ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഓഗസ്റ്റ് 05, 2020

Update: 2020-08-05 15:32 GMT

കൊറോണ അപ്‌ഡേറ്റ്‌സ്

ഇന്ന് കേരളത്തില്‍

കേരളത്തില്‍ ഇന്ന് 1195 പേര്‍ക്ക് കൂടി കോവിഡ്. (ഇന്നലെ: 962) 11,492 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ : 1,908,254 (ഇന്നലെ വരെയുള്ള കണക്ക്: 1,855,745)

മരണം : 39,795 (ഇന്നലെ വരെയുള്ള കണക്ക്: 38,938)

ലോകത്ത് ഇതുവരെ

രോഗികള്‍: 18,540,119 (ഇന്നലെ വരെയുള്ള കണക്ക്: 18,282,208)

മരണം: 700,647 (ഇന്നലെ വരെയുള്ള കണക്ക്: 693,694)

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിലവാരം

സ്വര്‍ണം ഒരു ഗ്രാം (22 കാരറ്റ്): 5150 രൂപ (ഇന്നലെ 5035രൂപ )

ഒരു ഡോളര്‍: 74.80 രൂപ (ഇന്നലെ: 75.06 രൂപ )

ക്രൂഡ് ഓയ്ല്‍ നിലവാരം

WTI Crude43.26+1.56
Brent Crude46.00+1.57
Natural Gas2.210+0.017

ഓഹരിവിപണിയില്‍ ഇന്ന്

കരുത്തുറ്റ പ്രകടനത്തോടെയായിരുന്നു ഇന്ന് ഓഹരി വിപണിയില്‍ വ്യാപാരം തുടങ്ങിയത്. പക്ഷേ ബ്ലു ചിപ് ഓഹരികളായ റിലയന്‍സ് ഇന്‍ഡ്സ്ട്രീസ്, എച്ച് ഡി എഫ് സി ബാങ്ക്, ഇന്‍ഫോസിസ് എന്നിവയുടെ വില താഴേയ്ക്ക് പോയപ്പോള്‍ ചാഞ്ചാട്ടത്തിനൊടുവില്‍ വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 25 പോയ്ന്റ് (0.07 ശതമാനം) താഴ്ന്ന് 37,663ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 11,102ലും ക്ലോസ് ചെയ്തു. സെന്‍സെക്സിലെ 30 ഓഹരികളില്‍ 19 എണ്ണവും നേട്ടമുണ്ടാക്കിയപ്പോള്‍ 11 എണ്ണത്തില്‍ ഇടിവ് പ്രകടമായി.

കേരള കമ്പനികളുടെ പ്രകടനം

പതിനഞ്ചോളം കേരള കമ്പനികള്‍ ഇന്ന് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബാങ്കിംഗ് ഓഹരികളില്‍ ധനലക്ഷ്മി ബാങ്കിന്റെ ഓഹരി ഒഴികെ മറ്റെല്ലാം ബാങ്കിംഗ് ഓഹരികളും ഇന്ന് നേട്ടത്തോടെ ക്ലോസ് ചെയ്തു. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരി ഇന്ന് മികച്ച പ്രകടനം കാഴ്ചവെച്ചു. മൂന്നുശതമാനത്തിലേറെ ഉയര്‍ന്ന് 40.45 രൂപയിലെത്തി.

മറ്റ് ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍

ചെറുകിട, ഇടത്തരം ബിസിനസുകളെ സജീവമാക്കണമെന്ന് ടാറ്റാ സണ്‍സ് ചെയര്‍മാന്‍

സാമ്പത്തിക രംഗത്തെ വീണ്ടടുപ്പിന് ചെറുകിട, ഇടത്തരം ബിസിനസുകളുടെ (എസ്എംഇ) ദുരവസ്ഥ മാറ്റിയെടുക്കേണ്ടതുണ്ടെന്ന് ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍. വലിയ ബിസിനസുകള്‍ പോലെ തന്നെ പ്രധാനപ്പെട്ട ഈ മേഖലയില്‍ സംരംഭകത്വത്തിന്റെ ഒരു പുതിയ സംസ്‌കാരം വളര്‍ന്നുവരണമെന്നും 26-ാമത് ലളിത് ദോഷി സ്മാരക പ്രഭാഷണം നടത്തവേ അദ്ദേഹം അഭിപ്രായപ്പെട്ടു.ഒറ്റപ്പെട്ട മേഖലകളുടെ ഉത്തേജനത്തിലൂടെ കൊറോണ വൈറസ് പ്രതിസന്ധിയെ മറികടക്കാന്‍ കഴിയില്ലെന്നും ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടി.

