ശമ്പളത്തേക്കാള്‍ വലിയ റിട്ടയര്‍മെന്റ് തുകയോ? മാധബി ബുച്ചിനെതിരെ വീണ്ടും ആരോപണം
ഐ.സി.ഐ.സി.ഐ ബാങ്കിനോട് വ്യക്തമായ വിശദീകരണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
ഓഹരി വിപണി നിയന്ത്രണ സ്ഥാപനമായ സെബിയില്‍ എത്തിയ ശേഷം മാധബി പുരി ബുച്ച് ഐ.സി.ഐ.സി.ഐ ബാങ്കില്‍ നിന്ന് സ്വീകരിച്ച കോടികള്‍ ഏതു കണക്കില്‍ പെടുത്തണം? റിട്ടയര്‍മെന്റ് കണക്കിലാണെന്ന് ബാങ്ക് പറയുന്നത് കോണ്‍ഗ്രസിന് സ്വീകാര്യമായിട്ടില്ല. ബാങ്ക് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത നല്‍കണമെന്ന് പ്രധാന പ്രതിപക്ഷ പാര്‍ട്ടി ആവശ്യപ്പെട്ടു.
സെബിയിലെ നിയമനവും ബാങ്ക് നല്‍കിയ അധിക ആനുകൂല്യങ്ങളും ബന്ധപ്പെട്ടു കിടക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ബാങ്ക് ഉദ്യോഗസ്ഥ എന്ന നിലയിലുള്ള ശമ്പളവുമായി പൊരുത്തപ്പെടുന്നതല്ല റിട്ടയര്‍മെന്റിനു ശേഷം നല്‍കിയ പണം. നല്‍കിയ തുകയും, അതു നല്‍കിയ കാലയളവും പൊരുത്തപ്പെടുന്നില്ല. വിരമിച്ചതിനു തൊട്ടുപിന്നാലെ 2014-15 കാലയളവില്‍ മാധബി ബുച്ച് ഐ.സി.ഐ.സി.ഐയില്‍ നിന്ന് 5.03 കോടി രൂപ കൈപ്പറ്റി. അത് റിട്ടയര്‍മെന്റ് ആനുകൂല്യത്തിന്റെ ഭാഗമാണ്. 2015-16ല്‍ തുകയൊന്നും കിട്ടിയിട്ടില്ല. 2016-17ല്‍ റിട്ടയര്‍മെന്റ് ആനുകൂല്യം പുനരാരംഭിച്ച് 2021 വരെ തുടരുന്നത് എങ്ങനെയാണ് -കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ചോദിച്ചു.
2007 മുതല്‍ 2013-14 വരെ മാധബി ബുച്ച് വാങ്ങിയ ശരാശരി ശമ്പളം 1.3 കോടി രൂപയാണ്. എന്നാല്‍ 2016-17 മുതല്‍ 2020-21 വരെ ഐ.സി.ഐ.സി.ഐ ബാങ്ക് നല്‍കിയ റിട്ടയര്‍മെന്റ് ആനുകൂല്യം പ്രതിവര്‍ഷം 2.77 കോടിയോളം രൂപയാണ്. ശമ്പളത്തേക്കാള്‍ വലിയ റിട്ടയര്‍മെന്റ് തുകയോ? -ഖേര ചോദിച്ചു.