40 ദിവസങ്ങള്‍ക്ക് ശേഷം പ്രതിദിന കേസുകള്‍ രണ്ട് ലക്ഷത്തില്‍ താഴെ

24 മണിക്കൂറിനിടെ 1,96,427 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് കണ്ടെത്തിയത്

Update:2021-05-25 10:38 IST

രാജ്യത്തെ രണ്ടാം തരംഗം അവസാനിക്കുന്നതായുള്ള ശുഭപ്രതീക്ഷകള്‍ നല്‍കി പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു. 40 ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകള്‍ രണ്ട് ലക്ഷത്തില്‍ താഴെയെത്തി. ഇന്നലെ 1,96,427 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് കണ്ടെത്തിയത്. അതേസമയം 3,511 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരണം 3,07,231 ആയി. രാജ്യത്തെ കോവിഡ് കേസുകള്‍ കുത്തനെ കുറയുന്നത് ആശ്വാസകരമാണ്. കഴിഞ്ഞ ഏഴു ദിവസങ്ങളെ അപേക്ഷിച്ച് 22 ശതമാനത്തോളമാണ് പ്രതിദിനകേസുകളിലുണ്ടായ കുറവ്. ഇത് രണ്ടാം തരംഗം ക്ഷയിക്കുന്നതായാണ് സൂചിപ്പിക്കുന്നത്.

എന്നിരുന്നാലും പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും കഴിഞ്ഞ ഏഴ് ദിവസങ്ങളിലെ മരണനിരക്ക് ഉയര്‍ന്നു തന്നെയാണ്. മെയ് 17-23 വരെയുള്ള കാലയളവില്‍ 29,331 പേരാണ് കോവിഡിനെ തുടര്‍ന്ന് മരണപ്പെട്ടത്. ഇതിന് മുമ്പുള്ള ഒരാഴ്ച കാലയളവില്‍ 28,334 പേര്‍ക്കായിരുന്നു കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.
പ്രതിദിന കേസുകള്‍ കുറഞ്ഞതോടെ രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണവും കുറഞ്ഞു. നിലവില്‍ 26 ലക്ഷം പേരാണ് രാജ്യത്ത് വിവിധയിടങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ 3.26 ലക്ഷം പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്.




Tags:    

Similar News