പരേഖ് പടിയിറങ്ങുന്നു; എച്ച്.ഡി.എഫ്.സിയെ വളര്‍ച്ചയുടെ കൊടുമുടിയിലെത്തിച്ച്

ലയനത്തോടെ ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ബാങ്കായി എച്ച്.ഡി.എഫ്.സി ബാങ്ക്

Update:2023-07-01 17:56 IST

ഇന്ത്യ കണ്ട മികച്ച ബാങ്കര്‍മാരിലൊരാളായ ദീപക് പരേഖ് എച്ച്.ഡി.എഫ്.സിയുടെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് പടിയിറങ്ങി. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ബാങ്ക് എന്ന പദവിയിലേക്ക് എച്ച്.ഡി.എഫ്.സി ചുവടുവയ്ക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വിരമിക്കല്‍.

എച്ച്.ഡി.എഫ്.സി ബാങ്ക് ലിമിറ്റഡും ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനും തമ്മിലുള്ള ലയനം പൂര്‍ത്തിയായതോടെ മോര്‍ഗാന്‍ സ്റ്റാന്‍ലി ചേസ് ആന്‍ഡ് കമ്പനി, ഇന്‍ഡസ്ട്രിയല്‍ കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ചൈന ലിമിറ്റഡ്, ബാങ്ക് ഓഫ് അമേരിക്ക കോര്‍പ് എന്നിവയ്ക്ക് പിന്നാലെ 16.63 ലക്ഷം കോടി രൂപയുടെ വിപണി മൂല്യവുമായി ലോകത്തെ നാലാമത്തെ വലിയ ബാങ്കായിരിക്കുകയാണ് എച്ച്.ഡി.എഫ്‌സി ബാങ്ക്.
ബാങ്കിംഗ് രംഗത്തെ ക്രാന്തദര്‍ശി
കഴിഞ്ഞ നാല് ദശാബ്ദമായി ബാങ്കിംഗ് മേഖലയുടെ നെടുംതൂണാണ് ദീപക് പരേഖ്. എച്ച്.ഡി.എഫ്.സി ബാങ്കിനെ മുന്നില്‍ നിന്ന് വളര്‍ച്ചയിലേക്ക് നയിക്കുക മാത്രമല്ല നിരവധി പ്രസ്ഥാനങ്ങള്‍ക്ക് അവരുടെ ബിസിനസ് തിരിച്ചു പിടിക്കാനും അദ്ദേഹം സഹായിച്ചു. സത്യം കംപ്യൂട്ടറിന്റെ തകര്‍ച്ചയുടെ സമയത്ത് പരേഖിന്റെ നേതൃത്വത്തിലാണ് കേന്ദ്രം ഒരു കമ്മറ്റിക്ക് രൂപം കൊടുക്കുന്നത്. ഇന്ന് 1.1 ലക്ഷം കോടി രൂപ മൂല്യമുള്ള ആ സ്ഥാപനത്തെ ആനന്ദ് മഹീന്ദ്രയെകൊണ്ട് ഏറ്റെടുപ്പിക്കാനായത് പരേഖിന്റെ ദീര്‍ഘദര്‍ശനമായിരുന്നു.
33-ാം വയസുമുതല്‍ എച്ച്.ഡി.എഫ്.സിക്ക് ഒപ്പം

