വരുന്നു ₹10,740 കോടിയുടെ മെട്രോ പദ്ധതി !കേരളത്തില്‍ നിന്നും ഒരു മണിക്കൂറില്‍ താഴെ ദൂരം, സൗത്ത് ഇന്ത്യയിലെ മാഞ്ചസ്റ്റര്‍ ഇനി വേറെ ലെവല്‍

രണ്ട് വര്‍ഷം കൊണ്ട് ഭൂമിയേറ്റെടുത്ത് അടുത്ത മൂന്ന് വര്‍ഷത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ആലോചന

Update:2024-12-28 11:14 IST

image credit : canva , CMRL

കേരള അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന കോയമ്പത്തൂര്‍ നഗരത്തിലും മെട്രോ റെയില്‍ പദ്ധതി വരുന്നു. അടുത്ത മാസങ്ങള്‍ക്കുള്ളില്‍ പ്രാഥമിക നിര്‍മാണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. 10,740 കോടി രൂപ ചെലവാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ചുമതല ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡിനാണ് (സി.എംആര്‍.എല്‍). രണ്ട് വര്‍ഷം കൊണ്ട് ഭൂമിയേറ്റെടുത്ത് അടുത്ത മൂന്ന് വര്‍ഷത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ആലോചിക്കുന്നത്. പദ്ധതിക്കുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കഴിഞ്ഞ ദിവസം സി.എം.ആര്‍.എല്‍ എം.ഡി സിദ്ധീഖ് എം.എ വ്യക്തമാക്കിയിരുന്നു.

34.8 കിലോമീറ്റര്‍ ദൂരത്തില്‍ മെട്രോ

കോയമ്പത്തൂര്‍ നഗരത്തിന്റെ 150 വര്‍ഷത്തെ ഭാവി കണക്കിലെടുത്ത് തയ്യാറാക്കുന്ന പദ്ധതിയാണ് മെട്രോ ട്രെയിനെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. കോയമ്പത്തൂരിലെ അവിനാശി റോഡില്‍ 20.4 കിലോമീറ്ററും സത്യമംഗലം റോഡില്‍ 14.4 കിലോമീറ്ററും ദൂരത്തിലാണ് മെട്രോയുടെ അലൈന്‍മെന്റ് തയ്യാറാക്കിയിരിക്കുന്നത്. റെയില്‍പാതക്ക് വേണ്ടി 10 ഹെക്ടറും അനുബന്ധ നിര്‍മാണത്തിന് 16 ഹെക്ടറും ഭൂമി ആവശ്യമായി വരും.
പദ്ധതി ചെലവിന്റെ 15 ശതമാനം വീതം തുക കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കാനാണ് ധാരണ. ബാക്കി തുക വായ്പയിലൂടെ കണ്ടെത്തും. മെട്രോ കടന്നുപോകുന്ന കോയമ്പത്തൂര്‍ ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനും ഉക്കടം, ഗാന്ധിപുരം ബസ് സ്റ്റേഷനുകളും കോടികള്‍ ചെലവിട്ട് നവീകരിക്കുകയും ചെയ്യും. 32 സ്‌റ്റേഷനുകളാകും ആദ്യ ഘട്ടത്തിലുണ്ടാവുക.

കോയമ്പത്തൂരിന് പുതിയ പ്രതീക്ഷ

സൗത്ത് ഇന്ത്യയിലെ മാഞ്ചസ്റ്റര്‍ എന്നറിയപ്പെടുന്ന കോയമ്പത്തൂര്‍ കേരളവുമായി അടുത്ത വ്യാപാര ബന്ധം സൂക്ഷിക്കുന്ന നഗരങ്ങളിലൊന്നാണ്. പാലക്കാട് വാളയാര്‍ അതിര്‍ത്തിയില്‍ നിന്നും ഒരു മണിക്കൂറില്‍ താഴെ യാത്ര ചെയ്താല്‍ കോയമ്പത്തൂരിലെത്താമെന്നതാണ് പ്രത്യേകത. വര്‍ഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന കോയമ്പത്തൂര്‍ വിമാനത്താവള നവീകരണം അടുത്തിടെ ആരംഭിച്ചിരുന്നു. മെട്രോ റെയില്‍ പദ്ധതി കൂടി വരുന്നതോടെ കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയിലെ പ്രധാന താവളം കൂടിയായ കോയമ്പത്തൂരിന്റെ വ്യാവസായിക പ്രാധാന്യം വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.
Tags:    

Similar News