ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; സെപ്റ്റംബര്‍ 17, 2020

Update: 2020-09-17 14:42 GMT

സാമ്പത്തിക വീണ്ടെടുക്കല്‍ ക്രമാനുഗതമായിരിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍

കൊവിഡ് 19 ആഘാതത്തില്‍ നിന്നും രാജ്യം സാമ്പത്തിക വീണ്ടെടുക്കലിന്റെ പാതയിലേക്കെത്തുക ക്രമാനുഗതമായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി. സാമ്പത്തിക വീണ്ടെടുക്കല്‍ ഇതുവരെ പൂര്‍ണമായി ഉറപ്പിച്ചിട്ടില്ലെന്നും, 2021 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ ജിഡിപി ഡാറ്റ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ എങ്ങനെ പ്രതിസന്ധി ബാധിച്ചുവെന്നതിന്റെ പ്രതിഫലനമാണെന്നും FICCI ദേശീയ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തില്‍ സംസാരിച്ച ശക്തികാന്ത ദാസ് അഭിപ്രായപ്പെട്ടു.

ലോക്ഡൗണിന്റെ ഭാഗമായി ഏപ്രില്‍ - ജൂണ്‍ പാദത്തില്‍ ജിഡിപി 23.9 ശതമാനം ചുരുങ്ങിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 'വീണ്ടെടുക്കല്‍ ഇതുവരെ പൂര്‍ണമായ ഘട്ടത്തിലേക്ക് കടന്നിട്ടില്ല. ചില മേഖലകളില്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ ശ്രദ്ധയില്‍പ്പെട്ട ഒപ്റ്റിക്, സമനിലയിലായതായി തോന്നുന്നു. നിലവില്‍ ലഭ്യമായ എല്ലാ സൂചനകളും അനുസരിച്ച്, സമ്പദ്വ്യവസ്ഥ വീണ്ടും തുറക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കിടയില്‍ രോഗവ്യാപനം വര്‍ധിക്കുന്നതിനാല്‍ വീണ്ടെടുക്കല്‍ വൈകാനുള്ള സാധ്യതയേറയാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ കടുത്ത പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോവുന്ന സമയത്താണ് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ അഭിപ്രായങ്ങള്‍ എന്നതും ശ്രദ്ധേയം. ചില ഉയര്‍ന്ന ആവൃത്തി സൂചകങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ സ്ഥിരത ഉറപ്പാക്കുന്നുവെന്നും ശക്തികാന്ത ദാസ് പറയുന്നു. മറ്റ് പല മേഖലകളിലെയും സങ്കോചങ്ങള്‍ ഒരേസമയം ലഘൂകരിക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍.

ലിക്വിഡിറ്റി ഇന്‍ഫ്യൂഷനിലൂടെ വായ്പാ ലഭ്യത ഉറപ്പാക്കിയതും അദ്ദേഹം വ്യക്തമാക്കി. കടുത്ത പ്രതിസന്ധി നേരിടുന്ന സമ്പദ്വ്യവസ്ഥയെ കൂടുതല്‍ സുസ്ഥിരമാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സുസജ്ജമാണെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

അനില്‍ അംബാനിക്കെതിരെയുള്ള എസ്ബിഐയുടെ ഹര്‍ജി തള്ളി സുപ്രീം കോടതി

അനില്‍ അംബാനിക്ക് താല്‍ക്കാലിക ആശ്വാസം. റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ അനില്‍ അംബാനിക്കെതിരായ എസ്ബിഐ ഹര്‍ജിഇന്ന് സുപ്രീം കോടതി ഇന്ന് തള്ളി. അനില്‍ അംബാനിയുടെ പാപ്പരത്ത നടപടികള്‍ക്ക് ഡല്‍ഹി ഹൈക്കോടതി അനുവദിച്ച സ്റ്റേ നീക്കാന്‍ എസ്ബിഐ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം ഇന്ന് തള്ളിയത്. അനില്‍ അംബാനിക്കെതിരായ നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ഓഗസ്റ്റ് അവസാനമാണ് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടത്.

സ്ബിഐയില്‍നിന്നെടുത്ത 1,200 കോടി രൂപയുടെ വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഒക്ടോബര്‍ ആറിന് ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി ഡല്‍ഹി ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ എസ്ബിഐയ്ക്ക് ഹര്‍ജിയില്‍ മാറ്റം വരുത്താമെന്നും കോടതി വ്യക്തമാക്കി.