ചാര്‍ട്ടേഡ് അക്കൗണ്ടന്റയായ ദീപക് പരേഖ് ലണ്ടനിലെ ഏണസ്റ്റ് ആന്റ് യംഗിലാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 33 വയസില്‍ ലണ്ടനില്‍ നിന്ന് തിരിച്ചെത്തി അമ്മാവന്‍ സ്ഥാപിച്ച എച്ച്.ഡി.എഫ്‌സിയില്‍ ചേര്‍ന്നു. അതും ലണ്ടനില്‍ ലഭിച്ചിരുന്നതിന്റെ പാതി ശമ്പളത്തില്‍. അന്നു മുതല്‍ പിന്നെ ഓരോ ചുവടുവയ്പും ബാങ്കിനെ അടുത്ത ഉയരങ്ങളിലേക്ക് എത്തിക്കാന്‍ വേണ്ടിയായിരുന്നു.
ബാങ്കിംഗ് ലൈസന്‍സ് നേടിയെടുക്കാനുള്ള ശ്രമങ്ങളായിരുന്നു ആദ്യം. ഡയറക്ടര്‍ ബോര്‍ഡ് ഇതിന് അനുകൂലമായിരുന്നില്ലെങ്കില്‍ പോലും അദ്ദേഹം അതിനായി നിരന്തരം ശ്രമിച്ചു. ബാങ്കിന്റെ നടത്തിപ്പില്‍ ആദിത്യ പുരിക്ക് സ്വതന്ത്ര ചുമതല നല്‍കിയതും അദ്ദേഹത്തിന്റെ ഉറച്ച തീരുമാനങ്ങളായിരുന്നു. പിന്നീട് ഇരുവരുടേയും കഠിനപ്രയത്‌നത്തില്‍ ബാങ്കിന്റെ ബാങ്കിന്റെ ഇടപാടുകാരുടെ എണ്ണം 6.8 കോടി കവിഞ്ഞു. 6,300 ശാഖകളുമായി.
ചെയര്‍മാനായി 29 വര്‍ഷം
പടിപടിയായി ഉയര്‍ന്ന് വന്ന പരേഖ് 1994 ലാണ് ചെയര്‍മാന്‍ സ്ഥാനത്ത് എത്തുന്നത്. ഇന്ന് അദ്ദേഹം ആ സ്ഥാനത്തു നിന്ന് വിരമിക്കുമ്പോള്‍ ബാങ്കിംഗ് മേഖലയിലെ വടവൃക്ഷമായി എച്ച്.ഡി.എഫ്.സി മാറിക്കഴിഞ്ഞു. ചെറിയൊരു ഹൗസിംഗ് ഫിനാന്‍സ് കമ്പനിയില്‍ നിന്ന് ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, അസറ്റ് മാനേജ്‌മെന്റ്, റിയല്‍ എസ്റ്റേറ്റ് എന്നിങ്ങനെ വൈവിധ്യമായ മേഖലകളിലേക്ക് എച്ച്.ഡി.എഫ്‌സിയെ നയിക്കാനും പരേഖിന് സാധിച്ചു. നീണ്ട 29 വര്‍ഷം ചെയര്‍മാനായി തുടര്‍ന്ന പരേഖ് ലയനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നതിനു പിന്നാലെ തന്നെ ജൂണ്‍ 30 ന് സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചിരുന്നു. 
75 വയസ് കഴിഞ്ഞതോടെയാണ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നൊഴിയുന്നത്.
എച്ച്.ഡി.എഫ്.സിയെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഇനിയും ഉയരത്തിലാണെന്നാണ് അദ്ദേഹം ഓഹരി ഉടമകളോട് തന്റെ വിടവാങ്ങല്‍ കത്തില്‍ സൂചിപ്പിച്ചത്.
എളിമയോടെ എന്നും
എളിമയുള്ള ജീവിതരീതിയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. 2022 ലെ കണക്കനുസരിച്ച് 155 കോടി രൂപയാണ് അദ്ദേഹത്തിന്റെ ഓഹരി വിഹിതം. സ്റ്റാര്‍ട്ടപ്പ് കമ്പനി സ്ഥാപകര്‍ പോലും ആസ്തി ഉയര്‍ത്തികൊണ്ടിരിക്കുമ്പോഴാണ് ഇതെന്നതാണ് ശ്രദ്ധേയം. എച്ച്.ഡി.എഫ്‌സിയില്‍ അദ്ദേഹത്തിന്റെ ഓഹരി പങ്കാളിത്തം 0.04 ശതമാനം മാത്രമാണ്. ശമ്പളക്കാരനായ ഒരു വ്യക്തിയുടെ മാനസികാവസ്ഥയുള്ള സംരംഭകന്‍ എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. 2021 ലാണ് അദ്ദേഹം മുംബൈയില്‍ 50 കോടി രൂപയുടെ ഫ്‌ളാറ്റ് സ്വന്തമാക്കുന്നത്.
സ്ഥാപനത്തിന്റെ നടത്തിപ്പിലും സാമൂഹ്യപ്രതിബദ്ധതയിലും കാര്‍ക്കശ്യം പുലര്‍ത്തിയ അദ്ദേഹം സുസ്ഥര വികസനവും സാമ്പത്തിക ഉള്‍പ്പെടുത്തലും പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി ശ്രമങ്ങള്‍ക്കും മുന്‍കൈയെടുത്തു. എച്ച്.ഡി.എഫ്.സിയിലെ ചെയര്‍മാന്‍ സ്ഥാനം കൂടാതെ ടാറ്റ ഗ്രൂപ്പ്, ഐ.സി.ഐ.സി.ഐ ബാങ്ക്, നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ്  ഇന്ത്യ ഉള്‍പ്പെടെയുള്ള കമ്പനികളുടെ ബോര്‍ഡ് അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഇക്കണോമിക് അഡൈ്വസറി കൗണ്‍സില്‍ അംഗവുമാണ്.
എച്ച്.ഡി.എഫ്.സിയെ സംബന്ധിച്ച് പരേഖിന്റെ പടിയിറക്കം ഒരു പ്രധാന നാഴികകല്ലായിരിക്കും. എന്നാല്‍ അദ്ദേഹം അവശേഷിപ്പിക്കുന്ന പാരമ്പര്യം വര്‍ഷങ്ങളോളം കമ്പനിയേയും ജീവനക്കാരേയും പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും.
Tags:    

Similar News