ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍; മെയ് 16, 2020

Update: 2020-05-16 13:54 GMT

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കോവിഡ്

ഇന്ന് കേരളത്തില്‍ 11 പേര്‍ക്ക് കോവിഡ് 19. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള നാലുപേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള മൂന്നുപേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള രണ്ടു പേര്‍ക്കുമാണ് രോഗം്. ഇവരെല്ലാം സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്

ഇന്ത്യയിലെ കോവിഡ് നിരക്ക്

രോഗികള്‍ 85,940 (ഇന്നലെ : 81,970 )
മരണം 2,752 (ഇന്നലെ : 2,649 )

ലോകത്ത്

രോഗികള്‍ 4,542,347 (ഇന്നലെ : 4,442,163 )

മരണം 307,666 (ഇന്നലെ : 302,418)

മറ്റ് പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍:

റിലയന്‍സ് അവകാശ ഓഹരി വില്‍പ്പന 20 മുതല്‍

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അവകാശ ഓഹരി വില്‍പ്പന മെയ് 20 ന് തുടങ്ങും.ജൂണ്‍ 3 വരെ നീണ്ടു നില്‍ക്കും.നിലവിലെ വിലയില്‍ 14 ശതമാനം ഇളവോടെ പ്രതി ഓഹരി വില 1,257 രൂപ ആയിരിക്കും. 1:15 അനുപാതത്തിലുള്ള ഇഷ്യൂ വഴി 53,125 കോടി രൂപ സമാഹരിക്കുകയാണു ലക്ഷ്യം.രാജ്യത്തെ ഏറ്റവും വലിയ അവകാശ ഓഹരി വില്‍പ്പന ആയിരിക്കുമിതെന്നാണ് വിദഗ്ധര്‍ പറയുന്നത്. മുപ്പത് വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് റിലയന്‍സിന്റെ അവകാശ ഓഹരി വില്‍പ്പന.

മടങ്ങിവരുന്ന വിദഗ്ധ തൊഴിലാളികളുടെ ഡാറ്റാബേസ് തയ്യാറാക്കുന്നു

ഗള്‍ഫില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്ന വിദഗ്ധ തൊഴിലാളികളുടെ ഡാറ്റാബേസ് സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനം നൈപുണ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ദേശീയ നൈപുണ്യ വികസന കോര്‍പ്പറേഷനിലൂടെ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു. സമ്പദ്വ്യവസ്ഥ ശക്തിപ്പെടുമ്പോള്‍ നിക്ഷേപകര്‍ക്കായി വിദഗ്ധ തൊഴിലാളികളുടെ ശേഖരം സജ്ജമാക്കാന്‍ വിദേശകാര്യ, സിവില്‍ ഏവിയേഷന്‍ മന്ത്രാലയങ്ങളുടെ സഹായത്തോടെ തൊഴിലാളികള്‍ പങ്കിട്ട വിശദാംശങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് ഇത് ചെയ്യുന്നതെന്ന് ഉന്നതോദ്യോഗസ്ഥര്‍ പറഞ്ഞു. സര്‍ക്കാരിന്റെ നൈപുണ്യ പരിശീലന പരിപാടി നടപ്പിലാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സി കൂടിയാണ് എന്‍എസ്ഡിസി.

ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് 5.8-8.8 ലക്ഷം കോടി ഡോളറിന്റെ നഷ്ടം: എ.ഡി.ബി

കോവിഡ്-19 കാരണം ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് 5.8-8.8 ലക്ഷം കോടി ഡോളറിന്റെ നഷ്ടമുണ്ടാവുമെന്ന് ഏഷ്യന്‍ വികസന ബാങ്ക്. ഇത് ആഗോള ജി.ഡി.പി.യുടെ 6.4-9.7 ശതമാനം വരുമെന്നും എ.ഡി.ബി. പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ നഷ്ടം 14,200-21,800 കോടി ഡോളറാകും. ജി.ഡി.പി.യില്‍ 3.9 മുതല്‍ ആറു ശതമാനം വരെ ഇടിവുണ്ടാകും. സര്‍ക്കാരുകളുടെ ഉത്തേജക പാക്കേജ് അടക്കമുള്ള നടപടികള്‍ മൂലം നഷ്ടം 30-40 ശതമാനം കുറയ്ക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

