കോവിഡ്: ട്രയലില്‍ വന്‍ പ്രതീക്ഷയേകി യു.എസ് കമ്പനിയുടെ മരുന്ന്

Update: 2020-04-17 13:07 GMT

കൊറോണ വൈറസ് കഠിനമായി ബാധിച്ച ഒട്ടേറെ രോഗികളില്‍ യു.എസ് കമ്പനിയുടെ പരീക്ഷണാത്മക മരുന്ന് വിജയകരമെന്ന് അവകാശ വാദം. റെംഡെസിവിര്‍ എന്ന മരുന്നാണ് മികച്ച ഫലം കാണിക്കുന്നതെന്നും ഇതുപയോഗിച്ചുള്ള ചികില്‍സയിലൂടെ രോഗികള്‍ വേഗത്തില്‍ സുഖം പ്രാപിച്ചുവരുന്നുണ്ടെന്നം സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

മരുന്നിന്റെ ക്ലിനിക്കല്‍ ട്രയലില്‍ പങ്കെടുക്കുന്ന രോഗികള്‍ക്കെല്ലാം കടുത്ത ശ്വാസകോശ ലക്ഷണങ്ങളും പനിയുമുണ്ടായിരുന്നുവെങ്കിലും ഒരാഴ്ചയ്ക്കുള്ളില്‍ ചികിത്സ കഴിഞ്ഞ് ആശുപത്രി വിടാന്‍ സാധിച്ചുവെന്ന് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടറെ ഉദ്ധരിച്ച് സിഎന്‍എന്‍ അറിയിച്ചു.'ഞങ്ങളുടെ മിക്ക രോഗികളും ഇതിനകം ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു. ഞങ്ങളുടെ രണ്ട് രോഗികള്‍ മാത്രമേ മരിച്ചിട്ടുള്ളൂ,' ക്ലിനിക്കല്‍ ട്രയലിന് നേതൃത്വം നല്‍കുന്ന ഷിക്കാഗോ സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി വിദഗ്ധനായ ഡോ. കാത്ലീന്‍ മുള്ളന്‍ പറഞ്ഞു.

അംഗീകൃത മരുന്നോ ചികിത്സയോ ഇതുവരെയില്ല കോവിഡ് -19 ന്. ഇത് ചില രോഗികളില്‍ കടുത്ത ന്യൂമോണിയയ്ക്കും 'അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോമി'നും കാരണമാകും. നിരവധി മരുന്നുകളുടെയും മറ്റ് ചികിത്സകളുടെയും പരീക്ഷണങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്. അവയില്‍ ഒന്നാണ് റിമെഡെസിവിര്‍. ഗിലെയാദ് സയന്‍സസ് കമ്പനി നിര്‍മ്മിച്ച ഈ മരുന്ന് എബോളയ്ക്കെതിരെ പരീക്ഷിച്ചപ്പോള്‍ ചെറിയ വിജയം രേഖപ്പെടുത്തിയിരുന്നു.

കോവിഡ് -19 മായി ബന്ധപ്പെട്ട കൊറോണ വൈറസുകളായ സാര്‍സ് (സെവെര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം), മെര്‍സ് (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം) എന്നിവയെ തടയാനും ചികിത്സിക്കാനും ഈ മരുന്നിന് കഴിയുമെന്ന് മൃഗങ്ങളില്‍ നടത്തിയ ഒന്നിലധികം പഠനങ്ങള്‍ തെളിയിച്ചിരുന്നു.അതേത്തുടര്‍ന്നാണ് മനുഷ്യരിലെ ട്രയലിന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് അനുമതി നല്‍കിയത്.

എന്തായാലും സി എന്‍ എന്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഗിലെയാദ് സയന്‍സസ് ഓഹരികള്‍ക്ക് 16 ശതമാനം വില ഉയര്‍ന്നു. മരുന്നിന്റെ ഫലപ്രാപ്തി സംബന്ധിച്ച് അന്തിമ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ ഡാറ്റയുടെ മൊത്തത്തിലുള്ള വിശകലനം നടത്തേണ്ടതുണ്ടെന്ന് കമ്പനി സമ്മതിച്ചു.ഗുരുതരമായി രോഗബാധിതരായ മൂന്നില്‍ രണ്ട് ഭാഗം പേര്‍ക്ക് റിമെഡെസിവിര്‍ ചികിത്സയ്ക്ക് ശേഷം മികച്ച ഗുണഫലമുണ്ടായതായി സൂചിപ്പിക്കുന്ന വിശകലനം ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ചിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News