സംഘര്‍ഷങ്ങളില്ലെങ്കില്‍ ക്രൂഡ്ഓയില്‍ വിലയും ഇടിയും; എണ്ണവിലയില്‍ നിയന്ത്രണമില്ലാതെ ഒപെക് രാജ്യങ്ങള്‍

രാജ്യത്ത് ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രത്തിന് പദ്ധതികളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്.

Update:2024-11-30 14:18 IST

Image: Canva

ആഗോളതലത്തില്‍ ക്രൂഡ്ഓയില്‍ വില വീണ്ടും ഇടിയുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷവും റഷ്യ-ഉക്രെയ്ന്‍ യുദ്ധവും നിയന്ത്രണത്തിലായതാണ് രാജ്യാന്തര എണ്ണവിലയില്‍ പ്രതിഫലിക്കുന്നത്. ഉത്പാദക രാജ്യങ്ങള്‍ കൂടുതല്‍ എണ്ണ വിപണിയിലേക്ക് ഒഴുക്കുന്നതും വിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉത്സവകാലം ആരംഭിക്കുകയാണ്. ഇത് എണ്ണ ഉപഭോഗത്തില്‍ വര്‍ധനയുണ്ടാക്കിയേക്കും.

ഒപെകിന് സ്വാധീനം നഷ്ടമാകുന്നു

പ്രമുഖ എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് ആയിരുന്നു എണ്ണവില ഇതുവരെ നിയന്ത്രിച്ചിരുന്നത്. ഈ കൂട്ടായ്മയുടെ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് എണ്ണവില കൂടുകയും കുറയുകയും ചെയ്യുന്ന സാഹചര്യം നിലനിന്നിരുന്നു. എന്നാല്‍, ബ്രസീലും അമേരിക്കയും ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ ഉത്പാദനം കൂട്ടിയതോടെ ഒപെകിന് എണ്ണവിലയില്‍ ആധിപത്യം പുലര്‍ത്താന്‍ സാധിക്കുന്നില്ല.

ബ്രെന്റ് ക്രൂഡ് വില രണ്ടു ദിവസത്തിനിടെ മൂന്നു ശതമാനത്തിനടുത്ത് കുറഞ്ഞ് 71 ഡോളറിലാണ് നിലവിലുള്ളത്. വരും ദിവസങ്ങളില്‍ വില ഇനിയും താഴ്‌ന്നേക്കുമെന്ന സൂചനകളാണ് വരുന്നത്. ചൈനയില്‍ നിന്നുള്ള ആവശ്യകത കുറഞ്ഞു നില്‍ക്കുന്നത് തന്നെയാണ് പ്രധാന കാരണം. മറ്റ് പ്രധാന വിപണികളിലും മാന്ദ്യ സമാന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഇതും വിപണിയില്‍ പ്രതിഫലിക്കുന്നു.

ഇന്ത്യയെ സംബന്ധിച്ച് എണ്ണവിലയിലെ ഏതൊരു കുറവും അനുഗ്രഹമാണ്. ആവശ്യകതയുടെ 80 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ വിലക്കുറവ് കഴിഞ്ഞ പാദങ്ങളിലെ നഷ്ടം കുറയ്ക്കാന്‍ പൊതുമേഖല എണ്ണ കമ്പനികളെ സഹായിക്കും. ഗയാന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങാനുള്ള നീക്കം ഇന്ത്യ നടത്തുന്നുണ്ട്. അതേസമയം, രാജ്യത്ത് ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രത്തിന് പദ്ധതികളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്.
Tags:    

Similar News