ആരോഗ്യ പ്രവര്‍ത്തകരുടെ ഇന്‍ഷുറന്‍സ് ആറു മാസം കൂടി നീട്ടി

കൊവിഡ് -19 നെ നേരിടാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി. പ്രധാന്‍ മന്ത്രി ഗരിബ് കല്യാണ്‍ പാക്കേജ് ഇന്‍ഷുറന്‍സ് പദ്ധതി മാര്‍ച്ച് 30 നാണ് ആരംഭിച്ചത്. കൊവിഡ് രോഗികളുമായി നേരിട്ട് ബന്ധപ്പെടുകയും പരിചരണത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതിനാല്‍ രോഗബാധിതരാകാന്‍ സാധ്യതയുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിച്ചത്. 50 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കുന്ന ഇന്‍ഷുന്‍സ് പദ്ധതിയാണിത്.

ലോക്ഡൗണ്‍ കാലത്ത് രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി 90 ദിവസത്തേക്ക് ആരംഭിച്ച പദ്ധതിയുടെ കാലാവധി സെപ്തംബര്‍ 25ന് അവസാനിക്കാനിരിക്കവെയാണ് വീണ്ടും ആറുമാസത്തേക്ക് കൂടി ഇന്‍ഷുറന്‍സ് നീട്ടിയത്.

സ്വകാര്യ ആശുപത്രി ജീവനക്കാര്‍, വിരമിച്ചവര്‍, സന്നദ്ധപ്രവര്‍ത്തകര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, കരാര്‍ ജീവനക്കാര്‍, ദൈനംദിന വേതനം പറ്റുന്നവര്‍, താല്‍ക്കാലിക ജീവനക്കാര്‍, സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്ന ഔട്ട്‌സോഴ്‌സ്ഡ് സ്റ്റാഫ്, കേന്ദ്ര ആശുപത്രികള്‍, കേന്ദ്രത്തിലെ സ്വയംഭരണ ആശുപത്രികള്‍, സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, എയിംസ്, ഐഎന്‍ഐ, കൊറോണ വൈറസ് ചികിത്സ നല്‍കുന്ന എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് ജീവനക്കാര്‍ പദ്ധതിയുടെ കീഴില്‍ വരുന്നു.

സഹകരണ ബാങ്കുകള്‍ക്ക് കുരുക്ക്, ബിനാമി എക്കൗണ്ടുകള്‍ക്ക് തിരിച്ചടി

ബാങ്കിംഗ് നിയന്ത്രണഭേദഗതി ബില്‍ ലോകസഭ പാസാക്കിയതോടെ സഹകരണ ബാങ്കുകള്‍ക്ക് മേലുള്ള കുരുക്കുകള്‍ മുറുകുകയാണ്. സഹകരണ ബാങ്കുകള്‍ക്ക് മേല്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ബില്‍ ആണിത്.

ഇതോടെ ബാങ്കിംഗ് ലൈസന്‍സുള്ള കേരളത്തിലെ 60 അര്‍ബന്‍ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ റിസര്‍വ് ബാങ്ക് ഇടപെടും. നിക്ഷേപകന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന നിയമമാണെങ്കിലും സഹകരണ ബാങ്കുകള്‍ക്ക് മേല്‍ വാണിജ്യ ബാങ്കുകള്‍ക്ക് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

കെവൈസി (know your custmer) ശക്തമാക്കുന്നതോടെ ബിനാമി ഇടപാടുകള്‍ക്ക് നിയന്ത്രണം വരും. സ്വാഭാവികമായും അര്‍ബന്‍ ബാങ്കുകളിലെ എക്കൗണ്ടുകളുടെ എണ്ണത്തെ ഇത് ബാധിക്കും. മാത്രവുമല്ല നിയന്ത്രണങ്ങള്‍ വരുന്നതോടെ അര്‍ബന്‍ ബാങ്കുകള്‍ക്ക് ലാഭക്ഷമതയെന്ന് വളരെ പ്രധാനമാകും. നേരത്തെ നല്‍കിയിരുന്നതുപോലെ കൂടുതല്‍ പലിശനിരക്ക് നിക്ഷേപന് നല്‍കാന്‍ സഹകരണ ബാങ്കുകള്‍ക്ക് കഴിയാതെ വന്നേക്കാം. ഇത് സഹകരണ ബാങ്കുകളുടെ ആകര്‍ഷണീയ കുറയുന്നതിന് കാരണമാകും.

സ്വര്‍ണവിലയില്‍ ഇടിവ്; താഴ്ന്നത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില

ഇന്ന് (17092020) സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഒരു പവന് 200 രൂപ കുറഞ്ഞ് 37960 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വില പവന് 37360 രൂപയാണ്. സ്വര്‍ണ വില കുത്തനെ ഉയര്‍ന്നതോടെ സ്വര്‍ണത്തിന്റെ വില്‍പ്പനയില്‍ കാര്യമായ കുറവുണ്ടായിരുന്നു. കൂടാതെ കോവിഡ് വ്യാപനവും സ്വര്‍ണവിപണിയെ സാരമായി ബാധിച്ചിരുന്നു.

