370 ഡീസല്‍ 'വെള്ളാനകള്‍'! കെ.എസ്.ആര്‍.ടി.സി യുടെ പുതിയ നീക്കം തലതിരിവോ?

നിലവിലെ നിയമമനുസരിച്ച്, 2029 ന് ശേഷം ഡീസല്‍ ബസുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കേണ്ടതുണ്ട്

Update:2024-10-29 10:55 IST

Image courtsey: onlineksrtcswift.com

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി) 370 ഡീസൽ ബസുകൾ വാങ്ങുമെന്നാണ് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. അഞ്ച് വർഷത്തിനകം ഡീസൽ ബസുകൾ ഘട്ടംഘട്ടമായി നിർത്തലാക്കുമെന്ന് കേന്ദ്രസർക്കാർ അസന്നിഗ്ധമായി മുന്നറിയിപ്പ് നല്‍കിയതിന് ശേഷമാണ് മന്ത്രിയുടെ ഈ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്.
സംസ്ഥാന സർക്കാർ നല്‍കുന്ന 90 കോടി രൂപ ഉപയോഗിച്ചാണ് ഈ ബസുകള്‍ വാങ്ങുന്നത്. കേന്ദ്ര ചട്ടങ്ങൾക്ക് വിരുദ്ധമായി 15 വർഷത്തിലധികം പഴക്കമുള്ള ഡീസൽ ബസുകൾ ഉപയോഗിക്കുന്നതിന് കെ.എസ്.ആർ.ടി.സി കോടതിയിൽ വെല്ലുവിളികൾ നേരിടേണ്ടി വരുമെന്ന് നിയമവിദഗ്ധര്‍ പറയുന്നു. നിലവിലെ നിയമമനുസരിച്ച്, 2029 ന് ശേഷം ഡീസല്‍ ബസുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കേണ്ടതുണ്ട്.

സംസ്ഥാന സർക്കാരിൻ്റെ ഇ.വി നയത്തിന് എതിര്

ഡീസൽ ബസുകൾ വാങ്ങാനുള്ള കെ.എസ്.ആർ.ടി.സി യുടെ തീരുമാനം 2019 ൽ പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിൻ്റെ ഇലക്ട്രിക് വെഹിക്കിൾ (ഇ.വി) നയത്തിന് തികച്ചും വിരുദ്ധമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സർക്കാർ വകുപ്പുകൾ പുതിയ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുകയോ വാടകയ്ക്ക് എടുക്കുകയോ ചെയ്യണമെന്ന് നിർബന്ധിക്കുന്നതാണ് നയം. കെ.എസ്.ആർ.ടി.സി 165 ഇലക്ട്രിക് ബസുകൾ വാങ്ങിയത് ഈ നയം പിന്തുടർന്നാണ്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലെ ഡീസൽ ബസുകൾ ഘട്ടംഘട്ടമായി നിർത്തലാക്കി ഈ നഗരങ്ങളെ ഗ്രീൻ സോണുകളാക്കി മാറ്റുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. ഇലക്ട്രിക് ബസുകൾ സാമ്പത്തികമായി ലാഭകരമല്ലെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞതിന് പിന്നാലെ തിരുവനന്തപുരത്തേക്ക് 100 ഇലക്‌ട്രിക് ബസുകൾ കൂടി ഏറ്റെടുക്കാനുള്ള പദ്ധതി നിർത്തിവച്ചിരിക്കുകയാണ്.

ഇലക്ട്രിക് ബസുകള്‍ 50,000 ആക്കി ഉയർത്തും

2027 ഓടെ രാജ്യത്തെ ഇലക്ട്രിക് ബസുകളുടെ എണ്ണം 7,800 ൽ നിന്ന് 50,000 ആക്കി ഉയർത്താനാണ് കേന്ദ്രസർക്കാരിന് പദ്ധതിയുളളത്. ഈ വർഷം പ്രധാനമന്ത്രി ഇ-വെഹിക്കിൾ പദ്ധതിയുടെ (പി.എം-ഇബസ് സേവ) ഭാഗമായി കേന്ദ്രസർക്കാർ 14,000 ഇലക്ട്രിക് ബസുകൾക്കാണ് സംസ്ഥാനങ്ങൾക്ക് സബ്‌സിഡി സഹായം നൽകുന്നത്.
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഫെയിം (FAME) I, II സ്കീമുകൾ പ്രകാരം കേരളത്തിന് 950 ഇലക്ട്രിക് ബസുകൾ അനുവദിച്ചിരുന്നു. എന്നാൽ ഈ വിഹിതത്തിൽ സംസ്ഥാനം താൽപ്പര്യം പ്രകടിപ്പിച്ചില്ല. ഫെയിം II സ്കീമിൽ 6,862 ഇലക്ട്രിക് ബസുകളാണ് വിവിധ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്തത്. അതേസമയം പി.എം ഇ-വെഹിക്കിൾ പദ്ധതിയിൽ കേരളത്തെ ഉൾപ്പെടുത്തിയിരുന്നില്ല.
Tags:    

Similar News