കൊച്ചി വിമാനത്താവളത്തില്‍ താജ് ഹോട്ടലിന്റെ പ്രീമിയം ലക്ഷ്വറി സൗകര്യങ്ങള്‍ തുറന്നു

മാറുന്ന കാലത്തിനൊത്ത് നിരന്തരം നവീകരിക്കപ്പെട്ടാലെ നിലനില്‍പ്പുള്ളൂ: മുഖ്യമന്ത്രി

Update:2024-12-28 15:52 IST

താജ് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പഞ്ചനക്ഷത്ര ഹോട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു

മാറുന്ന കാലഘട്ടത്തിന് അനുസരിച്ച് നിരന്തരം നവീകരിക്കപ്പെടുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാത്രമേ നിലനില്‍പ്പുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിയാലിന്റെ പുതിയ സംരംഭമായ താജ് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവമാധ്യമങ്ങള്‍ നിത്യജീവിതത്തില്‍ സ്വാധീനം ചെലുത്തുന്ന ഇക്കാലത്ത് മികച്ച സേവനങ്ങള്‍ നല്‍കിയാല്‍ മാത്രം പോരാ. അവയുടെ ഗുണഫലങ്ങളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയണം. ഉല്‍പ്പന്നവും സേവനവും ജനങ്ങളിലേയ്ക്ക് എത്തിയ്ക്കാന്‍ പ്രൊഫഷണല്‍ മാര്‍ക്കറ്റിങ് വേണമെന്ന സിയാലിന്റെ സമീപനം മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ക്കറ്റിനെക്കുറിച്ച് മികച്ച ഗവേഷണം നടത്തിയശേഷം ആസൂത്രണത്തോടെ ഒരു പദ്ധതി നടപ്പിലാക്കിയാല്‍ അത് വലിയ വിജയമാകും എന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ സെപ്റ്റംബറില്‍ സിയാലില്‍ ആരംഭിച്ച 0484 എയ്റോ ലോഞ്ച്. 'ആര്‍ട്ട് ഓഫ് അഫോര്‍ഡബിള്‍ ലക്ഷ്വറി' എന്ന അതിന്റെ ആശയം അതിന്റെ ഉപയോക്താക്കളിലേയ്ക്ക് കൃത്യമായി എത്തിക്കാന്‍ സാധിച്ചു. വിനോദസഞ്ചാര വികസനത്തില്‍ ലോകത്ത് നടക്കുന്ന മാറ്റങ്ങളെക്കുറിച്ച് ബോധവാന്മാരായ നമ്മുടെ യാത്രക്കാര്‍ വളരുന്നതനനുസരിച്ച് നമ്മള്‍ നല്‍കുന്ന സേവനങ്ങളും പരിഷ്‌ക്കരിക്കപ്പെടണമെന്ന പശ്ചാത്തലത്തിലാണ്, സ്വന്തമായുള്ള ഭൂമിയുടെ വിനിയോഗം എന്ന ആശയത്തിലൂന്നി ഈ പഞ്ചനക്ഷത്ര ഹോട്ടല്‍ ഉടലെടുത്തത്.
ഇന്ത്യയില്‍ ഇത്തരം ഒരു ബിസിനസ് മാതൃകയില്‍ ഹോട്ടല്‍ സംരംഭം തുടങ്ങാന്‍ കഴിഞ്ഞിട്ടുള്ള രണ്ടാമത്തെ വിമാനത്താവളമായി സിയാല്‍. ഭാവി വികസനം ലക്ഷ്യമിട്ട് മൂന്നാം ടെര്‍മിനല്‍ വികസനം, ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ്, കമേഴ്സ്യല്‍ കോംപ്ലക്സ്, ഗോള്‍ഫ് ടൂറിസം പദ്ധതി എന്നിവയുള്‍പ്പെടെ വികസനം സിയാല്‍ നടത്തി വരികയാണ്. ഇവയെല്ലാം തന്നെ 2025-26 സാമ്പത്തികവര്‍ഷത്തില്‍ പൂര്‍ത്തിയാകും. ഇപ്പോള്‍ താജ് ഗ്രൂപ്പ് നടത്തിയതു പോലുള്ള അനുബന്ധ നിക്ഷേപവും കൊച്ചി വിമാനത്താവള മേഖലയിലേയ്ക്ക് ആകര്‍ഷിക്കപ്പെടും. കൂടുതല്‍ വിമാനകമ്പനികളെ ആകര്‍ഷിക്കുക, പ്രദേശികമായ കണക്ടിവിറ്റി വര്‍ധിപ്പിക്കുക, പരമാവധി സേവനങ്ങള്‍ ഡിജിറ്റൈസ് ചെയ്യുക, അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക, എം.ആര്‍.ഒ സേവനങ്ങള്‍ മെച്ചപ്പെടുത്തുക എന്നിവയിലൂടെ രാജ്യത്തിന്റെ പ്രവേശന കവാടമായി മാറുക എന്നതാണ് സിയാലിന്റെ ലക്ഷ്യം.
ആഘോഷ പരിപാടികള്‍ പൂര്‍ണമായും ഒഴിവാക്കി, ഔപചാരികമായി നടത്തിയ ചടങ്ങില്‍ മന്ത്രി പി.രാജീവ് അധ്യക്ഷനായിരുന്നു. സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ്, ജനപ്രതിനിധികള്‍, വിവിധ രംഗങ്ങളിലെ പ്രമുഖര്‍ എന്നിവരും സംബന്ധിച്ചു.
Tags:    

Similar News