ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജൂണ്‍ 24,2020

Update: 2020-06-24 14:27 GMT

ഇന്ന് കേരളത്തില്‍ 152 കോവിഡ് ബാധിതര്‍

സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 81 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ വിദേശത്തുനിന്നു വന്നതാണ്. 46 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്. സമ്പര്‍ക്കം മൂലം എട്ടുപേര്‍ക്ക് രോഗം ബാധിച്ചു. ഇന്നലെ ആകെ 141 രോഗകളായിരുന്നു സംസ്ഥാനത്ത്.

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരില്‍ രോഗം സ്ഥിരീകരിച്ചവര്‍: ഡല്‍ഹി-15, പശ്ചിമ ബെംഗാള്‍-12, മഹാരാഷ്ട്ര-5, തമിഴ്നാട്-5, കര്‍ണാടക-4, ആന്ധ്രപ്രദേശ്-3, ഗുജറാത്ത്-1 ഗോവ-1

പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: പത്തനംതിട്ട-25, കൊല്ലം-18, കണ്ണൂര്‍-17 പാലക്കാട്-16, തൃശ്ശൂര്‍-15, ആലപ്പുഴ-15, മലപ്പുറം-10, എറണാകുളം-8, കോട്ടയം-7, ഇടുക്കി-6. കാസര്‍കോട്-6, തിരുവനന്തപുരം-4, കോഴിക്കോട്-3, വയനാട്-2.

ഇന്ത്യയില്‍ ഇന്ന്

രോഗികള്‍: 456,183 (ഇന്നലെ : 440,215 )

മരണം : 14,476 (ഇന്നലെ : 14,011)

ലോകത്ത് ഇന്ന്

രോഗികള്‍ : 9,263,466 (ഇന്നലെ : 9,098,641 )

മരണം: 477,584 (ഇന്നലെ :472,171 )

ഓഹരിവിപണിയില്‍ ഇന്ന്

ഫിനാന്‍ഷ്യല്‍, ഓട്ടോ, ഫാര്‍മ സെക്ടറുകളിലെ വില്‍പ്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വിപണി സൂചികകള്‍ താഴ്ന്നു. ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സ് കോണ്‍ട്രാക്ര്റ്റുകളിലെ കാലാവധി തീരാന്‍ സമയമായതാണ് വില്‍പ്പനയ്ക്ക് ആക്കം കൂട്ടിയത്. ഇതോടൊപ്പം ലോക വ്യാപകമായി കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതും നിക്ഷേപകരെ വില്‍പ്പനയ്ക്കായി പ്രേരിപ്പിച്ചിട്ടുണ്ട്. സെന്‍സെക്സ് 561 പോയ്ന്റ് ഇടിഞ്ഞ് 34,869ല്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, പവര്‍ഗ്രിഡ് എന്നിവയാണ് ഇന്ന് ഏറ്റവും കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയ ഓഹരികളില്‍ ചിലത്.

കേരള കമ്പനികളുടെ പ്രകടനം

എട്ട് കേരള കമ്പനികളൊഴികെ മറ്റെല്ലാം ഇന്ന് റെഡ് സോണിലാണ്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ വില ഇന്നും ഒരു ശതമാനത്തിലേറെ ഉയര്‍ന്നു. സിഎസ്ബി ബാങ്ക് ഓഹരി വില മൂന്നുശതമാനത്തിലേറെ വര്‍ധിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്കും തിളക്കമാര്‍ന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 7.19 ശതമാനം ഉയര്‍ന്ന് 9.09 രൂപയില്‍ ഇന്ന് എസ്ഐബി ഓഹരി എത്തി. ഫെഡറല്‍ ബാങ്ക് വില അഞ്ചു ശതമാനത്തോളം കുറഞ്ഞു.

സ്വര്‍ണം, ഡോളര്‍, ക്രൂഡ് ഓയ്ല്‍ നിലവാരം

ഒരു ഗ്രാം സ്വര്‍ണം (22കാരറ്റ്) : 4,470 രൂപ ഇന്നലെ (4,461 രൂപ )

ഒരു ഡോളര്‍ : 75.62 (ഇന്നലെ : 75.64 രൂപ)

ക്രൂഡ് ഓയ്ല്‍

WTI Crude39.50-0.87
Brent Crude41.82-0.81
Natural Gas1.644+0.007

കൂടുതല്‍ പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍:

ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ഉത്പാദനം മാറ്റാനൊരുങ്ങി ആഗോള ബ്രാന്‍ഡുകള്‍

കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ഉത്പാദനം മാറ്റാന്‍ തയ്യാറായി കൂടുതല്‍ ആഗോള ബ്രാന്‍ഡുകള്‍. ആപ്പിള്‍ ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികള്‍ ചൈനയിലെ ഉത്പാദന പ്ലാന്റുകള്‍ അടയ്ക്കാന്‍ തയ്യാറെടുക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്ന് കൂടുതല്‍ വന്‍കിട ബ്രാന്‍ഡുകള്‍ പിന്‍മാറുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ലോകത്തെ ഏറ്റവും സമ്പന്ന പട്ടികയില്‍ ഇടം നേടി സൈറസ് പൂനാവാലയും

കൊവിഡ് കാലത്ത് രാജ്യത്ത് സമ്പത്ത് വളര്‍ത്തിയവരില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകന്‍ ഡോ. സൈറസ് പൂനാവാലയും. ലോകത്തിലെ ഏറ്റവും വലിയ 100 സമ്പന്നരുടെ ഹുറൂണ്‍ പട്ടികയില്‍ ആദ്യമായി ഇടം നേടിയിരിക്കുകയാണ് അദ്ദേഹം. ഇന്ത്യയിലെ ശതകോടീശ്വരന്‍മാരുടെ ഇടയില്‍ ഏറ്റവും വേഗത്തില്‍ സമ്പത്ത് വളര്‍ത്തിക്കൊണ്ടിരിയ്ക്കുന്ന ആളാണ് അദ്ദേഹം. ഇത്തവണ 57 സ്ഥാനങ്ങള്‍ മറികടന്നാണ് ഹുറൂണ്‍ പട്ടികയില്‍ ആദ്യ 100-ല്‍ ഈ വാക്സിന്‍ രാജാവ് ഇടം പിടിച്ചിരിക്കുന്നത്.

കോവിഡ് പരിരക്ഷയുള്ള ഇന്‍ഷുറന്‍സ് പോളിസി ഇറക്കാന്‍ അനുമതി

കോവിഡിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന ഹ്രസ്വകാല പോളിസികള്‍ വിപണിയിലെത്തിക്കാന്‍ ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) അനുമതി നല്‍കി. മൂന്നുമാസം മുതല്‍ 11 മാസം വരെയുള്ള കാലയളവില്‍ പരിരക്ഷ ഉറപ്പാക്കുന്ന ഹെല്‍ത്ത് പോളിസിയാകും വിപണിയിലെത്തുക. വ്യക്തിഗത-ഗ്രൂപ്പ് പോളിസികളും പുറത്തിറക്കാം.

അര്‍ബന്‍ സഹകരണ ബാങ്കുകള്‍ ആര്‍ബിഐയുടെ നിയന്ത്രണത്തിലേക്ക്

രാജ്യത്തെ അര്‍ബന്‍ സഹകരണ ബാങ്കുകളും മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിന്‍ കീഴില്‍ കൊണ്ടുവരാനുള്ള ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.ഇതുവഴി 1482 അര്‍ബന്‍ സഹകരണ ബാങ്കുകള്‍, 587 മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകള്‍ എന്നിവ റിസര്‍വ് ബാങ്കിന്റെ കീഴിലാകും.

തര്‍ക്കം മറന്ന് റഷ്യയില്‍ ഇന്ത്യ- ചൈന സൈനിക പരേഡ്

ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തിലും ഇരുരാജ്യങ്ങളിലെയും സേനകള്‍ റഷ്യയില്‍ സൈനിക പരേഡില്‍ പങ്കെടുത്തു. മോസ്‌കോയില്‍ രണ്ടാം ലോകമഹായുദ്ധ വിജയത്തിന്റെ 75-ാമത് വിക്ടറി ഡെ പരേഡിലാണ് ഇരുസേനകളും മാര്‍ച്ച് ചെയ്തത്. ഇന്ത്യയും ചൈനയും റഷ്യയും ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍ നിന്നുള്ള സൈനിക സംഘങ്ങള്‍ പരേഡില്‍ പങ്കെടുത്തു. റഷ്യന്‍ സന്ദര്‍ശനത്തിനെത്തിയ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പരേഡ് വീക്ഷിക്കാനെത്തിയിരുന്നു.

അരാംകോയ്ക്കും റിലയന്‍സ് ഓഹരി വില്‍ക്കാനുള്ള നീക്കം സജീവമാക്കി അംബാനി

മെഗാ ഓഹരി വില്‍പ്പനയും റൈറ്റ്‌സ് ഇഷ്യുവും വഴി 1.68 ലക്ഷം കോടി രൂപ സമാഹരിച്ച ശേഷം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി 1500 കോടി ഡോളറിന്റെ ഓഹരി വില്പന നടത്താന്‍ സൗദി അരാംകോയുമായുള്ള ആശയവിനിമയം സജീവമാക്കിയതായി റിപ്പോര്‍ട്ട്. നേരത്തെ നടന്ന ചര്‍ച്ചകളുടെ അനുബന്ധമായി സൗദി അരാംകോയാണ് ചര്‍ച്ച പുനരാരംഭിക്കാന്‍ മുന്‍കയ്യെടുത്തതെന്നാണ് സൂചന.

