'ഫിന്‍വെസ്റ്റ്‌മെന്റര്‍': ഇന്‍വെസ്റ്റ്‌മെന്റ് അഡ്വൈസറി സര്‍വീസുമായി ഡിബിഎഫ്എസ്

നിക്ഷേപ വിഷയങ്ങളില്‍ പ്രാവീണ്യമുള്ളവര്‍ക്കും തുടക്കക്കാര്‍ക്കും ഒരുപോലെ സഹായകരമാവും വിധത്തിലാണ് 'ഫിന്‍വെസ്റ്റ്‌മെന്റര്‍' രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്ന് ഡിബിഎഫ്എസ് മാനേജിംഗ് ഡയറക്ടര്‍ പ്രിന്‍സ് ജോര്‍ജ് പറഞ്ഞു

Update: 2022-09-19 10:05 GMT

ഇന്‍വെസ്റ്റ്‌മെന്റ് അഡ്വൈസറി സര്‍വീസുമായി പ്രമുഖ ധനകാര്യ സ്ഥാപനമായ ഡിബിഎഫ്എസ്. കമ്പനിയുടെ 30-ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് കൊച്ചി ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങിലാണ് 'ഫിന്‍വെസ്റ്റ്‌മെന്റര്‍' (Finvestmentor) എന്ന പേരിലുള്ള സേവനം ലോഞ്ച് ചെയ്തത്.

ഡിബിഎഫ്എസിന്റെ പ്രധാന ഓഹരി ഉടമകളായ ദോഹ ബാങ്ക് ആക്ടിംഗ് സിഇഒ ഗുഡ്‌നി സ്റ്റീഹോള്‍ട്ട് അഡല്‍സ്‌റ്റെയിന്‍സണ്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദോഹ ബാങ്ക് ചീഫ് ഇന്റര്‍നാഷണല്‍ ബാങ്കിംഗ് ഓഫിസറും ഡിബിഎഫ്എസില്‍ നോമിനി ഡയറക്ടറുമായ സമീര്‍ മോഹന്‍ ഗുപ്ത പുതിയ സേവനം ഇടപാടുകാര്‍ക്ക് സമര്‍പ്പിച്ചു.
ദോഹ ബാങ്കിനെ സംബന്ധിച്ചിടത്തോളം ബാങ്കിംഗ് സേവനങ്ങള്‍, ബാങ്കിംഗിതര സേവനങ്ങള്‍, വെല്‍ത്ത് മാനേജ്‌മെന്റ് എന്നിങ്ങനെ വിവിധ മേഖലകളില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളതെന്ന് ഗുഡ്‌നി സ്റ്റീഹോള്‍ട്ട് പറഞ്ഞു. ഡിബിഎഫ്‌സിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ദോഹ ബാങ്കിന്റെ തന്ത്രപരമായ പിന്തുണയും മാനേജ്‌മെന്റ് സഹായവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിക്ഷേപ വിഷയങ്ങളില്‍ പ്രാവീണ്യമുള്ളവര്‍ക്കും തുടക്കക്കാര്‍ക്കും ഒരുപോലെ സഹായകരമാവും വിധത്തിലാണ് 'ഫിന്‍വെസ്റ്റ്‌മെന്റര്‍' രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്ന് ഡിബിഎഫ്എസ് മാനേജിംഗ് ഡയറക്ടര്‍ പ്രിന്‍സ് ജോര്‍ജ് പറഞ്ഞു. അഞ്ചു ലക്ഷം രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്കായിരിക്കും ഈ സേവനം ലഭ്യമാക്കുകയെന്നും ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു സേവനമെന്നും പ്രിന്‍സ് ജോര്‍ജ് പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള ആദ്യ കോര്‍പ്പറേറ്റ് സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമാണ് 1992ല്‍ സ്ഥാപിതമായ ഡിബിഎഫ്എസ്. സ്റ്റോക്ക് ബ്രോക്കിംഗ് ഉള്‍പ്പെടുന്ന വെല്‍ത്ത് മാനേജ്‌മെന്റ് സേവനങ്ങള്‍ കൂടാതെ, ബാങ്കിംഗിതര സാമ്പത്തിക സേവനങ്ങളും ഡിബിഎഫ്എസ് നല്‍കുന്നു. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലും യുഎഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലും സാന്നിധ്യമുള്ള ഡിബിഎഫ്എസ് സ്വര്‍ണ വായ്പ, ഓഹരി വായ്പ തുടങ്ങിയ സേവനങ്ങളും നല്‍കുന്നു.


Tags:    

Similar News