കൂടുതല്‍ ഡാറ്റ; 84 ദിവസ പ്ലാനുമായി റിലയന്‍സ് ജിയോ

വര്‍ക്ക് ഫ്രം ഹോം ജോലികള്‍ക്കായി കൂടുതല്‍ ഡാറ്റയുള്ള ലോംഗ് വാലിഡിറ്റി പ്ലാനുമായി റിലയന്‍സ് ജിയോ വീണ്ടും. 999 രൂപയുടെ പുതിയ ക്വാര്‍ട്ടര്‍ പ്ലാനിന് 84 ദിവസമാണ് കാലാവധി. പ്രതിദിനം 3 ജി.ബി ഡാറ്റ ലഭ്യമാകും.3000 മിനിറ്റ് ഫ്രീ ടോക്ക് ടൈം കിട്ടും. 100 ഫ്രീ എസ്.എം.എസും ഉണ്ടാവും.

നിലപാടു മാറ്റി വാറന്‍ ബഫെറ്റ്; ബാങ്കിംഗ് ഓഹരികളെ കൈവിടുന്നു

കൊറോണ വൈറസ് പടര്‍ന്നതിന്റെ പേരില്‍ ബാങ്കിംഗ് മേഖല തന്റെ പ്രാഥമിക ആശങ്കയായി മാറില്ലെന്ന് പ്രഖ്യാപിച്ച ശതകോടീശ്വരന്‍ വാറന്‍ ബഫെറ്റ് നിലപാട് മാറ്റിയതായി സൂചന. ഗോള്‍ഡ്മാന്‍ സാക്സ് ഗ്രൂപ്പ് ഓഹരികള്‍ വന്‍തോതില്‍ ബഫെറ്റിന്റെ ബെര്‍ക്ക്‌ഷെയര്‍ ഹാത്വേ വിറ്റഴിച്ചതിന്റെ കണക്കുകള്‍ പുറത്തുവന്നു. കഴിഞ്ഞ വര്‍ഷാവസാനത്തോടെ 12 ദശലക്ഷം ഗോള്‍ഡ്മാന്‍ ഓഹരി ബെര്‍ക്ക്‌ഷെയര്‍ കൈവശം വച്ചിരുന്നു. മാര്‍ച്ച് 31 വരെയുള്ള റെഗുലേറ്ററി ഫയലിംഗില്‍ ഇത് 84 ശതമാനം ഇടിഞ്ഞ് 1.9 ദശലക്ഷമായി. ഓഹരി വിപണി മൂല്യം 2.76 ബില്യണ്‍ ഡോളറില്‍ നിന്ന് 297 മില്യണ്‍ ഡോളറായി കുറഞ്ഞു. ഈ പാദത്തില്‍ ഗോള്‍ഡ്മാന്റെ ഓഹരി വില ഏകദേശം 33% താഴ്ന്നിരുന്നു.

അമേരിക്കയിലെ 118 വര്‍ഷം പഴക്കമുള്ള ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ ശൃംഖല അടച്ചുപൂട്ടുന്നു

കോവിഡ് ബാധയുടെ ആഘാതത്തില്‍ പാപ്പരത്ത നടപടികളിലേക്ക് നീങ്ങി അമേരിക്കയിലെ 118 വര്‍ഷം പഴക്കമുള്ള ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ ശൃംഖലയായ ജെ സി പെന്നി. രാജ്യത്ത് അടച്ചുപൂട്ടലിനു മുമ്പായി ഇത്തരത്തില്‍ നിയമ നടപടിക്കു വിധേയമാകുന്ന നാലാമത്തെ പ്രധാന ചില്ലറ വ്യാപാര സ്ഥാപനമാണിത്. ആഡംബര ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ ശൃംഖലയായ നെയ്മാന്‍ മാര്‍ക്കസ്, ജെ. ക്രൂ, സ്റ്റേജ് സ്റ്റോഴ്സ് എന്നിവയാണ് ഈ മേഖലയില്‍ ഇതിനകം പാപ്പരത്ത നടപടി നേരിടുന്നത്.

