ചൈനയെ ശിക്ഷിക്കാനുള്ള വഴികള്‍ തേടുന്നു: ട്രംപ്

Update: 2020-04-30 07:25 GMT

ലോകമെമ്പാടും കൊറോണ വൈറസ് പടരാന്‍ അനുവദിച്ചതിന് തക്കതായ ശിക്ഷ ചൈനീസ് സര്‍ക്കാരിനു നല്‍കുന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍ താന്‍ ആലോചിക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലൂടെ തന്നെ പുറത്താക്കാന്‍ ബീജിംഗ് ശ്രമിക്കുന്നതായും റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ആരോപിച്ചു.

കൊറോണ വൈറസ് വ്യാപനം കൈകാര്യം ചെയ്തതില്‍ ചൈനീസ് സര്‍ക്കാര്‍ വരുത്തിയ പിഴവിലൂടെ 4,600 ല്‍ അധികം പൗരന്മാരെ കൊന്നൊടുക്കിയെന്ന ആരോപണവും ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു. എന്ത് ശിക്ഷാനടപടികളാണ് ചൈനയ്ക്കു നേരെ സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞില്ല. 'എനിക്ക് ധാരാളം കാര്യങ്ങള്‍ ചെയ്യാനാകും.'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കൊറോണ വൈറസ് പ്രതിസന്ധിയാലുള്ള സാമ്പത്തിക തകര്‍ച്ച മൂലം ചൈനയുമായുള്ള യുഎസ് വ്യാപാര കരാര്‍ വളരെ മോശമായ അവസ്ഥയിലായിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.

അതേസമയം, യുഎസ് സമ്പദ്വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിട്ട മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ ട്രംപ് ഭരണകൂടത്തിനു പറ്റിയ വീഴ്ച സംബന്ധിച്ച വിമര്‍ശനങ്ങള്‍ നേരിടുന്നതിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചൈനയെ വില്ലനായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന അഭിപ്രായം രാജ്യത്ത് ശക്തമാകുന്നുണ്ട്. 55 ശതമാനം അമേരിക്കക്കാരും  മഹാമാരിയെ ട്രംപ് നേരിട്ട രീതി അംഗീകരിക്കുന്നില്ലെന്ന് എന്‍പിആര്‍ / പിബിഎസ് ന്യൂസ് അൗവര്‍ / മാരിസ്റ്റ് വോട്ടെടുപ്പില്‍ വ്യക്തമായി.

വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട വൈറസിനു പിന്നില്‍ അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥരാണെന്ന്് ചൈനയുടെ വിദേശകാര്യ മന്ത്രാലയം വക്താവ് സോഷ്യല്‍ മീഡിയയില്‍ രേഖപ്പെടുത്തിയതോടെയാണ് ട്രംപ് ചൈനയ്‌ക്കെതിരെ ആഞ്ഞടിക്കാന്‍ തുടങ്ങിയത്.വൈറസ് പടര്‍ന്നുകൊണ്ടിരിക്കെ വുഹാനില്‍നിന്ന് ലോകമെമ്പാടും ചൈന വിമാനം പറത്തിയെന്നും അതേസമയം, രാജ്യത്തിനകത്ത് അവര്‍ വിമാനം പറത്തിയില്ലെന്നും ട്രംപ് ആരോപിച്ചു. ചൈനയുടെ കുഴലൂത്തുകാരായി ലോകാരോഗ്യ സംഘടന മാറിയെന്നും ട്രംപ് കുറ്റപ്പെടുത്തിയപ്പോള്‍ കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവെച്ചുകൊണ്ട് ചൈന ലോകത്തിന് ഭീഷണിയായെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്കല്‍ പോംപിയോയും പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News