പെറ്റ് ഫുഡ് നല്‍കിയില്ല : ഓണ്‍ലൈന്‍ വ്യാപാരിക്ക് ₹10,000 പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ എറണാകുളം ജില്ല ഉപഭോക്തൃ കമ്മീഷന്റേതാണ് ഉത്തരവ്
ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്ത സാധനം യഥാസമയം എത്തിച്ചു നല്‍കാത്തതിനെ തുടര്‍ന്ന് വ്യാപാരിക്ക് 10,000 രൂപ പിഴയിട്ട് ഉപഭോക്തൃ പരാതി പരിഹാര കമ്മിഷന്‍. ഉപഭോക്താവിന് 20,000 രൂപ 9% പലിശയും ചേര്‍ത്ത് നഷ്ടപരിഹാരം നല്‍കണമെന്നാണ് എറണാകുളം ജില്ല ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്.
പള്ളുരുത്തി സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ഹരിഗോവിന്ദ് സമര്‍പ്പിച്ച പരാതിയിലാണ് ചെന്നൈയിലെ ജെ.ജെ. പെറ്റ് സോണ്‍ എന്ന ഓണ്‍ലൈന്‍ സ്ഥാപനം 20,000 രൂപ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കണമെന്ന് ഡി.ബി. ബിനു അദ്ധ്യക്ഷനായ ഉപഭോക്തൃ കോടതി ഉത്തരവിട്ടത്.
സംഭവം ഇങ്ങനെ
മൃഗ സ്‌നേഹിയായ ഹരിഗോവിന്ദ് 5,517 രൂപ നല്‍കി 10 കിലോ വരുന്ന രണ്ട് പാക്കറ്റ് 'പപ്പി ഡ്രൈ ഫുഡ് 'ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തു. ഡെലിവറി ചാര്‍ജ് ഈടാക്കാതെ രണ്ട് ദിവസത്തിനകം ഉത്പന്നം വീട്ടിലെത്തിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ പറഞ്ഞ സമയത്ത് ഓര്‍ഡര്‍ ലഭിച്ചില്ല. വ്യാപാരിയെ ബന്ധപ്പെടാന്‍ പല തവണ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്നാണ് സേവനത്തിലെ പോരായ്മ ചൂണ്ടിക്കാണ്ടി അപേക്ഷ നല്‍കിയത്. കൊറിയര്‍ കമ്പനിയെ പഴിചാരി രക്ഷപെടാന്‍ വ്യാപാരി ശ്രമിച്ചെങ്കിലും ഈ കൊമേഴ്‌സ് ചട്ടപ്രകാരം വില്‍പ്പനക്കാരന് സാധനം യഥാസമയം എത്തിക്കുന്നതില്‍ ബാദ്ധ്യത ഉണ്ടെന്ന് ഉത്തരവിൽ കോടതി വ്യക്തമാക്കി. പരാതിക്കാരന് മന:ക്ലേശവും നഷ്ടവും സംഭവിച്ചുവെന്നും കമ്മീഷന്‍ വിലയിരുത്തി.
ഉത്തരവിന്റെ തീയതി മുതല്‍ 30 ദിവസത്തിനകം ഉത്പന്നത്തിന്റെ വിലയായ 5,517 രൂപയും കേസിനായി ചെലവായ 5,000 രൂപയും കൂടാതെ 10,000 രൂപ നഷ്ടപരിഹാരവും ഉൾപ്പെടെ 20,517 രൂപയും 9% പലിശയും ചേര്‍ത്ത് നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.