'കോവിഡ് പാക്കേജുകൾ' ബഹുഭൂരിപക്ഷത്തിനും പ്രയോജനമല്ലെന്ന് വ്യാപാര രംഗം!

സംസ്ഥാനത്ത് ഇന്നലെ പ്രഖ്യാപിച്ച 5650 കോടിരൂപയുടെ ഉൾപ്പെടെയുള്ള കോവിഡ് പാക്കേജുകൾ സാധാരണ ചെറുകിട വ്യാപാരികൾക്ക് കാര്യമായ പ്രയോജനം ലഭിക്കുന്നതല്ലെന്നു വ്യാപാരികൾ.

Update:2021-07-31 19:15 IST

സർക്കാർ ധനകാര്യ സ്ഥാപനങ്ങളിലെ വായ്പകൾ തുടങ്ങി സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മാത്രം ഇളവുകൾ നല്കി എന്നത് ബഹുഭൂരിപക്ഷം വരുന്ന വ്യാപാരികൾക്ക് പ്രയോജനം ലഭിക്കില്ലന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

സർക്കാർ ഉടമസ്ഥതയിലുള്ള മുറികളുടെ വാടക ജൂലൈ മുതൽ ഡിസംബർ 31വരെ ഒഴിവാക്കുമെന്നാണ് ഒരു പ്രഖ്യാപനം. എന്നാൽ കേരളത്തിലെ 80 ശതമാനം വ്യാപാരസ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.
സർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ലോണുകളിൽ ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നല്ലൊരു ശതമാനം വ്യാപാരികളും സ്വകാര്യ-സഹകരണ സ്ഥാപനങ്ങളിൽ നിന്നാണ് വായ്പകൾ നേടിയിരിക്കുന്നത്. സ്വകാര്യ ബാങ്കുകളിൽ നിന്നുള്ള ലോണുകളിൽ കാര്യമായ തീരുമാനം ഒന്നും ഇതുവരെയുണ്ടായിട്ടില്ല.
രണ്ടുലക്ഷം രൂപവരെയുള്ള പുതിയ വായ്പകളിൽ പലിശയുടെ 4 ശതമാനം സർക്കാർ നൽകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതൊക്കെ വായിച്ച് ലോണിനുവേണ്ടി ബാങ്കുകളെ സമീപിച്ചാൽ,ബാങ്കുകാർ ആവശ്യമില്ലാത്ത പേപ്പറുകൾ ചോദിച്ച് കൈ മലർത്തും.അല്ലെങ്കിൽ പല ഓഫീസുകൾ കയറ്റി ഇറക്കും.ഇത് കാരണം ലോൺ എടുക്കാനുള്ള തീരുമാനം പലരും പാതിവഴിയിൽ ഉപേക്ഷിച്ചു പോകും. അപ്പോൾ പിന്നെ ആർക്കുവേണ്ടിയാണ് ഈ പ്രഖ്യാപനങ്ങൾ. വ്യാപാരി,വ്യവസായികളുടെ യഥാർത്ഥ പ്രശ്നം മനസിലാക്കാതെയാണ് പല തീരുമാനങ്ങളും ഉണ്ടാകുന്നതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
സർക്കാർ വ്യാപാരികളുമായി ചർച്ച നടത്തി നിലവിലുള്ള എല്ലാ ലോണുകളുടെയും തിരിച്ചടവ്, അടച്ചിടൽ കാരണമുണ്ടായ സ്റ്റോക്ക് നശീകരണത്തിനുള്ള പരിഹാരം, ഇക്കാലയളവിൽ അടച്ച ജി.എസ്.ടി. തിരികെ നൽകൽ തുടങ്ങിയവ ഉൾപ്പെടുത്തി വ്യാപാരികൾക്ക് ഒരു പ്രേത്യേക അതിജീവന കോവിഡ് പാക്കേജ് സർക്കാർ പ്രഖ്യാപിക്കണം.
രണ്ടു പ്രളയങ്ങളും രണ്ടു കോവിഡ് തരംഗങ്ങളും നിമിത്തം വ്യാപാരികൾ പ്രത്യേകിച്ച് ചെറുകിട വ്യാപാരികൾക്ക് ഇതിലൂടെ മാത്രമേ ചെറുതായിട്ടെങ്കിലും കര കയറാൻ കഴിയൂ എന്ന് വ്യാപാരി എകോപന സമിതി സംസ്ഥാന കമ്മിറ്റി മെമ്പറും തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയുമായ വൈ. വിജയൻ പറയുന്നു.
ഇനിയും കടകൾ അടച്ചിട്ടു മുന്നോട്ട് പോകുന്നത് ആത്മഹത്യാപരമാണ്. പോസിറ്റിവിറ്റി നിരക്കുകളുടെ അടിസ്ഥാനത്തിലുള്ള അടച്ചിടൽ ഒരു പരിഹാരമല്ല. ആഗസ്റ്റ് 9 മുതൽ കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന കാര്യത്തിൽ നിന്ന് പിന്നോട്ടില്ല.
നിയന്ത്രണങ്ങൾ ഇത്രയും കടുപ്പിച്ചിട്ടും കോവിഡ് നിയന്ത്രണം വേണ്ടപോലെ നടപ്പിലാകാത്തതിൽ മുഖ്യമന്ത്രി പോലും ഇന്നലെ അതൃപ്തി രേഖപ്പെടുത്തി. ബദൽ സംവിധാനം അദ്ദേഹം ഉദ്യോഗസ്ഥരോട് ആരാഞ്ഞത് സ്വാഗതർഹമാണ്. വാരാന്ത്യ ലോക്ക് ഡൌണും ശാസ്ത്രീയമല്ലെന്ന് വിജയൻ ചൂണ്ടിക്കാട്ടുന്നു.
ലോക്ക്ഡൗൺ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വ്യാപരികൾ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. കടകളും വാണിജ്യ സ്ഥാപനങ്ങളും അടച്ചിടുന്നതിന് പകരം രോഗ ബാധിതരുടെ വീടുകളിലും പരിസരങ്ങളിലുമുള്ളവരെ ഐസൊലേറ്റ് ചെയ്തു നിരീക്ഷിക്കുകയാണ് വേണ്ടതെന്ന് ഇവർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.


Tags:    

Similar News