ലോകത്തിലെ ഓരോ മനുഷ്യനും 40 മാസ്‌കുകള്‍ നിര്‍മിച്ച് ചൈന!

ചൈനീസ് പ്രവിശ്യയില്‍ നിന്ന് പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് ലോകത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയപ്പോള്‍ ലോക മാസ്‌ക് വിപണിയെ കാല്‍ക്കീഴിലാക്കിയതും ചൈന തന്നെ

Update:2021-01-14 15:28 IST

കോവിഡ് മഹാമാരിക്കാലത്തെ കയറ്റുമതി വിപണിയിലെ ചൈനീസ് മേല്‍ക്കോയ്മയുടെ ചിത്രം പുറത്തുവിട്ട് പുതിയ കണക്കുകള്‍. മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ചൈനീസ് ഫേസ് മാസ്‌ക് കമ്പനികള്‍ ചൈനയ്ക്കുപുറത്തുള്ള വിദേശ വിപണികളിലേക്ക് കയറ്റി അയച്ചത് 224 ബില്യണ്‍ മാസ്‌കുകളാണ്. അതായത്, ലോകത്തിലെ ഓരോ മനുഷ്യനും 40 മാസ്‌കുകള്‍ക്ക് സമാനം. ചൈനയുടെ ഔദ്യോഗിക വക്താക്കള്‍ തന്നെയാണ് ഈ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. വ്യക്തിഗത സുരക്ഷയ്ക്കുള്ള 100 ബില്യണ്‍ യുവാന്‍ മൂല്യമുള്ള സാധനസാമഗ്രികള്‍ കോവിഡ് മഹാമാരിക്കാലത്ത് ചൈന കയറ്റുമതി ചെയ്തു. ഇക്കാലത്ത് മെഡിക്കല്‍ എക്വിപ്‌മെന്റ്, മരുന്ന് കയറ്റുമതിയില്‍ 31 ശതമാനം വര്‍ധനയും ഉണ്ടായി.

മാസ്‌ക്, ഹോസ്പിറ്റല്‍ സ്യൂട്ട്, ഗൗണ്‍, വെന്റിലേറ്ററുകള്‍, വര്‍ക്ക് ഫ്രം ഹോം എക്വിപ്‌മെന്റ്‌സ് എന്നിവയുടെ ഉയര്‍ന്ന ഡിമാന്റാണ് 2020 ല്‍ ചൈനയുടെ കയറ്റുമതി വര്‍ധനയ്ക്ക് കാരണമായത്. കോവിഡ് ഇപ്പോഴും പല ലോകരാജ്യങ്ങളിലും പടര്‍ന്നുപിടിക്കുന്നത് ചൈനയുടെ മാസ്‌ക് കയറ്റുമതി രംഗത്തിന് തുടര്‍ന്നും നേട്ടമാകും. അമേരിക്കയിലും യൂറോപ്പിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത് ചൈനീസ് സാമഗ്രികള്‍ക്ക് വരും മാസങ്ങളിലും ഡിമാന്റ് ഉയര്‍ത്തുക തന്നെ ചെയ്യുമെന്നാണ് ഈ രംഗത്തെ നിരീക്ഷകര്‍ പറയുന്നത്.


Tags:    

Similar News