മാളയില്‍ നിന്ന് ഓഹരി വിപണിയിലേക്കൊരു എന്‍ട്രി, കേരളത്തില്‍ നിന്നൊരു കമ്പനി കൂടി ലിസ്റ്റിംഗില്‍

2017ലാണ് കമ്പനി സ്ഥാപിതമാകുന്നത്. ചുരുങ്ങിയ കാലയളവില്‍ വിപണിയില്‍ തങ്ങളുടേതായ സ്ഥാനം കണ്ടെത്താന്‍ കമ്പനിക്ക് സാധിച്ചു

Update:2024-12-28 18:39 IST

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത് കേരളത്തില്‍ നിന്നൊരു കമ്പനി കൂടി. തൃശൂര്‍ മാളയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂമലയാളം സ്റ്റീല്‍ (NewMalayalam Steel) ആണ് എന്‍.എസ്.ഇ എസ്.എം.ഇ പ്ലാറ്റ്‌ഫോമില്‍ ലിസ്റ്റ് ചെയ്തത്. ഡിമാക് സ്റ്റീല്‍ എന്ന പേരില്‍ കേരളത്തിലും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും സ്റ്റീല്‍ ട്യൂബുകളും പൈപ്പുകളും നിര്‍മിച്ചു വില്‍ക്കുന്ന കമ്പനിയാണിത്.

ഓഹരിക്ക് 85-90 രൂപയിലായിരുന്നു ഈ മാസം 19 മുതല്‍ 23 വരെ നടന്ന പ്രാരംഭ ഓഹരി വില്പന. ഐ.പി.ഒയിലൂടെ 41.76 കോടി രൂപ സമാഹരിക്കാന്‍ കമ്പനിക്ക് സാധിച്ചു. ആകെ വില്പനയ്ക്ക് വച്ച ഓഹരികളുടെ എണ്ണം 46.40 ലക്ഷമായിരുന്നു. ലഭിച്ച അപേക്ഷകള്‍ 22.35 കോടി ഓഹരികള്‍ക്കുള്ളതും. ലക്ഷ്യമിട്ടതിലും 50.73 ശതമാനം അധികമായിരുന്നു അപേക്ഷകര്‍.

ലക്ഷ്യം വൈവിധ്യവല്‍ക്കരണം

നിര്‍മാണ മേഖലയില്‍ ഉപയോഗിക്കുന്ന വിവിധതരം പൈപ്പുകളും നിര്‍മാണ മെറ്റീരിയലുകളും ഉത്പാദിപ്പിക്കുന്ന കമ്പനി കൂടുതല്‍ വിപുലീകരണ ലക്ഷ്യത്തോടെയാണ് ലിസ്റ്റ് ചെയ്തത്. ഫാക്ടറി വിപുലീകരിക്കാനും മറ്റ് മൂലധന ആവശ്യങ്ങള്‍ക്കും ഐ.പി.ഒയിലൂടെ ലഭിക്കുന്ന തുക ഉപയോഗിക്കും. മറ്റ് വിപണികളിലേക്ക് കൂടുതല്‍ മത്സരക്ഷമതയോടെ പ്രവേശിക്കാനും കമ്പനിക്കു ലക്ഷ്യമുണ്ട്.

2017ലാണ് കമ്പനി സ്ഥാപിതമാകുന്നത്. ചുരുങ്ങിയ കാലയളവില്‍ വിപണിയില്‍ തങ്ങളുടേതായ സ്ഥാനം കണ്ടെത്താന്‍ കമ്പനിക്ക് സാധിച്ചു. സെപ്റ്റംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് 140 ജീവനക്കാരാണ് കമ്പനിക്കുള്ളത്. സെപ്റ്റംബര്‍ 30 വരെയുള്ള അര്‍ധവാര്‍ഷികത്തില്‍ വരുമാനം 154.21 കോടി രൂപയും ലാഭം 5.19 കോടി രൂപയുമാണ്.

മാനേജിങ് ഡയറക്ടര്‍ വാഴപ്പിള്ളി ഡേവിസ് വര്‍ഗീസ്, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ദിവ്യകുമാര്‍ ജെയിന്‍, അങ്കുര്‍ ജെയിന്‍, മഹേന്ദ്രകുമാര്‍ ജെയിന്‍, മോളി വര്‍ഗീസ്, സിറിയക് വര്‍ഗീസ് എന്നിവരാണ് കമ്പനിയുടെ മുഖ്യ പ്രൊമോട്ടര്‍മാര്‍. 85.50 രൂപയാണ് നിലവിലെ ഓഹരിവില. 147.81 കോടി രൂപയാണ് വിപണിമൂല്യം.
Tags:    

Similar News