കോവിഡിന് മരുന്ന്: പതഞ്ജലിയോടു വിശദീകരണം തേടി കേന്ദ്രം; പരസ്യം പാടില്ല

കോവിഡിനു മരുന്ന് കണ്ടുപിടിച്ചെന്ന അവകാശവാദത്തെപ്പറ്റി പതഞ്ജലിയോടു വിശദീകരണം തേടി കേന്ദ്ര ആയുഷ് മന്ത്രാലയം. മരുന്നിന്റെ ഗവേഷണം, പരീക്ഷണം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായി മന്ത്രാലയം അറിയിച്ചു. അവകാശവാദത്തിന്റെ സാധുത പരിശോധിച്ച് ഉറപ്പാക്കുന്നതുവരെ മരുന്നിന്റെ പരസ്യങ്ങള്‍ പാടില്ലെന്നും നിര്‍ദ്ദേശിച്ചു.

റിലയന്‍സ് ഇന്റസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ശമ്പളത്തില്‍ 12 ാം വര്‍ഷവും മാറ്റമില്ല

റിലയന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ശമ്പളത്തില്‍ 12 ാം വര്‍ഷവും മാറ്റമില്ല. മാര്‍ച്ച് 12 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പ്രകാരം 15 കോടിയാണ് അദ്ദേഹത്തിന്റെ വാര്‍ഷിക ശമ്പളം. എന്നാല്‍ കോവിഡുമായി ബന്ധപ്പെട്ട് 2019-20 സാമ്പത്തിക വര്‍ഷത്തിലെ വേതനം വേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു. ശമ്പളം, ആനുകൂല്യങ്ങള്‍, കമ്മിഷന്‍ എന്നിവയുള്‍പ്പടെയാണ് 15 കോടി. എന്നാല്‍ അംബാനിയുടെ അടുത്ത ബന്ധുക്കളായ നിഖില്‍, ഹിതല്‍ മേസ്വാനി എന്നിവരടക്കമുള്ള ഡയറക്ടര്‍മാരുടെ വേതനത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്.

ചെറുകിട നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നു; പുതിയ അക്കൗണ്ടുകള്‍ 18 ലക്ഷം

കോവിഡ് വ്യാപനത്തിന്റെ സാമ്പത്തികാഘാതം അവഗണിച്ച് ഓഹരി വിപണിയില്‍ ആഭ്യന്തര നിക്ഷേപകര്‍ കാര്യമായ നിക്ഷേപം നടത്തുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. പുതിയ നിക്ഷേപകരാണ് വിപണിയില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതില്‍ മുന്നില്‍. മാര്‍ച്ചിനുശേഷം 18ലക്ഷം ട്രേഡിങ്-ഡീമാറ്റ് അക്കൗണ്ടുകളാണ് പുതിയതായി തുറന്നത്. ധനകാര്യം, ടെലികോം, വന്‍കിട മരുന്നുകമ്പനികള്‍ എന്നിവയുടെ ഓഹരികളിലാണ് നിക്ഷേപമേറെയും.

മെയ് മാസത്തിലെ എണ്ണ ഇറക്കുമതി 8 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

ഇന്ധന ആവശ്യകതയില്‍ തുടര്‍ച്ചയായ കുറവുണ്ടായതിനെത്തുടര്‍ന്ന് ഇന്ത്യയിലെ എണ്ണ ഇറക്കുമതി 2011 ഒക്ടോബറിന് ശേഷം ഈ മെയ് മാസത്തില്‍ ഏറ്റവും താഴ്ന്ന നിലയിലെത്തി. സംഭരണശക്തിയില്‍ കുറവുണ്ടായതിനാല്‍ റിഫൈനറികള്‍ വാങ്ങല്‍ വെട്ടിക്കുറച്ചതായി വ്യവസായ വൃത്തങ്ങളില്‍ നിന്ന് ലഭിച്ച പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നു. മെയ് മാസത്തില്‍ ഇന്ത്യ പ്രതിദിനം 3.18 ദശലക്ഷം ബാരല്‍ എണ്ണ (ബിപിഡി) ഇറക്കുമതി ചെയ്തു, ഏപ്രില്‍ മാസത്തില്‍ നിന്ന് 31 ശതമാനം താഴെ. അതേസമയം കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 26 ശതമാനവും കുറഞ്ഞു.

