രാജ്യത്തിന് ആശ്വാസം: കോവിഡ് കേസുകള്‍ കുറയുന്നു

മൂന്നുമാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം

Update:2021-06-22 11:28 IST

രാജ്യത്തിന് ആശ്വാസം പകര്‍ന്ന് പ്രതിദിന കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞു. 24 മണിക്കൂറിനിടെ 42,640 പേര്‍ക്കാണ് പുതുതായി കോവിഡ് കണ്ടെത്തിയത്. മൂന്നുമാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് പ്രതിദിന കേസുകളുടെ എണ്ണം. തുടര്‍ച്ചയായി 15 ാം ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയാണ്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 2,99,77,861 ആയി ഉയര്‍ന്നപ്പോള്‍ മരണസംഖ്യ 3,89,302 ആയി. 7,449 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകളുള്ളത്.

കോവിഡ് കാരണം മരണപ്പെടുന്നവരുടെ എണ്ണവും കുറഞ്ഞു. 1,167 പേരാണ് 24 മണിക്കൂറിനിടെ കോവിഡിനെ തുടര്‍ന്ന് മരണപ്പെട്ടതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിട 81,839 പേര്‍ കൂടി കോവിഡില്‍നിന്ന് മുക്തി നേടിയതോടെ രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം ആറ് ലക്ഷത്തില്‍ താഴെയെത്തി. 6,62,521 പേരാണ് ഇപ്പോള്‍ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലെ പരിശോധന കുറഞ്ഞതാണ് പ്രതിദിന കേസുകള്‍ കുറയാന്‍ കാരണമെന്നും വിലയിരുത്തപ്പെടുന്നു. ശരാശരി 18 ലക്ഷത്തിലധികം ടെസ്റ്റുകളെ അപേക്ഷിച്ച് ഇന്ത്യ ഞായറാഴ്ച 14 ലക്ഷം സാമ്പിളുകളും തിങ്കളാഴ്ച 17 ലക്ഷവും പരിശോധനകള്‍ മാത്രമാണ് നടത്തിയത്.


Tags:    

Similar News