ഹോട്ട്‌സ്റ്റാറിനെ ലയിപ്പിക്കുന്ന ജിയോയ്ക്ക് മുട്ടന്‍ പണി കൊടുത്ത് ടെക്കി; ആ ഡൊമെയ്ന്‍ ജിയോ വാങ്ങുമോ?
സ്വന്തം സ്റ്റാര്‍ട്ടപ്പ് കമ്പനിയുമായി മുന്നോട്ടു പോകുന്ന വ്യക്തിയാണ് താനെന്ന് പറയുന്ന ഇയാള്‍ പക്ഷേ പേര് വെളിപ്പെടുത്തുന്നില്ല
ഇന്ത്യന്‍ വിനോദ വ്യവസായ രംഗത്തെ വലിയ വാര്‍ത്തകളിലൊന്നാണ് സ്റ്റാര്‍ ഇന്ത്യ-വയാകോം18 ലയനം. ഇരു കമ്പനികളും ചേര്‍ന്ന് ഒരൊറ്റ കമ്പനിയായി മാറുന്നതോടെ ചാനല്‍, ഒ.ടി.ടി രംഗത്ത് റിലയന്‍സിന്റെ മേധാവിത്വം വര്‍ധിക്കും. ലയനത്തോടെ ഒ.ടി.ടി രംഗത്തും വലിയ മാറ്റം വരും. ജിയോ സിനിമയെന്ന റിലയന്‍സിന്റെ ഒ.ടി.ടി പ്ലാറ്റ്‌ഫോം പ്രവര്‍ത്തനം നിറുത്തുമെന്നാണ് വിവരം. പകരം ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാര്‍ എന്നത് ജിയോഹോട്ട്‌സ്റ്റാര്‍ എന്നായി മാറുമെന്നും സൂചനയുണ്ട്.
ലയന നടപടികള്‍ ഒരുവശത്ത് പുരോഗമിക്കുന്നതിനിടെ മറുവശത്ത് റിലയന്‍സ് അധികൃതര്‍ക്ക് വലിയ തലവേദനയായിരിക്കുകയാണ് ഡല്‍ഹിയില്‍ നിന്നുള്ള ഒരു ആപ്പ് ഡെലവപ്പര്‍. jiohotstar.com എന്ന പേരിലുള്ള ഡൊമെയ്ന്‍ ഇയാളുടെ കൈവശമാണ്. ഈ വെബ് അഡ്രസ് വച്ച് സെര്‍ച്ച് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഹോംപേജില്‍ റിലയന്‍സ് അധികൃതര്‍ക്കുള്ള കത്തും ഇയാള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആവശ്യം കേംബ്രിഡ്ജ് പഠനം
സ്വന്തം സ്റ്റാര്‍ട്ടപ്പ് കമ്പനിയുമായി മുന്നോട്ടു പോകുന്ന വ്യക്തിയാണ് താനെന്ന് പറയുന്ന ഇയാള്‍ പക്ഷേ പേര് വെളിപ്പെടുത്തുന്നില്ല. 2023ല്‍ സോഷ്യല്‍മീഡിയ വഴിയാണ് ഹോട്ട്‌സ്റ്റാര്‍-ജിയോ ലയനത്തെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നതെന്ന് ഇയാള്‍ വിശദീകരിക്കുന്നു. മുമ്പ് മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സാവന്‍ എന്ന കമ്പനിയെ ഏറ്റെടുത്ത ശേഷം ജിയോസാവന്‍ എന്നു റിലയന്‍സ് പേരുമാറ്റിയിരുന്നു.
ഇതുപോലെ ജിയോഹോട്ട്‌സ്റ്റാര്‍ എന്ന പേരിലേക്ക് ഹോട്ട്‌സ്റ്റാറും മാറിയേക്കുമെന്ന പ്രതീക്ഷയിലാണ് താന്‍ ഈ ഡൊമെയ്ന്‍ സ്വന്തമാക്കിയതെന്ന് കുറിപ്പില്‍ പറയുന്നു. 2021ല്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ ഒരു പ്രോജക്ടില്‍ സെലക്ഷന്‍ ലഭിച്ചെന്നും അവിടെ എന്റര്‍പ്രെണര്‍ഷിപ്പില്‍ കോഴ്‌സ് ചെയ്യുകയെന്നത് തന്റെ ജീവിതലക്ഷ്യമാണെന്നും പറയുന്ന കുറിപ്പില്‍ തനിക്ക് ഈ കോഴ്‌സ് ചെയ്യാനുള്ള ചെലവ് റിലയന്‍സ് വഹിച്ചാല്‍ ഡൊമെയ്ന്‍ നല്‍കാന്‍ തയാറാണെന്നും വ്യക്തമാക്കുന്നു. വിഷയത്തില്‍ ജിയോ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.