രാജ്യത്തെ കോവിഡ് കേസുകള്‍ 59 ദിവസത്തിനിടെ ഏറ്റവും താഴ്ന്ന നിലയില്‍

കോവിഡ് രണ്ടാം തരംഗത്തില്‍ മരണപ്പെട്ടവരില്‍ അധികവും ഗ്രാമീണമേഖലയില്‍ നിന്നുള്ളവരെന്ന് റിപ്പോര്‍ട്ട്

Update: 2021-06-05 04:52 GMT

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 59 ദിവസത്തിനിടെ ഏറ്റവും താഴ്ന്നനിലയാണ് രാജ്യത്തെ പ്രതിദിന കേസുകളുടെ എണ്ണം. പ്രതിദിന മരണനിരക്കും 44 ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിട്ടുണ്ട്. 24 മണിക്കൂറിനിടെ 1,20,529 പേര്‍ക്ക് പുതുതായി കോവിഡ് ബാധിച്ചപ്പോള്‍ 2,261 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി പ്രതിദിന കേസുകള്‍ 1,38,169 ആണ്. മെയ് എട്ടിലെ 3,91,263 എന്ന പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിന്റെ മൂന്നിലൊന്ന് മാത്രമാണിത്. ഒരാഴ്ചത്തെ ശരാശരി പ്രതിദിന മരണനിരക്കും കുറഞ്ഞിട്ടുണ്ട്. 2,617 ആണ് കഴിഞ്ഞ ഏഴ് ദിവസങ്ങളിലെ ശരാശരി മരണനിരക്ക്. പ്രതിദിന കേസുകളില്‍ തമിഴ്‌നാടാണ് മുന്നിലുള്ളത്, 22,651 കേസുകള്‍. പിന്നാലെ കേരളവും കര്‍ണാടകയും മഹാരാഷ്ട്രയും ആന്ധ്രാപ്രദേശുമാണുള്ളത്. 24 മണിക്കൂറിനിടെ തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്.
മരണപ്പെട്ടവരില്‍ 52 ശതമാനവും ഗ്രാമീണ മേഖലയില്‍നിന്നുള്ളവര്‍
കോവിഡ് രണ്ടാം തരംഗത്തില്‍ മരണപ്പെട്ടവരില്‍ 52 ശതമാനത്തോളം പേരും ഗ്രാമീണ മേഖലയില്‍നിന്നുള്ളവരാണെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് (സിഎസ്ഇ) വെള്ളിയാഴ്ച പുറത്തിറക്കിയ 'പാന്‍ഡെമിക് പോയിന്റേഴ്‌സി'ല്‍ പറയുന്നു. കഴിഞ്ഞ മാസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതില്‍ 53 ശതമാനം കേസുകളും ഗ്രാമങ്ങളില്‍നിന്നാണ്. ഗ്രാമീണമേഖലയില്‍ രോഗവ്യാപനം കൂടിയതാണ് മെയ് മാസത്തില്‍ ആറ് ദിവസത്തെ ആഗോള പ്രതിദിന കേസുകളില്‍ പകുതിയും ഇന്ത്യയില്‍നിന്നാകാന്‍ കാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.



Tags:    

Similar News