വെന്റിലേറ്ററുകളുടെ കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്രസര്‍ക്കാര്‍

എല്ലാവിധ വെന്റിലേറ്ററുകളുടെയും കയറ്റുമതിക്കുള്ള നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ നീക്കം ചെയ്തു. ആഗോളതലത്തില്‍ വെന്റിലേറ്ററുകളുടെ ഇപ്പോഴത്തെ ദൗര്‍ലഭ്യം കണക്കിലെടുത്ത് ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്ക് അനുകൂലമായ അവസരം ഉണ്ടാക്കുകയാണ് ലക്ഷ്യം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റേതാണ് നടപടി. മാര്‍ച്ച് 24 നാണ് ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് വെന്റിലേറ്റര്‍ കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

കോവിഡ്19 ചികിത്സയ്ക്ക് മിതവിലയുള്ള മരുന്ന് പുറത്തിറക്കി സണ്‍ ഫാര്‍മ

കോവിഡ്19 ചികിത്സയ്ക്കായി മരുന്ന് പുറത്തിറക്കി പ്രമുഖ മരുന്ന് നിര്‍മാതാക്കളായ സണ്‍ ഫാര്‍മ. മിതമായി മാത്രം രോഗബാധയുള്ളവരുടെ ചികിത്സയ്ക്കാണ് ഫാവിപിരാവിര്‍ എന്ന ഈ മരുന്ന് ഉപയോഗിക്കുക. താരതമ്യേന കുറഞ്ഞ വിലയില്‍ ആണ് തങ്ങള്‍ ഈ മരുന്ന് പുറത്തിറക്കിയിരിക്കുന്നത് എന്നാണ് സണ്‍ ഫാര്‍മയുടെ ഇന്ത്യന്‍ സിഇഒ കീര്‍ത്തി ഗനോര്‍ക്കര്‍ പ്രതികരിച്ചത്.

സ്വര്‍ണക്കടത്തില്‍ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടിയുമായി എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്

തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ചു. സ്വത്ത് മരവിപ്പിക്കാന്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്ട്രേഷന്‍ ഐ.ജി ക്ക് കത്ത് നല്‍കി. സ്വത്ത് വിവരങ്ങള്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറണം. ഇവ പിന്നീട് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടും.

ഓഫര്‍ ടിക്കറ്റ് വില്‍പ്പന നിര്‍ത്തി വയ്ക്കണം: സ്പൈസ് ജെറ്റിനോട് ഡിജിസിഎ

തിങ്കളാഴ്ച ആരംഭിച്ച അഞ്ച് ദിവസത്തെ ഓഫര്‍ ടിക്കറ്റ് വില്‍പ്പന നിര്‍ത്തി വയ്ക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) സ്പൈസ് ജെറ്റിനോട് ആവശ്യപ്പെട്ടു. സ്പൈസ് ജെറ്റ് അഞ്ച് ദിവസത്തെ '1 + 1 ഓഫര്‍ വില്‍പ്പന' പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര വിമാന ടിക്കറ്റുകള്‍ക്ക് നികുതികള്‍ ഒഴികെ 899 രൂപ വരെ കുറഞ്ഞ നിരക്കാണ് സ്‌പൈസ് ജെറ്റ് വാഗ്ദാനം ചെയ്തിരുന്നത്.

പുനരുപയോഗ ഊര്‍ജ്ജ രംഗത്തും വന്‍ ലക്ഷ്യം നിര്‍വചിച്ച് റിലയന്‍സ്

പുനരുപയോഗ ഊര്‍ജ്ജ മേഖലയിലും ചുവടുറപ്പിക്കാന്‍ വിപുല പദ്ധതിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. ഹൈഡ്രജന്‍, കാറ്റ്, സൗരോര്‍ജ്ജം, ഇന്ധന സെല്ലുകള്‍, ബാറ്ററി എന്നിവയുമായി ബന്ധപ്പെട്ട് 2035 നുള്ളില്‍ ലക്ഷ്യം കൈവരിക്കാനുദ്ദേശിച്ചുള്ള പദ്ധതിക്കായി ഏതാനും ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനാണ് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി തയ്യാറെടുക്കുന്നത്. ഒക്ടോബറില്‍ രണ്ടാം പാദ സാമ്പത്തിക ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരുമെന്ന്് കമ്പനി അധികൃതര്‍ അറിയിച്ചു.ഇന്ത്യയുടെ ഇന്ധന മിശ്രിതത്തില്‍ താപ വൈദ്യുതിക്കാണ് നിലവില്‍ മുന്‍തൂക്കം- 64 ശതമാനം.

വോഡഫോണുമായി പുതിയ ഇടപാടുകളിലേര്‍പ്പെടാന്‍ പ്രമുഖ കമ്പനികള്‍ക്കു മടി

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോണ്‍ ഐഡിയയുമായി പുതിയ ഇടപാടുകള്‍ക്കു മുതിരാന്‍ പ്രമുഖ കമ്പനികള്‍ക്കു വിമുഖത. നോകിയ, എറിക്സണ്‍, വാവെ തുടങ്ങിയ സപ്ളൈയര്‍മാരെല്ലാം തന്നെ വോഡഫോണ്‍ ഐഡിയയില്‍ നിന്ന് പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നു. വിപുലീകരണ പദ്ധതികള്‍ മന്ദഗതിയിലാകാനും വരിക്കാരെ ഇനിയും നഷ്ടപ്പെടാനുമിടയാക്കുന്ന സാഹചര്യമാണ് ഇതു വഴിയുണ്ടാകുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News