ഓണം ‘പൊളി’യാക്കാൻ കൈ നീട്ടി, കെഞ്ചി ഭക്ഷ്യ വകുപ്പ്

വിതരണക്കാർ ഉടക്കിൽ; കുടിശിക പകുതി നൽകാതെ സാധനം കിട്ടില്ല

Update:2024-08-09 07:35 IST

Image : Supplyco website

ഒരാഴ്ച കഴിഞ്ഞാൽ ചിങ്ങം പിറന്നു. സെപ്തംബർ 15നാണ് തിരുവോണം. വയനാട് ദുരന്തത്തിൽ നിന്ന് ഏറെ അകലെയല്ലാതെയാണ് ഓണം. അതുകൊണ്ട് ഔദ്യോഗികമായ ആഘോഷങ്ങൾക്ക് പൊലിമ കുറയും. എങ്കിലും വേദന തൽക്കാലം മറന്ന് ഓണത്തെ മലയാളി വരവേൽക്കും. അത്രമേൽ വൈകാരിക ബന്ധമാണ് ഓണവുമായ മാവേലി നാടിന്. കാണം വിറ്റും ഓണമുണ്ണാൻ ശീലിച്ച കേരളത്തിന് അരിയും പലവ്യഞ്ജനങ്ങളും പതിവുപോലെ ലഭ്യമാക്കാനുള്ള തത്രപ്പാടിലാണ് സംസ്ഥാന ഭക്ഷ്യവകുപ്പ്. എന്നാൽ ധനവകുപ്പു കനിഞ്ഞില്ലെങ്കിൽ പണി പാളും.
500 കോടി അനുവദിക്കണമെന്ന് ധനവകുപ്പിനോട്
സിവിൽ സപ്ലൈസ് കോർപറേഷനു കീഴിലുള്ള സപ്ലൈകോ ഷോപ്പുകളിൽ ഓണക്കാലത്ത് സാധനങ്ങൾ എത്തിക്കാനും ഓളം മേളകൾ നടത്താനും 500 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ധനവകുപ്പിന് കത്തു നൽകിയിരിക്കുകയാണ് ഭക്ഷ്യ വകുപ്പ്. ഓണക്കാലത്തേക്ക് സപ്ലൈകോക്ക് അനുവദിച്ചത് 100 കോടിയാണ്. കരാറുകാർക്ക് 680 കോടിയാണ് കുടിശിക. ഇതിൽ പകുതിയെങ്കിലും നൽകാതെ സഹകരിക്കാൻ പറ്റില്ലെന്ന വാശിയിൽ നിൽക്കുകയാണ് കരാറുകാർ. വിതരണക്കാരുമായി ചർച്ച നടത്തി അനുനയിപ്പിക്കാൻ കഴിയാതെ പോ​യ ഭക്ഷ്യവകുപ്പിന് അവരുടെ ആവശ്യം ന്യായമാണെന്ന് ബോധ്യമുണ്ട്. 13 ഇനം സബ്സിഡി സാധനങ്ങളാണ് കരാറുകാർ മുഖേന ലഭ്യമാക്കേണ്ടത്. ഈ സാഹചര്യത്തിലാണ് 500 കോടി ധനവകുപ്പിനോട് ചോദിച്ചിരിക്കുന്നത്.
ഓണക്കിറ്റ് എല്ലാവർക്കുമില്ല
5.87 ലക്ഷം വരുന്ന മഞ്ഞ കാർഡ് ഉടമകൾക്കും 28,683 ക്ഷേമകേന്ദ്രങ്ങളിലെ അന്തേവാസികൾക്കും മാത്രമായി ഓണക്കിറ്റ് ഇത്തവണയും പരിമിതപ്പെടുത്തും. പക്ഷേ, ഇതിനു പോലും സാധനങ്ങൾ സപ്ലൈകോ ഷോപ്പുകളിൽ ഇല്ല. റേഷനരി കൂടുതൽ അനുവദിക്കണമെന്നാണ് താൽപര്യം. കേന്ദ്രസർക്കാർ കനിഞ്ഞിട്ടില്ല. ഓണം സ്​പെഷലായി 10.9 രൂപ നിരക്കിൽ 10 കിലോഗ്രാം അരിയാണ് നീല, വെള്ള കാർഡുകൾക്ക് മുൻവർഷങ്ങളിൽ നൽകിയത്. കേന്ദ്ര വിഹിതം കുറഞ്ഞതിനാൽ കഴിഞ്ഞ വർഷം അത് അഞ്ചു കിലോഗ്രാമായി കു​റക്കേണ്ടി വന്നിരുന്നു.
Tags:    

Similar News