ശതകോടികളുടെ അമേരിക്കന്‍ പെന്‍ഷന്‍ ഫണ്ട് നിക്ഷേപം ചൈനയില്‍ നിന്ന് പിന്‍വലിക്കുമെന്ന് ട്രംപ്

ചൈനയില്‍ നിന്ന് ശതകോടിക്കണക്കിന് ഡോളറിന്റെ അമേരിക്കന്‍ പെന്‍ഷന്‍ ഫണ്ട് നിക്ഷേപങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സമാനമായ മറ്റ് നടപടികളും പരിഗണനയിലാണെന്ന് ഫോക്‌സ് ബിസിനസ് ന്യൂസ് അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. അമേരിക്കയില്‍ കോവിഡ് ബാധിച്ചുള്ള മരണം ലക്ഷത്തോടടുക്കുന്നത് നവംബറിലെ തെരഞ്ഞെടുപ്പില്‍ തനിക്കു ഭീഷണിയാകുമെന്ന വിലയിരുത്തലോടെ കോവിഡ് ബാധയുടെ കുറ്റം ചൈനയ്‌ക്കെതിരെ ചുമത്തി പ്രചാരണം തീവ്രമാക്കാനുള്ള നീക്കത്തിലാണ് ട്രംപ്.

സംസ്ഥാനത്ത് പുതുതായി ആറ് ഹോട്ട് സ്പോട്ടുകള്‍

കോവിഡ് 19 രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ ഉള്‍പ്പെടുത്തി. ഇന്ന് ആറ് പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി. കാസര്‍കോട് ജില്ലയിലെ നീലേശ്വരം, കാസര്‍കോട് മുന്‍സിപ്പാലിറ്റികള്‍, കള്ളാര്‍, ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, കരുണാപുരം, വയനാട് ജില്ലയിലെ തവിഞ്ഞാല്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി സ്വകാര്യവല്‍ക്കരിക്കും

കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കുമെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍. ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ നാലാം ഘട്ട പ്രഖ്യാപനത്തിലാണ് വൈദ്യുതി മേഖലയില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളെക്കുറിച്ച് മന്ത്രി വിശദീകരിച്ചത്.
വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭിക്കും. ഇതോടൊപ്പം വൈദ്യുതി വിതരണം മെച്ചപ്പെടുത്താനും സാമ്പത്തികമായ കാര്യക്ഷമത ഉറപ്പാക്കാനും ഇത് സഹായിക്കുമെന്നും മന്ത്രി.

നാളെ സമ്പൂര്‍ണ ലോക് ഡൗണ്‍; ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡി.ജി.പിയുടെ നിര്‍ദ്ദേശം

ഈ ഞായറാഴ്ചയും സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇത് കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി. അവശ്യമേഖലയായി സര്‍ക്കാര്‍ നിര്‍ദേശിച്ച സേവനങ്ങളുമായി ബന്ധപ്പെട്ടു മാത്രമേ ജനങ്ങളെ വെളിയിലിറങ്ങാന്‍ അനുവദിക്കാവൂ എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സ്വര്‍ണം, ഡോളര്‍ നിരക്കുകള്‍

ഇന്നത്തെ സ്വര്‍ണ വില (ഗ്രാമിന്) : 4,350 ( ഇന്നലെ: 4,300 രൂപ)

ഒരു ഡോളര്‍ നിരക്ക് : 75.88 ( ഇന്നലെ: 76.19 രൂപ )

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News