കേരളപ്പെരുമ ലോകവിപണിയിലേക്ക് എത്തിച്ച കുലപതി സി വി ജേക്കബ് അന്തരിച്ചു

മറ്റാരും ആലോചിക്കാന്‍ പോലും മെനക്കെടാത്ത വഴിയിലൂടെ ഒറ്റയ്ക്ക് നടന്ന് ലോകം വെട്ടിപ്പിട്ടിച്ച അസാധാരണ സംരംഭകനായിരുന്നു സി വി ജേക്കബ്

Update:2021-01-31 17:22 IST

സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും ചെയര്‍മാനുമായ സി വി ജേക്കബ് അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു അന്ത്യം. സംഭവബഹുലമായൊരു സംരംഭക ജീവിതത്തിനാണ് ഇന്ന് തിരശ്ശീല വീണത്.

എന്നും പുതിയ ആശയങ്ങള്‍ പിന്തുടര്‍ന്ന നിശ്ചയദാര്‍ഢ്യത്തിന്റെ ആള്‍രൂപമായിരുന്നു സി വി ജേക്കബ്. സിവിജെ എന്ന ദീര്‍ഘദര്‍ശിയായ സംരംഭകന്‍ കേരളത്തെ പഠിപ്പിച്ചത് ബിസിനസിന്റെ പുതിയ പാഠങ്ങളാണ്. ഇന്ന് ലോക സുഗന്ധവ്യജ്ഞന സത്ത് വിപണിയില്‍ കേരളപ്പെരുമ തലയുയര്‍ത്തി നില്‍ക്കുന്നതിന് നന്ദി പറയേണ്ടത് സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും ചെയര്‍മാനുമായ സി വി ജേക്കബ് എന്ന സിവിജെയോടാണ്. പശ്ചാത്തല സൗകര്യ വികസന രംഗത്ത് ലോകം അത്ഭുതത്തോടെ നോക്കുന്ന കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഏത് മലയാളിക്കും അഭിമാനം പകരുമ്പോള്‍ അതിലും നന്ദിയോടെ സ്മരിക്കേണ്ട നാമവും സിവിജെയുടെ തന്നെ. കേരളത്തിന്റെ വികസന ചരിത്രത്തില്‍ പുതിയ അധ്യായങ്ങള്‍ എഴുതി ചേര്‍ത്ത സാങ്കേതികമായി കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തിയ കല്ലാര്‍കുട്ടി ഹൈഡല്‍ പ്രോജകറ്റ്, ആനയിറങ്ങല്‍ ടണല്‍, അപ്പര്‍ കല്ലാര്‍ ടണല്‍, മൂലമറ്റം അണ്ടര്‍ഗ്രൗണ്ട് റോഡ് ടണല്‍, പമ്പ ഡാമിന്റെയും ഇടുക്കി ഡാമിന്റെയും ടണല്‍ ... ഇവയുടെയെല്ലാം വിജയകരമായ നിര്‍മാണത്തിന് പിന്നില്‍ സിവിജെ എന്ന സിവില്‍ കോണ്‍ട്രാക്റ്ററുടെ കയ്യൊപ്പുണ്ട്.

കൈവെച്ച രംഗത്തെല്ലാം കാലങ്ങള്‍ എത്രകഴിഞ്ഞാലും മായാത്ത മുദ്ര ചാര്‍ത്തിയ അസാധാരണ സംരംഭകനായിരുന്നു സി വി ജേക്കബ്. സ്വന്തം കഴിവിലുള്ള വിശ്വാസവും വിപണിയിലെ അവസരങ്ങളും ചേരുംപടി ചേര്‍ത്താണ് സിവിജെ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്തത്. ''നൂതനമായ ആശയത്തെ അദമ്യമായ അഭിനിവേശത്തോടെ, നിശ്ചയദാര്‍ഢ്യത്തോടെ പിന്തുടരുമ്പോള്‍ ലഭിക്കുന്ന ഉപോല്‍പ്പന്നമാണ് വിജയം. വിജയം ദിവാസ്വപ്‌നം കണ്ടാല്‍ കൈപിടിയില്‍ ഒതുക്കാനാവില്ല. അതിന് കഠിനാധ്വാനം വേണം. കൃത്യമായ ആസൂത്രണം വേണം. നിതാന്തപരിശ്രമം വേണം. നമുക്ക് പ്രതിഫലമായി ലഭിക്കുന്നതെന്തും ദൈവത്തിന്റെ വരദാനമായി വിനയാന്വിതമായി സ്വീകരിക്കാനുള്ള മനസ്സും വേണം,'' സി വി ജേക്കബിന്റെ ഈ വാക്കുകളായിരുന്നു അദ്ദേഹത്തിന്റെ ഫിലോസഫിയും.

