ഡല്‍ഹി വിമാനത്താവളത്തിലെ ഒന്നാം നമ്പര്‍ ടെര്‍മിനല്‍ തുറക്കാന്‍ ഒരു മാസമെടുക്കും
വിമാന സര്‍വീസുകള്‍ മറ്റു ടെര്‍മിനലുകളേക്ക് മാറ്റുന്നു
കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മേല്‍കൂര തകര്‍ന്ന ഡല്‍ഹി വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനല്‍ തുറക്കാന്‍ ഇനിയും ഒരു മാസമെടുക്കും. ഇതോടെ ഡല്‍ഹി വിമാനത്താവളത്തില്‍ തിരക്ക് വര്‍ധിച്ചു. നിലവില്‍ 2,3 ടെര്‍മിനലുകളാണ് പ്രവര്‍ത്തിക്കുന്നത്. പ്രധാനമായും ഡോമസ്റ്റിക് സര്‍വ്വീസുകളെയാണ് ബാധിച്ചിരിക്കുന്നത്.
ഒന്നാം ടെര്‍മിനലില്‍ നിന്ന് സര്‍വ്വീസ് നടത്തിയിരുന്ന ഇന്റിഗോ,സ്പെസ് ജെറ്റ് സര്‍വ്വീസുകള്‍ താല്‍കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. മറ്റു കമ്പനികളുടെ സര്‍വീസുകള്‍ 2,3 ടെര്‍മിനലുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്റിഗോയുടെ വരും ദിവസങ്ങളിലേക്കുള്ള 72 സര്‍വീസുകള്‍ മറ്റു ടെര്‍മിനലുകളിലേക്ക് മാറ്റി. സ്പെസ് ജെറ്റ് സര്‍വ്വീസുകളും ജുലൈ ഏഴു മുതല്‍ 2,3 ടെര്‍മിനലുകളില്‍ നിന്നാണ് സര്‍വീസ് നടത്തുക.
പരിശോധന തുടരുന്നു
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവത്തിലെ ടെര്‍മിനല്‍ ഒന്നിലെ മേല്‍കൂര ശക്തമായ കാറ്റിലും മഴയിലും നിലം പൊത്തിയത്. അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. ഏഴു പേര്‍ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ തകര്‍ന്നു.
അപകടത്തെ തുടര്‍ന്ന് ഡല്‍ഹി ഐ.ഐ.ടിയിലെ വിദഗ്്ദരുടെ നേതൃത്വത്തില്‍ ടെര്‍മിനല്‍ ഒന്നില്‍ പരിശോധന നടത്തി. സ്ട്രക്ച്ചറല്‍ എന്‍ജിനിയര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അറ്റകുറ്റ പണികള്‍ക്ക് ഒരുമാസം എടുക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. മാത്രമല്ല, ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം വിദഗ്ധ സമിതിയുടെ പരിശോധന കൂടി പൂര്‍ത്തിയായ ശേഷമേ ടെര്‍മിനല്‍ തുറന്നു കൊടുക്കൂ.