ഇന്ത്യക്കാരുടെ 'തീന്‍മേശയിലെ പ്രതികാരം' പണമാക്കാന്‍ കോര്‍പറേറ്റുകള്‍, ഒരുങ്ങുന്നത് വമ്പന്‍ ശൃംഖലകള്‍
കോര്‍പറേറ്റ് കമ്പനികളായ ആദിത്യ ബിര്‍ള, റിലയന്‍സ്, ടാറ്റ ഗ്രൂപ്പ്, അദാനി ഗ്രൂപ്പ് എന്നിവര്‍ റെസ്റ്റോറന്റ് രംഗത്തേക്കുമെത്തി
ഇന്ത്യയില്‍ കോര്‍പറേറ്റ് കമ്പനികളുടെ നേതൃത്വത്തിലുള്ള റെസ്റ്റോറന്റ് ശൃംഖലകള്‍ വ്യാപകമാകുന്നു. നേരത്തെ കുടുംബ-വ്യക്തിഗത ബിസിനസുകളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഇന്ത്യന്‍ റെസ്റ്റോറന്റ് മേഖലയിലുണ്ടായ കുതിപ്പ് മുതലെടുത്താണ് കോര്‍പറേറ്റുകളുടെ വരവ്. കോവിഡ് കാലത്ത് വീട്ടിലിരുന്ന ജനങ്ങള്‍ നിയന്ത്രണങ്ങള്‍ അവസാനിച്ചതോടെ ഭക്ഷണത്തില്‍ പരീക്ഷണം നടത്താനും പുറത്തുനിന്ന് ഭക്ഷണം കഴിക്കാനും കൂടുതലായി താത്പര്യം കാട്ടുന്നുണ്ട്. റിവഞ്ച് ഈറ്റിംഗ് ( പ്രതികാര തീറ്റ) എന്ന് വിളിക്കുന്ന ഈ പ്രവണതയാണ് റെസ്റ്റോറന്റ് രംഗത്തെ മാറ്റത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. ഇതോടെ കോര്‍പറേറ്റ് കമ്പനികളായ ആദിത്യ ബിര്‍ള, റിലയന്‍സ്, ടാറ്റ ഗ്രൂപ്പ്, അദാനി ഗ്രൂപ്പ് എന്നിവര്‍ റെസ്റ്റോറന്റ് രംഗത്തേക്കുമെത്തി.
വമ്പന്‍ ശൃംഖലകള്‍
ആദിത്യ ബിര്‍ള ന്യൂ ഏജ് ഹോസ്പിറ്റാലിറ്റി വെഞ്ചേഴ്‌സ് (എ.ബി.എന്‍.എ.എച്ച്) അടുത്തിടെ കെ.എ ഹോസ്പിറ്റാലിറ്റിയെന്ന കമ്പനിയെ ഏറ്റെടുത്തിരുന്നു. പ്രമുഖ പാചക വിദഗ്ധരുടെ സഹായത്തോടെ അഞ്ച് പ്രീമിയം റെസ്റ്റോറന്റ് ബ്രാന്‍ഡുകളാണ് ഇന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പിന് സ്വന്തമായുള്ളത്. ലോകത്തെ ഏറ്റവും വലിയ കോഫി ബ്രാന്‍ഡുകളിലൊന്നായ സ്റ്റാര്‍ബക്ക്‌സ് ഇന്ത്യയില്‍ ടാറ്റ ഗ്രൂപ്പുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്ത് 440 കഫേകള്‍ സ്റ്റാര്‍ബക്‌സിനുണ്ടെന്നാണ് കണക്ക്. 2028ല്‍ രാജ്യത്ത് ആയിരം കഫേകള്‍ തുറക്കുമെന്നാണ് സ്റ്റാര്‍ബക്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്.
