അക്കാര്യം ഇന്ത്യക്കാരെ പഠിപ്പിക്കരുത്, ഓട്ടോമൊബൈല്‍ നിക്ഷേപങ്ങള്‍ സൂക്ഷിച്ചുമതിയെന്ന് ചൈനീസ് കമ്പനികള്‍ക്ക് നിര്‍ദ്ദേശം
ആഗോള തലത്തില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നുണ്ടെങ്കിലും ഇലക്ട്രിക് വാഹനങ്ങളുടെ പ്രധാന ഭാഗങ്ങളുടെ നിര്‍മാണം ചൈനയില്‍ തന്നെ തുടരാനാണ് നിര്‍ദ്ദേശം
ഇന്ത്യന്‍ ഓട്ടോമൊബൈല്‍ രംഗത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുന്നത് ഒഴിവാക്കണമെന്ന് ചൈനീസ് വ്യവസായ വകുപ്പ് പന്ത്രണ്ടോളം ചൈനീസ് കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. ഇലക്ട്രിക് വാഹന രംഗത്തെ ചൈനീസ് സാങ്കേതിക വിദ്യകള്‍ സംരക്ഷിക്കാനും ചൈനീസ് കമ്പനികള്‍ ആഗോളതലത്തില്‍ വികസിക്കുമ്പോഴുണ്ടാകുന്ന വെല്ലുവിളികള്‍ മറികടക്കാനുമാണ് ചൈനയുടെ നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള തലത്തില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നുണ്ടെങ്കിലും ഇലക്ട്രിക് വാഹനങ്ങളുടെ പ്രധാന ഭാഗങ്ങളുടെ നിര്‍മാണം ചൈനയില്‍ തന്നെ തുടരണമെന്നും നിര്‍ദ്ദേശമുണ്ട്. ചൈനയില്‍ നിര്‍മിച്ച ഭാഗങ്ങള്‍ വിവിധ രാജ്യങ്ങളിലെത്തിച്ച് കൂട്ടിച്ചേര്‍ത്താല്‍ മതി. ഇത് ചൈനീസ് നിര്‍മിത ഇ.വികളുടെ വില നിയന്ത്രിക്കാനും സാങ്കേതിക വിദ്യ മറ്റാരും അടിച്ചുമാറ്റാതിരിക്കാനും സഹായിക്കുമെന്നും വ്യവസായ വകുപ്പിന്റെ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.
ചൈനീസ് കമ്പനികളായ ബി.വൈ.ഡി കോ, ചെറി ഓട്ടോമൊബൈല്‍ കോ എന്നിവര്‍ സ്‌പെയിന്‍, തായ്‌ലാന്‍ഡ്, ഹംഗറി തുടങ്ങിയ രാജ്യങ്ങളില്‍ പുതിയ ഫാക്ടറികള്‍ തുടങ്ങാനുള്ള പദ്ധതിയിലാണ്. പ്രധാന ഭാഗങ്ങള്‍ ചൈനയില്‍ നിര്‍മിച്ച് ഇവിടുത്തെ ഫാക്ടറികളില്‍ കൂട്ടിയോജിപ്പിക്കാനാണ് കമ്പനികളുടെ നീക്കം. എന്നാല്‍ ഇന്ത്യയുടെയും തുര്‍ക്കിയുടെയും പേരെടുത്ത് പറഞ്ഞ ചൈനീസ് വ്യവസായ വകുപ്പ് ഈ രണ്ട് രാജ്യങ്ങളിലെയും നിക്ഷേപം സൂക്ഷിച്ചുമതിയെന്നും ഉപദേശിച്ചു. തുര്‍ക്കിയില്‍ നിക്ഷേപം നടത്തുന്നതിന് മുമ്പ് വ്യവസായ-ഐടി മന്ത്രാലയത്തിന്റെയും തുര്‍ക്കിയിലെ ചൈനീസ് എംബസിയുടെയും അനുമതി തേടണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
നിര്‍ദ്ദേശം ചൈനീസ് കമ്പനികള്‍ക്ക് പണിയാകും
അതേസമയം, പുതിയ നിര്‍ദ്ദേശം ചൈനീസ് കമ്പനികളുടെ വളര്‍ച്ചയ്ക്ക് തടസമാകുമെന്നാണ് വിലയിരുത്തല്‍. ആഗോള വിപണിയില്‍ ചൈനീസ് കമ്പനികള്‍ കൂടുതല്‍ വിപുലീകരണത്തിന് ഒരുങ്ങുന്നതിനിടെയാണ് പ്രധാന ഭാഗങ്ങള്‍ ചൈനയില്‍ തന്നെ നിര്‍മിക്കണമെന്ന അധികൃതരുടെ വിചിത്ര നിര്‍ദ്ദേശമെത്തിയത്. ചൈനയില്‍ നിന്നുള്ള വിദേശനിക്ഷേപം സാമ്പത്തിക വളര്‍ച്ചയ്ക്കും തൊഴില്‍ രൂപീകരണത്തിനും വേണ്ടി ഉപയോഗിക്കാമെന്ന് കരുതുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ ഇക്കാര്യം അംഗീകരിക്കാന്‍ ഇടയില്ല. തുര്‍ക്കിയില്‍ ഒരു ഫാക്ടറി നിര്‍മിക്കാനുള്ള പദ്ധതിയെക്കുറിച്ച് ബി.വൈ.ഡി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. 1.5 ലക്ഷം കാറുകള്‍ ഉത്പാദിപ്പിക്കാനും 5,000 പേര്‍ക്ക് തൊഴില്‍ നല്‍കാനും സാധിക്കുന്ന ഫാക്ടറിയാണിത്.
അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ ബിസിനസിലും
2020ല്‍ അതിര്‍ത്തിയിലുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് തകരാറിലായ ഇന്ത്യ-ചൈന നയതന്ത്ര ബന്ധം വ്യാപാര രംഗത്തെയും ബാധിച്ചിരുന്നു. ഇന്ത്യയിലെ പ്രമുഖ ചൈനീസ് കമ്പനിയായ എം.ജി മോട്ടോര്‍ ഇന്ത്യയെ നിയന്ത്രിക്കുന്ന സൈക്ക് മോട്ടോര്‍ കോര്‍പ്പിന്റെ ( SAIC Motor Corp) സാമ്പത്തിക ഇടപാടുകളില്‍ രണ്ട് വര്‍ഷം മുമ്പ് ഇന്ത്യന്‍ ഏജന്‍സികള്‍ അന്വേഷണം പ്രഖ്യാപിച്ചതും ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍. ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയാണ് സൈക്ക് മോട്ടോര്‍ കോര്‍പ്പ്. നിലവില്‍ രണ്ട് ചൈനീസ് കാര്‍ നിര്‍മാണ കമ്പനികളാണ് ഇന്ത്യയിലുള്ളത്. എം.ജി മോട്ടോര്‍ ഇന്ത്യയില്‍ തന്നെ വാഹനങ്ങള്‍ നിര്‍മിച്ച് വില്‍ക്കുമ്പോള്‍, ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത വാഹനങ്ങളാണ് ബി.വൈ.ഡി വില്‍ക്കുന്നത്.