മൂല്യവര്‍ധിത സുഗന്ധവ്യഞ്ജന വിപണിയില്‍ ലോകത്തെ ഏറ്റവും വലിയ ഉല്‍പ്പാദകരായി ഒരു കേരള കമ്പനി തലയുയര്‍ത്തി നില്‍ക്കുന്നതിന് പിന്നില്‍ കാരണമായതും ഈ തത്വശാസ്ത്രം തന്നെ.

ഒരു സിവില്‍ കോണ്‍ട്രാക്റ്ററുടെ വേറിട്ട സഞ്ചാരങ്ങള്‍

വെറും കാടായി കിടന്ന കടയിരുപ്പിലെ കന്നിമണ്ണ് ഇളക്കിമറിച്ച് പൊന്നുവിളയിച്ച മുതുമുത്തച്ഛന്റെ അധ്വാനശീലം അതേ പടി പകര്‍ന്നുകിട്ടിയ സി വി ജേക്കബ് സംരംഭക രംഗത്തേക്ക് കടന്നുവരുന്ന സ്വന്തം പിതാവ് സി യു വര്‍ക്കിയുടെ കണ്‍സ്ട്രക്ഷന്‍ ജോലികളിലുള്ള ആഭിമുഖ്യം കൊണ്ടാണ്. എന്നാല്‍ അപ്പന്‍, ജേക്കബിനെ ആദ്യം ഏല്‍പ്പിച്ചത് കൃഷി കാര്യങ്ങളുടെ മേല്‍നോട്ടമായിരുന്നു. ജേക്കബിന്റെ സഹോദരി മറിയാമ്മയെ വിവാഹം ചെയ്ത് കുടുംബത്തിലേക്കെത്തിയ പൗലോസിനൊപ്പം നിന്ന് പതിനെട്ട് വയസ്സുമുതല്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ കച്ചവടത്തിന്റെ മര്‍മ്മം ഗ്രഹിച്ചു ജേക്കബ്. സി വി ജേക്കബ് പൗലോസിനെ വിശേഷിപ്പിച്ചിരുന്നത് തന്നെ, '' എന്റെ ജീവിതത്തില്‍ ഏറ്റവും ആഴത്തില്‍ സ്വാധീനം ചെലുത്തിയ വ്യക്തി' എന്നാണ്. പിന്നീട് വര്‍ക്കി സ്വന്തം മകനെ കണ്‍സ്ട്രക്ഷന്‍ ജോലികളിലേക്ക് ക്ഷണിച്ചപ്പോള്‍ ദീര്‍ഘനാള്‍ ആഗ്രഹിച്ച മേഖല കൈയിലേക്കെത്തിയ സന്തോഷമായിരുന്നു.

1962ല്‍ ജേക്കബും സഹോദരന്‍ പോളും പൗലോസും ചേര്‍ന്ന് തുടങ്ങിയ വര്‍ക്കി സണ്‍സ് എന്‍ജിനീയേഴ്‌സ് ഏറ്റെടുത്ത് വിജയകരമായി പൂര്‍ത്തിയാക്കിയത് കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന രംഗത്തെ നിരവധി വന്‍കിട പദ്ധതികളാണ്. മൂലമറ്റം ടണല്‍ നിര്‍മാണത്തിനിടെയുണ്ടായ അപകടത്തില്‍ ജേക്കബിന്റെ ഗുരുവും സുഹൃത്തും മാര്‍ഗദര്‍ശിയുമായ പൗലോസ് അകാലത്തില്‍ വിടപറഞ്ഞപ്പോള്‍ അത് സി വി ജേക്കബില്‍ സൃഷ്ടിച്ചത് കനത്ത ആഘാതമാണ്. കണ്‍സ്ട്രക്ഷന്‍ ജോലികളില്‍ നിന്ന് കുറേക്കാലം അകന്നുനിന്ന സിവിജെ, പുതിയൊരു ബിസിനസ് ആശയം കണ്ടെത്തിയത് ക്രഷര്‍ മേഖലയിലാണ്. കേരളത്തില്‍ തന്നെ ആദ്യമായി വ്യാവസായിക അടിസ്ഥാനത്തില്‍ യന്ത്രവല്‍ക്കൃത ക്രഷര്‍ യൂണിറ്റ് സ്ഥാപിച്ചതും സിവിജെ തന്നെ.

