചു.
അമരാവതിയെ തലസ്ഥാന നഗരമായി വികസിപ്പിക്കാന്‍ ഏതാണ്ട് 40,000 കോടി രൂപ ചെലവ് വരുമെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. സര്‍ക്കാര്‍ ഓഫീസുകളും അനുബന്ധ സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നതിന് 21,000 കോടി രൂപ ചെലവാകുമെന്നായിരുന്നു ആന്ധ്ര പ്രദേശ് ക്യാപിറ്റല്‍ റീജിയന്‍ ഡെവലപ്‌മെന്റ് അതോറിറ്റി നേരത്തെ കണക്കുകൂട്ടിയിരുന്നത്. ഇതനുസരിച്ച് 10,500 കോടി രൂപ ഇതിനോടകം അമരാവതിയില്‍ സര്‍ക്കാര്‍ നിക്ഷേപിച്ചിട്ടുണ്ട്.
ഭാവിയുടെ നഗരം
217 സ്‌ക്വയര്‍ കിലോമീറ്റര്‍ ചുറ്റളവില്‍ പരന്നുകിടക്കുന്ന അമരാവതി ഭാവിയുടെ നഗരമെന്നാണ് അറിയപ്പെടുന്നത്. ആന്ധ്രാ വിഭജനം കഴിഞ്ഞതിന് പിന്നാലെ 2015ലാണ് നായിഡു അമരാവതിയുടെ നിര്‍മാണം ആരംഭിക്കുന്നത്. നിയമസഭാ സാമാജികര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള താമസസ്ഥലങ്ങളുടെ നിര്‍മാണം തുടങ്ങിയെങ്കിലും പണി പൂര്‍ത്തിയായില്ല. നായിഡുവിന്റെ കാലത്ത് ഉദ്ഘാടനം നടന്ന ഹൈക്കോടതി, സെക്രട്ടറിയേറ്റ്, നിയമസഭാ മന്ദിരം എന്നിവ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. റോഡുകള്‍, ഓട തുടങ്ങിയ അടിസ്ഥാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടനെ ആരംഭിക്കും. നായിഡു അധികാരത്തിലെത്തിയതിന് പിന്നാലെ അമരാവതിയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലും വലിയ കുതിച്ചുചാട്ടമാണുണ്ടായത്. ഭൂമിയുടെ വിലയില്‍ വന്‍ വര്‍ധനവുണ്ടായെങ്കിലും വില്‍പ്പന കാര്യമായി നടന്നിട്ടില്ല. വില ഇനിയും വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് വില്‍പ്പന നടക്കാത്തതെന്നാണ് റിപ്പോര്‍ട്ട്. ആന്ധ്രയില്‍ നായിഡു തിരിച്ചെത്തിയതോടെ വന്‍ മാറ്റങ്ങള്‍ക്കാണ് അമരാവതി സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.