ജില്ലാ ബാങ്കുകള്‍ക്കായി അമിത് ഷായുടെ നീക്കം; ലക്ഷ്യം നല്ലതെങ്കിലും പ്രഹരം കേരളത്തിലെ സഹകരണ മേഖലയ്ക്ക്?
പുതിയ ജില്ലാ ബാങ്കുകള്‍ സ്ഥാപിക്കാന്‍ മൂലധനവും അടിസ്ഥാന സൗകര്യങ്ങളും ഒന്നില്‍ നിന്ന് കണ്ടെത്തേണ്ടി വരും
ബാങ്കിംഗ് സംവിധാനത്തിന്റെ ഗുണഫലം എല്ലാവരിലേക്കും എത്തിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ ജില്ലകളിലും ജില്ലാ സഹകരണ ബാങ്കുകള്‍ നിര്‍ബന്ധമാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. അമിത് ഷായുടെ കീഴിലുള്ള കേന്ദ്ര സഹകരണ മന്ത്രാലയമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ജില്ലാ സഹകരണ ബാങ്കുകള്‍ നിര്‍ബന്ധമാക്കുന്നത് ഗ്രാമീണ മേഖലയിലടക്കം ഗുണം ചെയ്യുമെങ്കിലും കേരളത്തിലെ സഹകരണ മേഖലയെ സംബന്ധിച്ച് അത്ര ഗുണകരമാകില്ല തീരുമാനം.
കേരള ബാങ്കിന് തിരിച്ചടി
സംസ്ഥാനത്ത് ജില്ലാ ബാങ്കുകളെ ലയിപ്പിച്ചാണ് കേരള ബാങ്ക് രൂപീകരിച്ചത്. വലിയ നിയമപോരാട്ടങ്ങള്‍ക്കും റിസര്‍വ് ബാങ്കിന്റെ അനുമതിക്കും ശേഷമായിരുന്നു കേരള ബാങ്ക് യാഥാര്‍ത്ഥ്യമായത്. ജില്ലാ ബാങ്കുകളായി പ്രവര്‍ത്തിച്ചിരുന്നവ പിന്നീട് കേരള ബാങ്കിന്റെ ഭാഗമായി മാറി.
വീണ്ടും ജില്ലാ ബാങ്കുകള്‍ രൂപീകരിക്കേണ്ടി വന്നാല്‍ സാമ്പത്തികമായും രാഷ്ട്രീയപരമായും അത് കേരളത്തിലെ സഹകരണ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കും. നിലവില്‍ 823 ശാഖകളും 5,000ത്തിലേറെ ജീവനക്കാരും കേരള ബാങ്കിനുണ്ട്. ജില്ലാ ബാങ്കുകള്‍ രൂപീകരിക്കേണ്ടി വന്നാല്‍ നിലവിലുള്ള ജീവനക്കാരെ വിട്ടുകൊടുക്കേണ്ടി വരുമെന്ന ഭയം കേരള ബാങ്ക് അധികൃതര്‍ക്കുണ്ട്.
പ്രാഥമിക സഹകരണ ബാങ്കുകളാണ് കേരള ബാങ്കിലെ അംഗങ്ങള്‍. ഇത് വീണ്ടും ജില്ലാ ബാങ്കിലേക്ക് മാറ്റേണ്ടിവരും. ജില്ലാ ബാങ്കുകളുടെ ആസ്തികളെല്ലാം കേരള ബാങ്കിലേക്ക് മാറ്റിയിരുന്നു. ഇത് വീണ്ടും മാറ്റുക പ്രായോഗികമല്ല. പുതിയ ജില്ലാ ബാങ്കുകള്‍ സ്ഥാപിക്കാന്‍ മൂലധനവും അടിസ്ഥാന സൗകര്യങ്ങളും ഒന്നില്‍ നിന്ന് കണ്ടെത്തേണ്ടി വരും.
ചുമതല നബാര്‍ഡിന്
എല്ലാ ജില്ലകളിലും സഹകരണ ബാങ്കുകള്‍ രൂപീകരിക്കാനുള്ള കര്‍മപദ്ധതി തയാറാക്കാന്‍ നബാഡിനെയാണ് കേന്ദ്രസര്‍ക്കാര്‍ ചുമതല ഏല്പിച്ചിരിക്കുന്നത്. സഹകരണ മേഖലയില്‍ കൊണ്ടുവരേണ്ട മാറ്റങ്ങളും സാധ്യതകളും പഠിക്കാന്‍ 48 ദേശീയ സമിതിയും കേന്ദ്രം രൂപീകരിച്ചിരുന്നു. ഇവര്‍ നടത്തുന്ന യോഗങ്ങള്‍ക്കും മേഖലാതല ശില്പശാലകള്‍ക്കും ശേഷമായിരിക്കും കേന്ദ്രത്തിന്റെ അടുത്ത നീക്കം.