ഒരു കൊല്‍ക്കത്ത സന്ദര്‍ശനത്തിനിടെയാണ് അടുത്ത ബിസിനസ് ആശയം സിവിജെയില്‍ മൊട്ടിട്ടത്. അവിടെ കണ്ടു പരിചയിച്ച പ്ലൈവുഡ് രംഗത്തേക്കുള്ള പശ നിര്‍മാണ യൂണിറ്റ് കേരളത്തില്‍ തുടങ്ങി. പശ നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃ വസ്തു ദൗര്‍ലഭ്യം പരിഹരിക്കാന്‍ നടത്തിയ ജപ്പാന്‍ യാത്രയാണ് ഒലിയോറെസിന്‍ എന്ന സ്‌പൈസ് എക്‌സ്ട്രാറ്റ് നിര്‍മാണ മേഖലയിലേക്ക് വഴി തുറന്നത്. അവിടെ തുടങ്ങുന്നു സിന്തൈറ്റ് എന്ന ആഗോള കമ്പനിയുടെ ചരിത്രം. അകാലത്തില്‍ തന്നെ വിട്ടുപിരിഞ്ഞുപോയ പൗലോസിന്റെ മകന്‍ ജോര്‍ജ് പോളിനെ പഠനകാലം മുതല്‍ സിവിജെ ബിസിനസില്‍ കൂടെ ചേര്‍ത്തു. മക്കളായ ഡോ. വിജു ജേക്കബും അജു ജേക്കബും കുടുംബ ബിസിനസില്‍ കണ്ണികളായപ്പോള്‍ സിന്തൈറ്റ് അക്ഷരാര്‍ത്ഥത്തില്‍ ആഗോള വമ്പനായി വളര്‍ന്നു. ഉല്‍പ്പന്നശ്രേണി വിപുലമായി. ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ അസംസ്‌കൃത വസ്തുക്കള്‍ ലോഭമില്ലാതെ കിട്ടുന്ന സ്ഥലത്ത് പോയി സിന്തൈറ്റ് ഫാക്ടറികള്‍ സ്ഥാപിച്ചു. അമേരിക്കയിലും ചൈനയിലുമെല്ലാം ഇതര ആഗോള വിപണികളിലും തലപൊക്കി നിന്ന് കേരളപ്പെരുമ വിളിച്ചോതി. ഇതിനെല്ലാം പിന്നില്‍ പുതിയ ആശയങ്ങള്‍ വിളയുന്ന സി വി ജേക്കബിന്റെ മനസ്സായിരുന്നു ഉണ്ടായത്.

നെടുമ്പാശ്ശേരിയില്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ എയര്‍പോര്‍ട്ട് എന്ന സ്വപ്‌നം തന്നെ സാക്ഷാത്കരിക്കാന്‍ മുന്നണിയില്‍ നിന്ന വ്യവസായികളില്‍ പ്രമുഖനായിരുന്നു സി വി ജേക്കബ്. സി വി ജേക്കബ് ആദ്യം നടത്തിയ 25 ലക്ഷം രൂപ നിക്ഷേപമാണ് പിന്നീട് സിയാല്‍ എന്ന സ്വപ്‌നത്തിന്റെ ഭാഗമാകാന്‍ പല ബിസിനസുകാരെയും നിക്ഷേപകരെയും പ്രേരിപ്പിച്ചത്.

കുടുംബ ബിസിനസിനെ കൂടുതല്‍ സമഗ്രവും സംഘടിതവുമായി മുന്നോട്ടുകൊണ്ടുപോകാന്‍ ബ്ലൂബുക്ക് എന്ന കുടുംബ ഭരണഘടന പോലും തയ്യാറാക്കിയ ബിസിനസ് സാരഥിയാണ് സിവിജെ. മാനേജിംഗ് ഡയറക്റ്റര്‍ ഡോ. വിജു വി ജേക്കബിന്റെയും ഡയറക്റ്റര്‍ അജു ജേക്കബിന്റെയും കൈകളില്‍ സിന്തൈറ്റ് ഗ്രൂപ്പിന്റെ ഭാവി ഭദ്രമാണ്. എല്ലാതലത്തിലും സൂക്ഷ്മതയോടെ, വ്യത്യസ്തതയോടെ ഇടപെട്ട സിവിജെ, സംരംഭകര്‍ക്കെന്നും പാഠമാക്കാവുന്ന ഒട്ടേറെ കാര്യങ്ങള്‍ ശേഷിപ്പിച്ചാണ് കാലത്തിന്റെ യവനികയ്ക്കുള്ളിലേക്ക് മറഞ്ഞത്.


Tags:    

Similar News