ചെന്നൈ മെട്രോ 118 കിലോമീറ്റര്‍ കൂടി നീളും, 128 പുതിയ സ്റ്റേഷനുകള്‍; വിപുലീകരണത്തിന് കേന്ദ്ര അനുമതി
63,246 കോടിയുടെ പദ്ധതി, 2027 ല്‍ പൂര്‍ത്തീകരണം
മൂന്ന് റെയില്‍വെ ഇടനാഴികളിലായി 118.9 കിലോമീറ്റര്‍ കൂടി റെയില്‍പാളങ്ങള്‍; 128 പുതിയ സ്റ്റേഷനുകള്‍. ചെന്നൈ മെട്രോ റെയിലിന്റെ ബൃഹത്തായ രണ്ടാം ഘട്ട വിപുലീകരണ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയായി. കേന്ദ്ര നഗരകാര്യ മന്ത്രാലയം സമര്‍പ്പിച്ച ശുപാര്‍ശക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അംഗീകാരം നല്‍കിയത്. 63,246 കോടി ചിലവു വരുന്ന പദ്ധതി 2027 ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ ചെന്നൈ മെട്രോയുടെ ദുരം 173 കിലോമീറ്ററായി വളരും. 18,544 കോടി രൂപയാണ് ഇതുവരെ ചെന്നൈ മെട്രോക്കായി ചെലവിട്ടത്.
നഗരത്തെ ബന്ധിപ്പിച്ച് മൂന്ന് ഇടനാഴികള്‍
ചെന്നൈ നഗരത്തില്‍ 50 കിലോമീറ്ററിനുള്ളില്‍ മൂന്ന് റെയില്‍വെ ഇടനാഴികളായാണ് രണ്ടാംഘട്ട വിപുലീകരണം. മാധവാരം മുതല്‍ സിപ്‌കോട്ട് (sipcot) വരെ 45.8 കിലോമീറ്ററിലാണ് പുതിയ ലൈന്‍ വരുന്നത്. ഇതില്‍ 50 സ്റ്റേഷനുകളുണ്ടാകും. ലൈറ്റ്ഹൗസ് മുതല്‍ പൂനാമാലി ബൈപ്പാസ് വരെ 26.1 കിലോമീറ്ററിന്റെ പുതിയ പാതയില്‍ 30 സ്റ്റേഷനുകളാണുള്ളത്. മാധവാരം-ഷോളിംഗനല്ലൂര്‍ ലൈനില്‍ 47 കിലോമീറ്ററിലായി 48 സ്‌റ്റേഷനുകള്‍. നഗരത്തിന്റെ നാലു വശങ്ങളെയും ബന്ധിപ്പിക്കുന്ന രീതിയിലാണ് രണ്ടാം ഘട്ട വികസനം നടക്കുക. നഗത്തിലെ പ്രധാന കേന്ദ്രങ്ങളായ മാധവാരം, പേരാമ്പൂര്‍, തിരുമല, അഡയാര്‍, ഷോളിംഗനല്ലൂര്‍, സിപ്‌കോട്ട്, കോടമ്പാക്കം, വടപളനി, പോരൂര്‍, വില്ലിവാക്കം, അണ്ണാനഗര്‍, സെന്റ് തോമസ് മൗണ്ട് എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് പുതിയ ലൈനുകള്‍ വരുന്നത്.
ഐ.ടി വ്യവസായത്തിനും ഗുണകരം
ചെന്നൈയിലെ വളര്‍ന്നു വരുന്ന ഐ.ടി വ്യവസായത്തിനും മെട്രോയുടെ വികസനം ഗുണം ചെയ്യും. തെക്കന്‍ ചെന്നൈയിലെ ഐ.ടി ഹബ്ബായി മാറുന്ന ഷോളിംഗനല്ലൂരുമായി മെട്രോ ബന്ധിപ്പിക്കപ്പെടുന്നത് ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും സഹായമാകും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകാതെ തുടങ്ങാനാണ് തമിഴ്നാട് സര്‍ക്കാര്‍ ആലോചിക്കുന്നത്. പദ്ധതിക്ക് അനുമതി നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ മുഖ്യമന്ത്രി സ്റ്റാലിന്‍ നന്ദി അറിയിച്ചു. തമിഴ്‌നാട്ടിലെ ജനങ്ങളുടെ ഏറെകാലമായുള്ള ആവശ്യത്തിനാണ് അംഗീകാരം ലഭിച്ചതെന്നും പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.