ബിഎസ്എന്‍എല്‍ 4ജി നെറ്റ്വര്‍ക്ക് ടെണ്ടര്‍ നടപടികള്‍ക്കായി എട്ടംഗ വിദഗ്ദ്ധ സമിതിയെ നിയമിച്ചു

ബിഎസ്എന്‍എല്ലിന്റെ 4ജി നെറ്റ്വര്‍ക്കുമായി ബന്ധപ്പെട്ട ടെണ്ടര്‍ നടപടികള്‍ക്കായി എട്ടംഗ വിദഗ്ദ്ധ സമിതിയെ ടെലികോം വകുപ്പ് നിയമിച്ചു. രണ്ടാഴ്ചക്കുള്ളില്‍ ടെണ്ടറില്‍ ഉള്‍പ്പെടുത്തേണ്ട, പദ്ധതിക്കാവശ്യമായ സാങ്കേതിക സംവിധാനങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമിതി സമര്‍പ്പിക്കണം. ആദ്യം പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ക്കെതിരെ ഇന്ത്യന്‍ കമ്പനികള്‍ പരാതി നല്‍കിയിരുന്നു. ആഗോള കമ്പനികളെ മാത്രം ലക്ഷ്യമിട്ട് തയ്യാറാക്കിയ ടെണ്ടറാണെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെയാണ് വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തിയത്.

അതിതീവ്ര മഴക്ക് സാധ്യതയെന്ന് വീണ്ടും നിരീക്ഷണം; ഓറഞ്ച് അലര്‍ട്ട്

കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ജൂണ്‍ 26 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും ജൂണ്‍ 27ന് കോഴിക്കോട് ,വയനാട് ജില്ലകള്‍ക്കുമാണ് ഓറഞ്ച് അലര്‍ട്ടുള്ളത്.

റെക്കോര്‍ഡ് വീണ്ടും തകര്‍ത്ത് സ്വര്‍ണ വില

സ്വര്‍ണ വിലയില്‍ ഇന്നും കുതിപ്പ്. പവന് 240 രൂപ വര്‍ദ്ധിച്ച് 35760 രൂപയാണ് കേരളത്തില്‍ ഇന്നത്തെ നിരക്ക്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. 4470 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ദേശീയ വിപണിയില്‍ 10 ഗ്രാം തങ്കത്തിനു വില 48,333 രൂപയായി.

ടിക്കറ്റ് കൗണ്ടറില്‍ പി.പി.ഇ കിറ്റ് നല്‍കുമെന്ന് പി.വി.ആര്‍ സിനിമാസ്

കോവിഡിന് ശേഷമുള്ള സിനിമാ പ്രദര്‍ശനം കനത്ത ആരോഗ്യ സുരക്ഷാ സംവിധാനങ്ങളൊരുക്കിയുള്ളതായിരിക്കുമെന്നു വ്യക്തമാക്കി മള്‍ട്ടിപ്‌ളെക്‌സ് ശൃഖലയായ പി.വി.ആര്‍ സിനിമാസിന്റെ വീഡിയോ. സാമൂഹിക അകലം അടക്കം പാലിച്ചുള്ള ടിക്കറ്റ് കൗണ്ടറില്‍ പി.പി.ഇ കിറ്റുകള്‍ അടക്കമുള്ളവ പി.വി.ആര്‍ സിനിമാസ് വാഗ്ദാനം ചെയ്യുന്നു.

Money Tok: നിങ്ങളുടെ കുടുംബം കടക്കെണിയില്‍ വീഴാതിരിക്കാന്‍ ചെയ്യേണ്ട 5 കാര്യങ്ങള്‍

കോവിഡിന്റെ പശ്ചാത്തലത്തില്‍ കുടുംബങ്ങള്‍ കടക്കെണിയില്‍ ആകാതിരിക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് പറഞ്ഞു തരികയാണ് സാമ്പത്തിക ഉപദേശകനായ സഞ്ജീവ് കുമാര്‍. സര്‍ട്ടിഫൈയ്ഡ് ഫിനാന്‍ഷ്യല്‍ അഡൈ്വസറും പ്രോഗ്‌നോ അഡൈ്വസേഴ്സ് മാനേജിംഗ് ഡയറക്റ്ററുമാണ് സഞ്ജീവ് കുമാര്‍. പോര്‍ട്ട് ഫോളിയോ മാനേജ് മെന്റ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ അഡൈ്വസിംഗ് രംഗത്ത് 22 വര്‍ഷത്തിലേറെ പ്രവര്‍ത്തി പരിചയമുണ്ട്. അദ്ദേഹത്തിന്. ഇന്ന് ധനം മണി ടോക് പറയുന്നത് കുടുംബങ്ങള്‍ കടക്കെണിയിലാകാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നതാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News