ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഒക്ടോബര്‍ 17

Update: 2020-10-17 13:15 GMT

വീണ്ടും പറക്കാനൊരുങ്ങി ജെറ്റ് എയര്‍വേയ്‌സ്

ജെറ്റ് എയര്‍വേയ്‌സ് വീണ്ടും ടേക്ക് ഓഫിന്. പതിനെട്ട് മാസമായി പ്രവര്‍ത്തനം നിലച്ചുകിടക്കുന്ന, പതിനാറ് മാസമായി ഐ ബി സി (ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്കറപ്‌സി കോഡ്) നടപടികള്‍ക്ക് വിധേയമാകുന്ന ജെറ്റ് എയര്‍വേയ്‌സിന് മുന്നില്‍ വീണ്ടും പുനരുജ്ജീവനത്തിനുള്ള വഴി തുറന്നു. കല്‍റോക് കാപ്പിറ്റലും മുരാരി ലാല്‍ ജലാനും സമര്‍പ്പിച്ച പുനരുജ്ജീവന പദ്ധതിക്ക് ക്രെഡിറ്റര്‍മാരുടെ കമ്മിറ്റി അനുമതി നല്‍കിയതോടെയാണിത്. ഇ വോട്ടിംഗില്‍ കല്‍റോക് കണ്‍സോര്‍ഷ്യത്തിന്റെ പദ്ധതിക്ക് വലിയ ഭൂരിപക്ഷമാണ് ലഭിച്ചതെന്ന് സൂചനകളുണ്ട്.

യൂറോപ്യന്‍ സംരംഭകനായ ഫ്‌ളോറിയന്‍ ഫ്രിറ്റ്ച സ്ഥാപിച്ച കല്‍റോക് കാപ്പിറ്റല്‍ റിയല്‍ എസ്റ്റേറ്റ്, വെഞ്ച്വര്‍ കാപ്പിറ്റല്‍ രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുരാരി ലാല്‍ ജലാന്‍ റിയല്‍ എസ്റ്റേറ്റ്, മൈനിംഗ്, ട്രേഡിംഗ് തുടങ്ങി അനേകം രംഗങ്ങളില്‍ നിക്ഷേപം നടത്തിയിരിക്കുന്ന വ്യക്തിയാണ്. യുഎഇ, ഇന്ത്യ, റ,്‌യ, ഉസ്ബക്കിസ്ഥാന്‍ എന്നിവിടങ്ങളിലായി മുരാരി ലാല്‍ ജലാന്റെ ബിസിനസ് സാമ്രാജ്യം പരന്നുകിടക്കുന്നു. 2019 ഏപ്രില്‍ 17നാണ് ജെറ്റ് എയര്‍വേയ്‌സിന്റെ വിമാനം അവസാനമായി പറന്നത്.

'വിശപ്പ് സൂചിക'യിലും ഇന്ത്യ പാക്കിസ്ഥാനും ബംഗ്ലാദേശിനും പുറകില്‍

ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സില്‍ ഇന്ത്യ 94ാം സ്ഥാനത്ത്. 107 രാജ്യങ്ങളാണ് സൂചികയില്‍ ഉള്ളത്. വിശപ്പ് രഹിത രാജ്യമാക്കാനുള്ള നടപടികള്‍ പ്രവര്‍ത്തികമാക്കുന്നതില്‍ പരാജയപ്പെട്ടതും പദ്ധതികളുടെ നടത്തിപ്പില്‍ ഫലപ്രദമായ നിരീക്ഷണം ഏര്‍പ്പെടുത്താതതും തണുപ്പന്‍ സമീപവുമാണ് ഇന്ത്യയെ ഹംഗര്‍ ഇന്‍ഡെക്‌സിനെ സീരിയസ് കാറ്റഗറിയിലേക്ക് എത്തിച്ചത്.

ഇന്ത്യയ്‌ക്കൊപ്പം ബംഗ്ലാദേശും പാക്കിസ്ഥാനും സീരിയസ് കാറ്റഗറിയില്‍ ഉണ്ടെങ്കിലും അവയുടെ സ്ഥാനം ഇന്ത്യയേക്കാള്‍ മുന്നിലാണ്. ബംഗ്ലാദേശ് 75ാം റാങ്കില്‍. പാക്കിസ്ഥാന്‍ 88ാം സ്ഥാനത്ത്. 78ാം സ്ഥാനത്ത് മ്യാന്‍മറുമുണ്ട്.