റിലയന്‍സ് ഗ്രൂപ്പുമായി ചേര്‍ന്നാണ് ബ്രിട്ടീഷ് കോഫി, സാന്‍ഡ്‌വിച്ച് ബ്രാന്‍ഡായ പ്രെറ്റ് എ മാനേജര്‍ (pret a manager) ന്റെ പ്രവര്‍ത്തനം. നിലവില്‍ 13 സ്റ്റോറുകളുള്ള ബ്രാന്‍ഡ് അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 100 സ്‌റ്റോറുകള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ ഇറ്റാലിയന്‍ ആഡംബര കോഫി ബ്രാന്‍ഡായ അര്‍മാനി കഫേയുമായും (Armani Caffe) റിലയന്‍സിന് ഇന്ത്യയില്‍ സഹകരണമുണ്ട്. കഴിഞ്ഞ മാസമാണ് ഇന്ത്യയിലെ ആദ്യ അര്‍മാനി കഫേ മുംബൈയില്‍ തുടങ്ങിയത്. ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പും ഈ രംഗത്ത് സജീവമാകാനുള്ള ഒരുക്കത്തിലാണ്. മാനുവല്‍ സിഗ്‌നേച്ചര്‍ കഫേ എന്ന പേരില്‍ കോഫി ഷോപ്പും ടബേമോനോ ട്രൂ അരോമാസ് പ്രൈവറ്റ് ലിമിറ്റഡ് (ടി.ടി.എ.പി.എല്‍) എന്ന പേരില്‍ ഹോസ്പിറ്റാലിറ്റി രംഗത്തെ കമ്പനിയും അദാനി ഗ്രൂപ്പിനുണ്ട്.
5.7 ലക്ഷം കോടിയുടെ വിപണി
നാഷണല്‍ റെസ്റ്റോറന്റ് അസോസിയേഷന്‍ ജൂലൈയില്‍ പുറത്തുവിട്ട കണക്കുപ്രകാരം ശരാശരി ഇന്ത്യന്‍ ഉപയോക്താവ് മാസത്തില്‍ 3.7 തവണ പുറത്തുപോയി ഭക്ഷണം കഴിക്കുന്നുണ്ട്. ഓണ്‍ലൈന്‍ വഴി ശരാശരി 4.7 തവണ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നുമുണ്ട്. ഓണ്‍ലൈന്‍ ഇനത്തില്‍ 1,300 രൂപയും റെസ്റ്റോറന്റുകളിലെത്തി 1,000 രൂപയുമാണ് ശരാശരി ഇന്ത്യക്കാരന്‍ ചെലവിടുന്നത്. വീട്ടില്‍ ഭക്ഷണമുണ്ടാക്കി കഴിക്കുന്നതിനൊപ്പം ആളുകള്‍ക്ക് പുറത്തുപോയോ ഓര്‍ഡര്‍ ചെയ്‌തോ ഭക്ഷണം കഴിക്കാനും താത്പര്യമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ഈ റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഫുഡ് സര്‍വീസ് വിപണി നിലവില്‍ 5.7 ലക്ഷം കോടി രൂപയുടേതാണ്. മേഖലയില്‍ 8.1 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചയുണ്ടാകുമെന്നും (സി.എ.ജി.ആര്‍) റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 85.5 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന മേഖല 33,000 കോടി രൂപയിലധികം നികുതിയടയ്ക്കുന്നുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വലിയ സാധ്യത
ഇന്ത്യന്‍ റെസ്റ്റോറന്റ് മേഖല വരും വര്‍ഷങ്ങളില്‍ വലിയ വളര്‍ച്ച നേടുമെന്നാണ് പ്രവചനം. അതിവേഗത്തിലുള്ള നഗരവത്കരണം, ശക്തമായ ജി.ഡി.പി വളര്‍ച്ച, യുവജനങ്ങളുടെ എണ്ണം കൂടുന്നത്, ഉപയോക്താക്കളുടെ താത്പര്യങ്ങളിലെ മാറ്റം എന്നിവ കാരണമായി ഇന്ത്യയിലെ റെസ്റ്റോറന്റ് മേഖല 7.76 ലക്ഷം കോടിയുടെ വിപണിയായി മാറും. എന്നാല്‍ സംഘടിത മേഖല (organised segment) 13.2 ശതമാനം വളര്‍ച്ച നേടി 2028ആകുമ്പോള്‍ ആകെ വിപണിയുടെ 52.9 ശതമാനവും സ്വന്തമാക്കും. അസംഘടിത മേഖലയുടെ വിഹിതം 47.1 ശതമാനമായി കുറയുമെന്നും നാഷണല്‍ റെസ്റ്റോറന്റ് അസോസിയേഷന്റെ കണക്കുകള്‍ പറയുന്നു. 2028 ആകുമ്പോള്‍ 1.3 കോടി ആളുകള്‍ക്ക് തൊഴില്‍ നല്‍കാനും ഈ മേഖലയ്ക്കാകും.