ക്രിപ്‌റ്റോ തട്ടിപ്പുകള്‍ തുടരുന്നു, സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട
തട്ടിപ്പുകളുടെ വിളനിലമായി കേരളവും മാറുന്നു
1200 കോടിയുടെ തട്ടിപ്പില്‍ മുഖ്യപ്രതി വിദേശത്ത്
പണമിരട്ടിപ്പ് മോഹവുമായി നടക്കുന്നവരെ ക്രിപ്‌റ്റോ കറന്‍സികളുടെ പേരില്‍ നിഗൂഢ സംഘങ്ങള്‍ വലവീശിപ്പിടിക്കുന്നു. ലക്ഷങ്ങള്‍ നഷ്ടപ്പെട്ടവര്‍ പരാതികളുമായി പോലീസ് സ്‌റ്റേഷനുകള്‍ കയറിയിറങ്ങുന്നു. കൊള്ളലാഭം മോഹിപ്പിച്ച് കേട്ടറിവു പോലുമില്ലാത്ത ക്രിപ്‌റ്റോ വിപണിയിലിറങ്ങുന്നരില്‍ അധിക പേര്‍ക്കും കൈപൊള്ളുകയാണ്. ഏജന്റുമാരുടെ സുന്ദര വാഗ്ദാനങ്ങള്‍ കേട്ട് പണമെറിയുന്നവരാണ് ചതിക്കപ്പെടുന്നത്. ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പില്‍ കുടുങ്ങി ലക്ഷങ്ങളും കോടികളും നഷ്ടപ്പെട്ടവര്‍ നിരവധി.
കേരളവും തട്ടിപ്പുകാര്‍ക്ക് വിളനിലം
വിവിധ തരം ക്രിപ്‌റ്റോ തട്ടിപ്പുകളുടെ വിളനിലമായി കേരളവും മാറുകയാണ്. നിയമസാധുത പോലമില്ലാത്ത നിക്ഷേപങ്ങളില്‍ പണമിറക്കി വഞ്ചിക്കപ്പെടുന്നവരുടെ എണ്ണം കേരളത്തില്‍ കൂടുന്നുവെന്നാണ് പോലീസില്‍ എത്തുന്ന കേസുകള്‍ കാണിക്കുന്നത്. മോറിസ് കോയിന്‍ എന്ന പേരില്‍ മലപ്പുറത്ത് നടന്ന 1200 കോടിയുടെ തട്ടിപ്പില്‍ നിരവധി പേര്‍ക്കാണ് പണം നഷ്ടപ്പെട്ടത്. വഞ്ചിക്കപ്പെട്ടവരെല്ലാം പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയിട്ടില്ല. ഈ കേസില്‍ മുന്നു പേരെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തിരുന്നു. പ്രധാന പ്രതി വിദേശത്തേക്ക് കടന്നു. മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് പൂക്കോട്ടുംപാടം എന്ന സ്ഥലം കേന്ദ്രീകരിച്ചാണ് ഈ വന്‍ തട്ടിപ്പ് നടന്നത്. മോറിസ് കോയിന്‍ എന്ന ക്രിപ്‌റ്റോയില്‍ നിക്ഷേപിച്ചാല്‍ വന്‍ലാഭം കിട്ടുമെന്ന് പറഞ്ഞ് പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്തു. വടക്കന്‍ ജില്ലകളിലാണ് തട്ടിപ്പിന് ഇരയായവരില്‍ അധികവും. വിവിധ ജില്ലകളില്‍ ഇത്തരത്തിലുള്ള ചെറുതും വലുതമായ തട്ടിപ്പുകള്‍ നടന്നിട്ടുണ്ട്.
കൊച്ചി കേന്ദ്രീകരിച്ച് രണ്ട് വര്‍ഷം മുമ്പ് നടന്ന അമ്പത് കോടിയുടെ ക്രിപ്‌റ്റോ തട്ടിപ്പ് കേസിലും മുഴുവന്‍ പ്രതികളും പിടിയിലായിട്ടില്ല. മുവാറ്റുപുഴ, പെരുമ്പാവൂര്‍ ഭാഗങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട പരാതികള്‍ കൂടുതല്‍ ഉള്ളത്. ഇത്തരം തട്ടിപ്പുകളിലൊന്നും നിക്ഷേപകര്‍ക്ക് പണം തിരിച്ചു കിട്ടാറില്ല.
വേണം മുന്‍കരുതല്‍
ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപിക്കുന്നതിന് മുമ്പ് അതിനെ കുറിച്ച് വ്യക്തമായ അറിവ് നേടണം. റിസ്‌ക് സാധ്യതകളെ കുറിച്ച് ആഴത്തില്‍ മനസ്സിലാക്കണം. ഏജന്റുമാര്‍ പറയുന്ന വന്‍ ലാഭത്തിന്റെ സാധ്യതകളെ കുറിച്ച് ചിന്തിക്കണം. എവിടെയാണ് സ്വന്തം പണം നിക്ഷേപിക്കപ്പെടുന്നതെന്ന് വ്യക്തമായി മനസ്സിലാക്കണം. ഏജന്റുമാര്‍ തിരക്ക് കൂട്ടി ഇന്‍വെസ്റ്റ്‌മെന്റ് നടത്താന്‍ പറയുമ്പോള്‍ പെട്ടെന്ന് എടുത്ത് ചാടരുത്. സമയമെടുത്തും ഈ മേഖലയെ കുറിച്ച് വിവരമുള്ളവരോട് ആലോചിച്ച ശേഷവും മാത്രം നിക്ഷേപം നടത്തണം. സോഷ്യല്‍ മീഡിയ വഴിയുള്ള ക്രിപ്‌റ്റോ നിക്ഷേപങ്ങളെ പൂര്‍ണമായും വിശ്വസിക്കരുത്.