സ്ഫുട്‌നിക് വാക്‌സിന്‍ ട്രയലിന് ഡോ.റെഡ്ഢീസിന് അനുമതി

റഷ്യ വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലിനും വിതരണത്തിനും ഡോ. റെഡ്ഢീസിനും റഷ്യന്‍ ഡയറക്റ്റ് ഇന്‍വെസ്റ്റ്‌മെന്റിനും ഡിസിജിഐ അനുമതി ലഭിച്ചു. കഴിഞ്ഞ മാസം ഡോ.റെഡ്ഢീസും ആര്‍ഡിഐഎഫും സ്ഫുട്‌നിക് വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലിനും ഇന്ത്യയിലെ വിതരണത്തിനും ധാരണയിലെത്തിയിരുന്നു. എന്നാല്‍ റഷ്യയുടെ സോവറിന്‍ വെല്‍ത്ത് ഫണ്ടായ ആര്‍ഡിഐഎഫ് ഇതുവരെ വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മിക്കാനുള്ള കരാറില്‍ ഒപ്പുവെച്ചിട്ടില്ല. 

വഴങ്ങാതെ സംസ്ഥാനങ്ങള്‍, ജിഎസ്ടി പ്രതിസന്ധി തീരുന്നില്ല

ജിഎസ്ടി വരുമാന നഷ്ടത്തെ ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. വരുമാന നഷ്ടം നികത്താന്‍ കേന്ദ്ര സര്‍ക്കാര്‍ 1.10 ലക്ഷം കോടി രൂപ കടമെടുത്ത് സംസ്ഥാനങ്ങള്‍ക്ക് നല്‍കാമെന്ന ഉറപ്പിലും തൃപ്തരാകാതെ സംസ്ഥാനങ്ങള്‍. കേരളവും ഛത്തീസ്ഗഡുമാണ് ഇപ്പോള്‍ എതിര്‍പ്പുമായി രംഗത്തുള്ളത്. ആകെ നഷ്ടമായി കണക്കാക്കിയിട്ടുള്ള 2.35 ലക്ഷം കോടി രൂപയും കേന്ദ്ര സര്‍ക്കാര്‍ തന്നെ കടമെടുത്ത് നല്‍കണമെന്നാണ് കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം.

അതേസമയം കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചത് 1.10 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ കടമെടുത്ത് നല്‍കാമെന്നും 1.06 ലക്ഷം കോടി രൂപ അതാത് സംസ്ഥാനങ്ങള്‍ സ്വന്തം നിലയില്‍ കടമെടുക്കണമെന്നുമാണ്. ഇതോടെ ആകെ നഷ്ടത്തിന്റെ 90 ശതമാനം കണ്ടെത്താനാകും.
എന്നാല്‍ 1.06 ലക്ഷം കോടി രൂപയുടെ കടബാധ്യത ഏറ്റെടുക്കാന്‍ ആവില്ലെന്നാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ നിലപാട്.

കോവിഡ് വാക്‌സിന്‍ ഡിസംബറില്‍ വിപണിയിലിറക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

60-70 മില്യണ്‍ ഡോസ് കോവിഡ്-19 വാക്‌സിന്‍ ഡിസംബറോടെ വിപണിയിലിറക്കുമെന്ന് പൂന ആസ്ഥാനമായുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രസെനേകയുമായി ചേര്‍ന്നാണ് വാക്‌സിന്റെ നിര്‍മാണം.

സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ കൂടുതല്‍ ഡോസ് വാക്‌സിന്‍ വിപണിയിലിറക്കാന്‍ കഴിയുമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ഡോ. സുരേഷ് ജാദവ് ഒരു എന്‍ജിഒ സംഘടിപ്പിച്ച ചടങ്ങില്‍ വ്യക്തമാക്കുന്നു. അടുത്ത വര്‍ഷം മാര്‍ച്ചോടെ ഇന്ത്യന്‍ വിപണിയില്‍ കോവിഡ് വാക്‌സിന്‍ സുലഭമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് അപ്‌ഡേറ്റ്‌സ് (17- 10- 2020)

കേരളത്തില്‍ ഇന്ന് :

രോഗികള്‍: 9,016
മരണം :  26

ഇന്ത്യയില്‍ ഇതുവരെ :

രോഗികള്‍: 7,432,680

മരണം : 112,998

ലോകത്ത് ഇതുവരെ:

രോഗികള്‍: 39,266,928
മരണം :  1,103,517

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News