എസ്.യു.വിക്കാണ് ഇപ്പോൾ പ്രിയം; കൂടുതൽ വിറ്റഴിച്ചത് ഇവയാണ്
42,495 യൂണിറ്റുകളുടെ മൊത്തം വിൽപ്പന
ജൂണിൽ കോംപാക്റ്റ് എസ്.യു.വി സെഗ്‌മെന്റിലെ വില്‍പ്പനയില്‍ ഇന്ത്യയില്‍ ഗണ്യമായ വളർച്ച രേഖപ്പെടുത്തി. 42,495 യൂണിറ്റുകളാണ് മൊത്തം വിൽപ്പന നടന്നത്. 2023 ജൂണിൽ വിറ്റ 35,805 യൂണിറ്റുകളില്‍ നിന്ന് 18.68 ശതമാനം വർധനയാണ് ഇത്.
ക്രെറ്റയും ഗ്രാൻഡ് വിറ്റാരയും മുന്നില്‍
ഹ്യൂണ്ടായ് ക്രെറ്റ 16,293 യൂണിറ്റുകളാണ് വിറ്റഴിച്ചത്, കഴിഞ്ഞ വർഷം ജൂണില്‍ 14,447 യൂണിറ്റുകളാണ് ക്രെറ്റയുടെ വിറ്റത്, 12.78 ശതമാനം വളർച്ചയാണ് നേടിയത്. 38.34% വിപണി വിഹിതമാണ് ക്രെറ്റയ്ക്ക് ഉളളത്. 9,679 യൂണിറ്റ് വിൽപ്പനയുമായി മാരുതി ഗ്രാൻഡ് വിറ്റാരയാണ് തൊട്ടുപിന്നിൽ. 22.78 ശതമാനം വിപണി വിഹിതമാണ് ഗ്രാൻഡ് വിറ്റാരയ്ക്കുളളത്. മുൻവർഷം ജൂണിലെ 10,486 യൂണിറ്റുകളിൽ നിന്ന് 7.70 ശതമാനത്തിന്റെ നേരിയ ഇടിവും കമ്പനി നേരിട്ടു.
കിയ സെൽറ്റോസും ശ്രദ്ധേയമായ വളർച്ച കൈവരിച്ചു. കഴിഞ്ഞ വർഷത്തെ 3,578 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ 6,306 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. 76.24 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയത്.
ടൊയോട്ട ഹൈറൈഡറും 2024 ജൂണിൽ 4,275 യൂണിറ്റുകളുടെ വിൽപ്പനയോടെ മികച്ച നേട്ടം സ്വന്തമാക്കി, മുൻ വർഷത്തെ 2,821 യൂണിറ്റുകളിൽ നിന്ന് 51.54% വർധനയാണ് ഹൈറൈഡറിനുളളത്. 10.06 ശതമാനം വിപണി വിഹിതം ഇത് നേടി. 5.06 ശതമാനം വിപണി വിഹിതവുമായി ഹോണ്ട എലിവേറ്റ് 2,151 യൂണിറ്റുകളുടെ വിൽപ്പനയാണ് രേഖപ്പെടുത്തിയത്.