ധനം ബിസിനസ് പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ജിയോജിത് ഫിനാഷ്യല്‍ സര്‍വീസസ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ എ. ബാലകൃഷ്ണന്
ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ ടാറ്റ സ്റ്റീല്‍ ഗ്ലോബല്‍ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ ടി.വി നരേന്ദ്രന്‍ അവാര്‍ഡ് സമ്മാനിച്ചു
ധനം ബിസിനസ് പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ജിയോജിത് ഫിനാഷ്യല്‍ സര്‍വീസസ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ എ. ബാലകൃഷണന്‍ ഏറ്റുവാങ്ങി. കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ ടാറ്റ സ്റ്റീല്‍ ഗ്ലോബല്‍ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ ടി.വി നരേന്ദ്രന്‍ അവാര്‍ഡ് സമ്മാനിച്ചു. പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ വേണുഗോപാല്‍ സി. ഗോവിന്ദ്, എല്‍.ഐ.സി മുന്‍ മാനേജിംഗ് ഡയറക്ടര്‍ ടി.സി സുശീല്‍കുമാര്‍, ധനം ബിസിനസ് മീഡിയ എക്സിക്യൂട്ടിവ് എഡിറ്റര്‍ കെ.പി.എം ബഷീര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
25 വര്‍ഷം മുമ്പ് എ. ബാലകൃഷ്ണന്‍ ചീഫ് ടെക്‌നോളജി ഓഫീസറായി ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡില്‍ ചേരുമ്പോള്‍ അദ്ദേഹത്തിന് മുന്നില്‍ വലിയൊരു ഉത്തരവാദിത്തമായിരുന്നു ഉണ്ടായിരുന്നത്. ഒരു പുതുതലമുറ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്ഥാപനത്തിന് വളരാനും മുന്നേറാനും എന്തിന് നിലനില്‍ക്കാന്‍ പോലും ഏറ്റവും അഡ്വാന്‍സ്ഡ് ആയ ടെക്‌നോളജി പ്ലാറ്റ്‌ഫോമുകള്‍ തന്നെ വേണം.
വഴികാട്ടാനോ മാതൃകയാക്കാനോ മുന്നില്‍ ആരുമില്ലാതിരുന്ന കാലത്താണ് ജിയോജിത് എന്ന സ്ഥാപനം സ്വന്തം മേഖലയില്‍ സ്വയം വഴിവെട്ടി വളര്‍ന്നത്. ഇന്ന് ഈ സ്ഥാപനം ഫിനാന്‍ഷ്യല്‍ മേഖലയില്‍ ദേശീയതലത്തില്‍ തന്നെ ശക്തമായ സാന്നിധ്യമായതിന് പിന്നില്‍ ടെക്‌നോളജിയുടെ പങ്ക് ചെറുതല്ല. ഈ സാങ്കേതികവിദ്യാ മുന്നേറ്റത്തിന് നേതൃത്വം കൊടുക്കാന്‍ കഴിഞ്ഞതില്‍ എ. ബാലകൃഷ്ണന് അഭിമാനിക്കാം. ഇന്ന് അദ്ദേഹം 14 ലക്ഷം കസ്റ്റമേഴ്‌സിന്റെ ഒരു ലക്ഷം കോടിയിലേറെ രൂപയുടെ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടിവ് ഡയറക്റ്ററാണ്.
സാധാരണക്കാരായ ആളുകള്‍ ഓഹരിവിപണിയെ പേടിച്ചുനിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ജിയോജിത് മുന്നോട്ടുവരുന്നത്. ടെക്‌നോളജി കാര്യക്ഷമമായി ഉപയോഗിച്ചുകൊണ്ട് 90കളുടെ അവസാനത്തിലും 21ാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിലും റീറ്റെയ്ല്‍ നിക്ഷേപകരുടെ ഓഹരി വിപണി പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ജിയോജിത് നടത്തിയ ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ബാലകൃഷ്ണനായിരുന്നു.
ടെക്‌നോളജി അധിഷ്ഠിതമായ സേവനശൃംഖല സ്ഥാപിക്കുന്നതിന്റെ നേതൃത്വം വഹിച്ചത് ബാലകൃഷ്ണന്‍ ആയിരുന്നു. കൂടാതെ ജി.സി.സി രാജ്യങ്ങളില്‍ കമ്പനിയുടെ സേവന ശൃംഖലകള്‍ സ്ഥാപിച്ച് പ്രവാസികള്‍ക്ക് ഇന്ത്യന്‍ ഓഹരിവിപണിയില്‍ നിക്ഷേപിക്കുന്നതിന് അവസരം നല്‍കാനും അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ വഴിയൊരുക്കി. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഉപവിഭാഗമായ ജിയോജിത് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ തുടക്കം മുതല്‍ 2018 വരെ ബാലകൃഷ്ണന്‍ സി.ഇ.ഒ ആയി പ്രവര്‍ത്തിച്ചു.
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന് പുറമേ അദ്ദേഹം ബര്‍ജീല്‍ ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എല്‍.എല്‍.സി (യു.എ.ഇ), ജിയോജിത് ഐ.എഫ്.എസ്.സി ലിമിറ്റഡ്, ബി.ബി.കെ ജിയോജിത് ബിസിനസ് ഇന്‍ഫര്‍മേഷന്‍ & കണ്‍സള്‍ട്ടന്‍സി (കുവൈറ്റ്) എന്നീ സ്ഥാപനങ്ങളുടെ ബോര്‍ഡില്‍ അദ്ദേഹമുണ്ട്.