ധാരാവിയില്‍ പിടിമുറുക്കി കൊറോണ; മുംബൈയില്‍ കടുത്ത നിയന്ത്രണങ്ങള്‍

Update: 2020-04-09 12:24 GMT

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ ധാരാവി ചേരിയില്‍ കൊറോണ വൈറസ് അനിയന്ത്രിതമാകുന്നതായുള്ള ആശങ്ക മുറുകുന്നു. മുംബൈയില്‍ നിന്ന് 143 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ  മഹാരാഷ്ട്ര സംസ്ഥാനത്തെ മൊത്തം കോവിഡ് -19 രോഗികളുടെ എണ്ണം 1300 ഓളമായി. ധാരാവി ചേരി പൂര്‍ണമായും അടയ്ക്കുന്നത് പരിഗണനയിലാണെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു.

മുംബൈയില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്.നഗരത്തിലെ എട്ടു നിരത്തുകള്‍ അടച്ചു.അടുത്ത 5 ദിവസം മുംബൈയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമാണെന്ന്് അധികൃതര്‍ പറയുന്നു. സാമൂഹിക വ്യാപനം വ്യക്തമായാല്‍ കൂടുതല്‍ കടുത്ത നടപടികള്‍ വേണ്ടിവരും.
രാജ്യത്ത് ആയിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ഏക സംസ്ഥാനം മഹാരാഷ്ട്രയാണ്. മൊത്തം കേസുകളില്‍ 85 ശതമാനവും മുംബൈ മെട്രോപൊളിറ്റന്‍ റീജിയനില്‍ നിന്നും (എംഎംആര്‍) പൂനെ ജില്ലയില്‍ നിന്നുമാണ്. ധാരാവിയില്‍ അഞ്ച് പേര്‍ കൂടി പോസിറ്റീവ് ആയി. ഇതോടെ പ്രദേശത്തെ മൊത്തം കൊറോണ വൈറസ് രോഗികളുടെ എണ്ണം  ഒരാഴ്ചയ്ക്കകം  പതിമൂന്ന് ആയി. രണ്ട് മരണങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ചേരി പ്രദേശങ്ങളില്‍ നിന്നുള്ള മൂവായിരത്തോളം പേര്‍ 14 ദിവസത്തേക്ക് നിര്‍ബന്ധിത ഹോം ക്വോറന്റൈനിലാണ്.

രാജ്യത്തിന്റെയാകെയും ലോകാരോഗ്യസംഘടന ഉള്‍പ്പെടെ അന്താരാഷ്ട്ര ഏജന്‍സികളുടെയും ശ്രദ്ധ ധാരാവിയിലേക്കു തിരിഞ്ഞിട്ടുണ്ട്. ഒരു ദശലക്ഷം ആളുകള്‍ താമസിക്കുന്ന മിക്കവാറും വൃത്തിഹീനമായ 520 ഏക്കര്‍ സ്ഥലം കൊറോണ വൈറസിന്റെ ' ടൈം ബോംബ് ' തന്നെയാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. ചൈനയിലെ വുഹാന്‍ പോലെ ധാരാവിയില്‍ സമൂഹ വ്യാപനം ഉണ്ടായാല്‍ കാര്യങ്ങള്‍ കൈവിട്ടു പോവുമെന്നും മുംബൈക്കും അപ്പുറത്തേക്ക് രാജ്യത്തിനാകെ പുതിയ വെല്ലുവിളിയായി ഇത് മാറുമെന്നുമുള്ള ഭീതിയിലാണ്  അധികൃതര്‍.

ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവിയെ വൈറസില്‍ നിന്നു പ്രതിരോധിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരും നഗര ഭരണം നിയന്ത്രിക്കുന്ന ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനും (ബിഎംസി) കടുത്ത നടപടികളാണു സ്വീകരിച്ചിട്ടുള്ളത്. പക്ഷേ, ജനസാന്ദ്രതയുടെ ആധിക്യവും, ശുചീകരണ പ്രവര്‍ത്തനങ്ങളുടെ അപര്യാപ്തതയും തികഞ്ഞ വെല്ലുവിളികളുയര്‍ത്തുന്നു. ക്രമിനലുകളുടെ അധിവാസ ഭൂമിയിലെ അച്ചടക്ക രാഹിത്യമാണ് അതിലേറെ അധികൃതര്‍ക്കു തലവേദനയായി മാറുന്നത്. നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നത് അപൂര്‍വം.സാമൂഹിക അകലം പാലിക്കല്‍ ധാരാവിയെ സംബന്ധിച്ചിടത്തോളം പ്രായോഗികമാകുന്നില്ല.

കോവിഡ് ബാധയുടെ തിരിച്ചടികളെച്ചൊല്ലി ജനങ്ങള്‍ വലിയ  ഭയത്തിലാണെന്ന് ധാരാവിയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രസ്ഥാനമായ അകോണ്‍ ഫൗണ്ടേഷന്റെ ഡയറക്ടര്‍ വിനോദ് ഷെട്ടി പറഞ്ഞു.സാമ്പത്തിക പ്രത്യാഘാതങ്ങള്‍ അവരെ വല്ലാതെ സമ്മര്‍ദ്ദത്തിലാക്കുന്നു.ആരോഗ്യ പ്രവര്‍ത്തകര്‍ ചേരി നിവാസികളിലെ  രോഗലക്ഷണങ്ങള്‍ പരിശോധിക്കുന്നതിനായി തുടര്‍ച്ചയായി സര്‍വേ നടത്തുന്നുണ്ട്.മഹാരാഷ്ട്ര സര്‍ക്കാരിന്റെ ആരോഗ്യ വകുപ്പിന് കീഴില്‍ മാത്രം നാലായിരത്തോലം ആരോഗ്യപ്രവര്‍ത്തരാണ് ധാരാവി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരുന്നത്.

ധാരാവിയില്‍ കൊറോണ ബാധിച്ച് മരിച്ചയാള്‍ക്ക് വൈറസ് ബാധയേറ്റത് കേരളത്തില്‍ നിന്നെത്തിയ മലയാളികളില്‍ നിന്നാണെന്നാണ് മുംബൈ പോലീസ് പറയുന്നത്.നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ മാര്‍ച്ച് 25 ന് മുംബൈയില്‍ എത്തിയിരുന്നു. ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് പുറമെ പോലീസും കോര്‍പറേഷന്‍ അധികൃതരും 24 മണിക്കൂറും സ്ഥലത്ത് സേവനം തുടരുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News