ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ്, നിക്ഷേപ സംഗമം ഇന്ന് കൊച്ചിയില്‍
ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തിലുള്ള ഏഴാമത് ബിഎഫ്എസ്ഐ സമിറ്റും അവാര്‍ഡ്നൈറ്റും കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍
ഓഹരി വിപണി ചാഞ്ചാടുന്ന ഈ നാളുകളില്‍ എന്തായിരിക്കണം നിക്ഷേപ തന്ത്രം? ബാങ്കിംഗ് തട്ടിപ്പുകളില്‍ നിന്ന് രക്ഷനേടാന്‍ മാര്‍ഗങ്ങളുണ്ടോ? വരും നാളുകളില്‍ വായ്പ അനുവദിക്കുമ്പോള്‍ ബാങ്കുകള്‍ എന്തെല്ലാം കാര്യങ്ങളാകും പരിശോധിക്കുക? ഇങ്ങനെ ഒട്ടനവധി സംശയങ്ങള്‍ക്കുള്ള മറുപടി; ഒപ്പം മറ്റനേകം പുതിയ കാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന ബാങ്കിംഗ്, നിക്ഷേപ സംഗമം ഇന്ന്
കൊച്ചിയില്‍ നടക്കും.
ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ കൊച്ചി ലെ മെറിഡിയനില്‍ രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെ നീളുന്ന സമിറ്റിലും അവാര്‍ഡ് ദാന ചടങ്ങിലുമായി ദേശീയ, രാജ്യാന്തര തലത്തിലെ 15 ലേറെ പ്രമുഖര്‍ പ്രഭാഷണം നടത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 400 ലേറെ പേര്‍ സംബന്ധിക്കും.
പ്രഗത്ഭരുടെ സംഗമ വേദി
കെ വെങ്കടാചലം അയ്യര്‍ ആന്‍ഡ് കോ ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റ്സ് സീനിയര്‍ പാര്‍ട്ണറും ധനം ബിഎഫ്എസ്ഐ സമിറ്റ് അഡൈ്വസറി കമിറ്റി അധ്യക്ഷനുമായ എ ഗോപാലകൃഷ്ണന്റെ സ്വാഗത പ്രസംഗത്തോടെ കോണ്‍ഫറന്‍സിന് തുടക്കമാകും. ഉദ്ഘാടന സമ്മേളനത്തില്‍ റിസര്‍വ് ബാങ്ക് ഇന്ത്യ എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ ജെ കെ ഡാഷ് മുഖ്യപ്രഭാഷണം നടത്തും.
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഇന്‍വെസ്റ്റര്‍ റിലേഷന്‍ഷിപ്പ് മേധാവി രോഹിന്ദ് മന്ദോത്ര, ഇന്ത്യന്‍ മൂലധന വിപണി കെട്ടിപ്പടുക്കുന്നതില്‍ റീറ്റെയ്ല്‍ നിക്ഷേപകര്‍ വഹിക്കുന്ന പങ്കിനെ അധികരിച്ച് പ്രഭാഷണം നടത്തും. മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്റ്റര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പ്രത്യേക പ്രഭാഷണം നിര്‍വഹിക്കും.
രാജ്യം ഏറെ ആദരവോടെ നോക്കുന്ന ഫണ്ട് മാനേജറും 3P ഇന്‍വെസ്റ്റ്മെന്റ് മാനേജേഴ്സിന്റെ സ്ഥാപകനും സിഐഒയുമായ പ്രശാന്ത് ജെയ്ന്‍, ആര്‍ബിഐ മുന്‍ എക്സിക്യൂട്ടിവ് ഡയറക്റ്ററും ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഇന്‍ഡിപെന്‍ഡന്റ് ഡയറക്റ്ററുമായ ഗണേഷ് കുമാര്‍, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ചെയര്‍മാന്‍ പി ആര്‍ രവി മോഹന്‍ തുടങ്ങിയവര്‍ വിവിധ മേഖലകളെ അധികരിച്ച് പ്രഭാഷണം നടത്തും.
ഇന്ത്യയിലെ പ്രമുഖ വാല്യു ഇന്‍വെസ്റ്ററും ഇക്വിറ്റി ഇന്റലിജന്‍സ് സ്ഥാപകനും സിഇഒയുമായ പൊറിഞ്ചു വെളിയത്തുമായി ധനം ബിസിനസ് മീഡിയ റിസര്‍ച്ച് വിഭാഗം മേധാവി സഞ്ജയ് ഏബ്രഹാം നടത്തുന്ന സംവാദമാണ് സമിറ്റിലെ മറ്റൊരു ആകര്‍ഷണം.
ഗിഫ്റ്റ് സിറ്റിയിലെ പ്രവാസികള്‍ക്കായുള്ള നിക്ഷേപ അവസരങ്ങളെക്കുറിച്ച് മിറെ അസറ്റ് മാനേജേഴ്സിന്റെ പ്രിന്‍സിപ്പല്‍ ഓഫീസര്‍ ശോഭിത് മേത്ത പ്രഭാഷണം നടത്തും.
മണപ്പുറം ഫിനാന്‍സ് മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ വി പി നന്ദകുമാറുമായി ഡിബിഎഫ്എസ് എംഡി പ്രിന്‍സ് ജോര്‍ജ് നടത്തുന്ന ചര്‍ച്ചയാണ് സമിറ്റിലെ മറ്റൊരു സെഷന്‍.
ഓഹരി വിപണിയില്‍ ഇപ്പോള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ വിശദമാക്കുന്ന പാനല്‍ ചര്‍ച്ചയില്‍ നിക്ഷേപ വിദഗ്ധനും ഐഡിബിഐ കാപ്പിറ്റല്‍ മുന്‍ റിസര്‍ച്ച് മേധാവിയുമായ എ കെ പ്രഭാകര്‍, അക്യുമെന്‍ കാപ്പിറ്റല്‍ മാര്‍ക്കറ്റ് എംഡി അക്ഷയ് അഗര്‍വാള്‍ എന്നിവര്‍ സംബന്ധിക്കും. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അസോസിയേറ്റ് ഡയറക്റ്റര്‍ ഡോ. രഞ്ജിത് ആര്‍ ജിയാണ് പാനല്‍ ചര്‍ച്ച നയിക്കുക.
പ്രതിഭകള്‍ക്ക് ആദരം
വൈകീട്ട് നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ മുഖ്യാതിഥിയായെത്തും. ബാങ്കിംഗ്, ഇന്‍ഷുറന്‍സ് രംഗത്ത് മികവുറ്റ പ്രകടനം കാഴ്ചവെച്ചവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ കേന്ദ്രമന്ത്രി വിതരണം ചെയ്യും.
അവാര്‍ഡ് നൈറ്റില്‍ ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ കെവിഎസ് മണിയന്‍ മുഖ്യപ്രഭാഷണം നടത്തും. ബാലപ്രതിഭയും ഇന്നൊവേറ്ററുമായ പതിനൊന്ന് വയസുകാരന്‍ ഡോ. സ്വയം സോധ പ്രത്യേക പ്രഭാഷണം നടത്തും.
സ്പീഡ് നെറ്റ് വര്‍ക്കിംഗ്, ആവേശം പകരുന്ന ഗെയ്മുകള്‍, നെറ്റ് വര്‍ക്കിംഗ് ഡിന്നര്‍ എന്നിവയെല്ലാം സമിറ്റിന്റെ ഭാഗമായുണ്ടാകും.