കൊറോണ ബാധിത പ്രദേശങ്ങളിലെ പേപ്പര്‍ കറന്‍സികള്‍ നശിപ്പിക്കാനൊരുങ്ങി ചൈന

Update: 2020-02-17 11:49 GMT

കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നുള്ള പേപ്പര്‍ കറന്‍സികള്‍ നശിപ്പിക്കാരുങ്ങുകയാണ് ചൈന എന്ന് റിപ്പോര്‍ട്ട്. ചൈനീസ് സെന്‍ട്രല്‍ ബാങ്കാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. ആശുപത്രികള്‍ സ്വീകരിച്ച കറന്‍സികളാണ് പ്രധാനമായും നശിപ്പിക്കുക എന്ന് ചൈനീസ് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തോടെ ബസുകളിലും വിപണികളിലുമുള്‍പ്പെടെ സുരക്ഷിതമായ പണം കൈമാറ്റത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ ഉറപ്പാക്കുമെന്നും ബാങ്ക് വ്യക്തമാക്കി.

പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി ചൈനീസ് സാമ്പത്തിക വാര്‍ത്താ ഔട്ട് ലെറ്റ് കെയ്ക്‌സിനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൊറോണ വൈറസ് നാശം വിതച്ച എല്ലാ പ്രദേശങ്ങളില്‍ നിന്നുമുള്ള പേപ്പര്‍ കറന്‍സികള്‍ ശേഖരിച്ച് നശിപ്പിക്കാന്‍ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന ഉത്തരവിട്ടിട്ടുണ്ട്. ഇത്തരം പ്രവിശ്യകളിലെ കമേഴ്‌സ്യല്‍ ബാങ്കുകള്‍ നോട്ടുകള്‍ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയ്ക്ക് നശിപ്പിക്കുന്നതിനായി കൈമാറും.

600 ബില്യണ്‍ യുവാനാണ് ജനുവരി 17ന് ശേഷം രാജ്യത്ത് കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ളതെന്ന് സെന്‍ട്രല്‍ ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ അറിയിച്ചിരുന്നു. ഇതില്‍ നാല് ബില്യണ്‍ യുവാന്‍ പുതിയ നോട്ടുകളാണ്. ഇവ പുതുവര്‍ഷത്തിന് മുന്നോടിയായി വുഹാനിലേക്ക് അയച്ചിട്ടുള്ളതാണെന്നും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പേപ്പര്‍ കറന്‍സികള്‍ നശിപ്പിക്കാനുള്ള ഉത്തരവ് സെന്‍ട്രല്‍ ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ഫാന്‍ യിഫേ പുറപ്പെടുവിക്കുന്നത്. ഉയര്‍ന്ന വെളിച്ചത്തിലോ അള്‍ട്രാ വയ് ലറ്റ് രശ്മികള്‍ ഉപയോഗിച്ചോ ആയിരിക്കും നോട്ടുകള്‍ നശിപ്പിക്കുകയെന്നാണ് ബാങ്ക് വ്യക്തമാക്കിയിട്ടുള്ളത്.

ചൈനീസ് സെന്‍ട്രല്‍ ബാങ്ക് കൃത്യമായി പഴയ കറന്‍സികളും നാണയങ്ങളും ശേഖരിച്ച് നശിപ്പിക്കുന്നതിനൊപ്പം പുതിയ കറന്‍സി വിപണിയിലിറക്കുകയും ചെയ്യും. എന്നാല്‍ ഇത് പണവിനിമയത്തെ ബാധിക്കില്ലെന്നാണ് ചൈനീസ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News