കൊല്ലത്തിന്റെ ആഴക്കടലില്‍ ക്രൂഡ് ഓയില്‍ സാന്നിധ്യം; പര്യവേക്ഷണം ഉടന്‍
ദ്രവ, വാതക ഇന്ധനങ്ങളുടെ സാന്നിധ്യം തേടി കടലിന്റെ അടിത്തട്ട് കേന്ദ്രീകരിച്ചാണ് പഠനം
ആഴക്കടലില്‍ ക്രൂഡ് ഓയില്‍ സാന്നിദ്ധ്യമുള്ള 18 ബ്ലോക്കുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കൊല്ലത്ത് പര്യവേക്ഷണം ആരംഭിക്കാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ച് പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ഇന്ത്യ. കൊല്ലം തീരദേശത്തു നിന്നു 20 നോട്ടിക്കല്‍ മൈല്‍ അകലെ കിണര്‍ നിർമിച്ചാണ് പര്യവേക്ഷണം നടത്തുക. കന്യാകുമാരി മുതല്‍ എറണാകുളം വരെയുള്ള തീരഭാഗത്ത് ഇന്ധന സാധ്യതയുള്ള 18 ബ്ലോക്കുകളിലെ പര്യവേക്ഷണത്തിനാണ് ഓയില്‍ ഇന്ത്യ കോര്‍പറേഷന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് കാര്‍ബണില്‍ നിന്ന് കരാറെടുത്തിരിക്കുന്നത്.
ഓയില്‍ ഇന്ത്യ ഡല്‍ഹി ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയ്ക്ക് ഉപകരാര്‍ നല്‍കിയിട്ടുണ്ട്. ഇവരായിരിക്കും പര്യവേക്ഷണം നടത്തുക. ഓയില്‍ ഇന്ത്യ ഇതിന്റെ ചുമതല വഹിക്കും. ദ്രവ, വാതക ഇന്ധനങ്ങളുടെ സാന്നിധ്യം തേടി കടലിന്റെ അടിത്തട്ട് കേന്ദ്രീകരിച്ചാണ് പഠനം.
പര്യവേക്ഷണം കിണര്‍ നിര്‍മിച്ച്
80 മീറ്റര്‍ ആഴത്തില്‍ കടലിന്റെ അടിത്തട്ടുള്ള ഭാഗത്ത് നിന്ന് ഏകദേശം 6,000 മീറ്റര്‍ വരെ ആഴത്തിലാണ് പര്യവേക്ഷണ കിണര്‍ നിര്‍മിക്കുന്നത്. പര്യവേക്ഷണം എട്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ സമയപരിധിക്കുള്ളില്‍ തീര്‍ന്നില്ലെങ്കില്‍ നാലു മാസം അധികമെടുക്കും. ജൂലൈ ആദ്യവാരത്തോടെ കിണറിന്റെ നിര്‍മാണ പ്രവൃത്തി ആരംഭിക്കും. കിണറുകളില്‍ കൂറ്റന്‍ പൈപ്പ് ലൈനുകള്‍ കടത്തിവിട്ടാണ് ഇന്ധന സാധ്യത പരിശോധിക്കുക. ആഴക്കടലില്‍ ഇരുമ്പ് കൊണ്ട് കൂറ്റന്‍ പ്ലാറ്റ്ഫോം സ്ഥാപിച്ചാകും കിണര്‍ നിര്‍മാണം. അത്യാധുനിക സംവിധാനങ്ങളുള്ള വലിയ കപ്പല്‍ ഈ ഭാഗത്ത് നങ്കൂരമിട്ടായിരിക്കും നിരീക്ഷണവും മേല്‍ നോട്ടവും.
പോര്‍ട്ട് ഏരിയ നിരോധിത മേഖല
പര്യവേക്ഷണത്തിന് മുന്നോടിയായി പോര്‍ട്ടിന് ചുറ്റും എട്ടടി ഉയരത്തില്‍ ചുറ്റുമതിലും മുകളില്‍ കമ്പിച്ചുരുളും നിര്‍മിക്കും. ഇമിഗ്രേഷന്‍ ജോലികള്‍ക്കായി സി.ഐ അടക്കമുള്ള പൊലിസ് ഉദ്യോഗസ്ഥരെ നിയമിക്കും. ഗേറ്റിലും പരിസരത്തും അയുധധാരികളായ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിനെ നിയോഗിക്കാന്‍ ധാരണയായിട്ടുണ്ട്. പുറത്തുനിന്നുള്ളവരുടെ പ്രവേശനത്തിന് നിയന്ത്രണമുണ്ടാകും. അതേ സമയം, വാര്‍ഫിന്റെ 50 മീറ്റര്‍ പരിധി ഓപറേഷന്‍ ഏരിയയായി പ്രഖ്യാപിക്കുകയും പോര്‍ട്ട് ഏരിയയെ നിരോധിത മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.