ഇന്ത്യന്‍ വിപണയിലും സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ആഗോള നിരക്കിന്റെ ഇടിവിനെ തുടര്‍ന്നാണ് ദേശീയ വിപണിയിലും ഇടിവ് പ്രകടമായത്. എംസിഎക്‌സില്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.85 ശതമാനം ഇടിഞ്ഞ് 51391 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകള്‍ കിലോയ്ക്ക് 1.4 ശതമാനം ഇടിഞ്ഞ് 67798 രൂപയിലെത്തി. കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യയില്‍ സ്വര്‍ണ വില കുത്തനെ ഇടിഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ സെഷനില്‍ സ്വര്‍ണ വില 0.1 ശതമാനം ഉയര്‍ന്നപ്പോള്‍ വെള്ളി വിലയില്‍ കാര്യമായ മാറ്റമില്ലായിരുന്നു.

ആഗോള വിപണിയില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്ന് കുറഞ്ഞു. അടുത്ത കുറച്ച് വര്‍ഷങ്ങള്‍ വരെ പലിശനിരക്ക് പൂജ്യത്തിനടുത്ത് നിലനിര്‍ത്താമെന്ന ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനവും ആഗോള സാമ്പത്തിക വീണ്ടെടുക്കലിനെക്കുറിച്ചുള്ള ആശങ്കകളും സ്വര്‍ണത്തെ താഴ്ന്ന നിലവാരത്തില്‍ എത്താന്‍ സഹായിച്ചതായാണ് വിപണി നിരീക്ഷകര്‍ പറയുന്നത്.

സംസ്ഥാനത്ത് 4351 പേര്‍ക്കുകൂടി കോവിഡ്

സംസ്ഥാനത്ത് വ്യാഴാഴ്ച 4351 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പത്ത് മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 4081 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്തവര്‍ 351. ആരോഗ്യ പ്രവര്‍ത്തകര്‍ 71. 45,730 സാംപിളുകള്‍ പരിശോധിച്ചു.

ഓഹരി വിപണിയില്‍ ഇടിവ്; സെന്‍സെക്സ് 323 പോയ്ന്റ് താഴ്ന്നു

കഴിഞ്ഞ രണ്ടുദിവസമായി നേട്ടം രേഖപ്പെടുത്തിയ വിപണി ഇന്ന് ഇടിവോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സും നിഫ്റ്റിയും ഇന്ന ഏകദേശം ഒരു ശതമാനത്തോളമാണ് ഇടിവ് രേഖപ്പെടുത്തിയത്. പലിശയെ സംബന്ധിച്ച് ഫെഡറല്‍ റിസര്‍വിന്റെ സൂചനകളും ജിയോപൊളിറ്റിക്കല്‍ സംഘര്‍ഷങ്ങളുമാണ് ഇന്ന് നിക്ഷേപകരുടെ താല്‍പ്പര്യങ്ങളെ സ്വാധീനിച്ചത്.

സെന്‍സെക്സ് 323 പോയ്ന്റ്, 0.82 ശതമാനം ഇടിഞ്ഞ് 38,980ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് സൂചികയിലെ 30 കമ്പനികളില്‍ 26ഉം താഴ്ച്ച രേഖപ്പെടുത്തി. നിഫ്റ്റി 88 പോയ്ന്റ്, 0.76 ശതമാനം, ഇടിഞ്ഞ് 11,516ല്‍ ക്ലോസ് ചെയ്തു.

ഇന്ന് വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ ഓഹരി വിലയില്‍ നാല് ശതമാനത്തിലേറെ വര്‍ധന നേടിയപ്പോള്‍ എച്ച്സിഎല്‍ ടെക് രാജ്യത്തെ ഏറ്റവും മൂല്യമേറിയ പത്ത് കമ്പനികളുടെ പട്ടികയിലേക്ക് കടന്നു. ബിഎസ്ഇ മിഡ്കാപ് സൂചിക 0.24 ശതമാനം ഉയര്‍ന്നപ്പോള്‍ സ്മോള്‍കാപ് സൂചിക 0.53 ശതമാനം ഇടിഞ്ഞു.

കേരള കമ്പനികളുടെ പ്രകടനം

കേരളം ആസ്ഥാനമായുള്ള നാല് ബാങ്കുകളുടെയും ഓഹരി വിലകള്‍ ഇന്ന് താഴ്ചയാണ് രേഖപ്പെടുത്തിയത്. സിഎസ്ബി ബാങ്ക് ഓഹരി വില 1.06 ശതമാനം താഴ്ന്നപ്പോള്‍ ഫെഡറല്‍ ബാങ്കിന്റെ വിലയില്‍ 1.56 ശതമാനം കുറവുണ്ടായി. ധനലക്ഷ്മി ബാങ്ക് ഓഹരി വില 1.06 ശതമാനവും സൗത്ത് ഇന്ത്യന്‍ ബാങ്ക് രണ്ടുശതമാനത്തിലേറെയും കുറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News