ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മെയ് 17, 2021
അപ്പോളോയും റെഡ്ഡീസ് ലാബും ചേര്‍ന്ന് സ്പുട്‌നിക് വാക്‌സിനേഷന്‍ ആരംഭിച്ചു. നാലാംപാദ അറ്റാദായത്തില്‍ 59 ശതമാനം വര്‍ധനയുമായി ഫെഡറല്‍ ബാങ്ക്. 759 കോടി രൂപ ലാഭം നേടി ഭാരതി എയര്‍ടെല്‍. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ വീണ്ടും മന്ദഗതിയിലാകുന്നതായി നോമൂറ റിപ്പോര്‍ട്ട്. കോവിഡ് വാക്‌സിന്‍ പരീക്ഷണം വിജയമെന്ന് സനോഫി,ജിഎസ്‌കെ. ഓട്ടോ, മെറ്റല്‍, ഫിനാന്‍ഷ്യല്‍ ഓഹരികളുടെ കരുത്തില്‍ ഓഹരി വിപണിയില്‍ ഉണര്‍വ്. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.
ബിസിനസ് പ്രവര്‍ത്തനങ്ങള്‍ വീണ്ടും മന്ദഗതിയിലാകുന്നതായി നോമൂറ റിപ്പോര്‍ട്ട്
കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ 2020 ജൂണിലെ തോതിലേക്ക് താഴുന്നതായി നോമൂറ റിപ്പോര്‍ട്ട് ചെയ്യുന്നു. മൊബിലിറ്റിക്കൊപ്പം മറ്റ് സാമ്പത്തിക സൂചകങ്ങളും മെയ് മാസത്തില്‍ വഷളായി. തൊഴിലില്ലായ്മ നിരക്ക് 8.7 ശതമാനത്തില്‍ നിന്ന് 14.4 ശതമാനമായി ഉയരുകയും ചെയ്തുവെന്നും നോമൂറ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
അപ്പോളോയും റെഡ്ഡീസ് ലാബും ചേര്‍ന്ന് സ്പുട്‌നിക് വാക്‌സിനേഷന്‍ ആരംഭിച്ചു
റെഡ്ഡീസ് ലാബുമായി ചേര്‍ന്ന് റഷ്യന്‍ കോവിഡ് വാക്‌സിനായ സ്പുട്‌നിക് വാക്‌സിന്‍ വിതരണം ആരംഭിച്ച് അപ്പോളോ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ്. ഹൈദരാബാദില്‍ വാക്‌സിനേഷന്‍ ആരംഭിച്ചതായും മെയ് 18 ചൊവ്വാഴ്ച വിശാഖപട്ടണത്ത് തുടങ്ങുമെന്നും ഡോ. റെഡ്ഡീസ് ലാബും അപ്പോളോയും അറിയിച്ചു. കോവിന്‍ രജസ്റ്റര്‍ ചെയ്തവര്‍ക്ക് മുറപോലെ വാക്‌സിനേഷന്‍ നടക്കും.
കോവിഡ് വാക്‌സിന്‍ പരീക്ഷണം വിജയമെന്ന് സനോഫി ജിഎസ്‌കെ
സനോഫി& ജിഎസ്‌കെ (ഗ്ലാക്‌സോസ്മിത്ക്ലിന്‍) കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ വിജയിച്ചതായി റിപ്പോര്‍ട്ട്. രണ്ട് ഡോസുകള്‍ എടുത്ത ആളുകളിലെപരീക്ഷണം വിജയം കണ്ടതായാണ് കമ്പനി തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വരും ആഴ്ചകളില്‍ അവസാനഘട്ട പരീക്ഷണങ്ങളും ഉല്‍പാദനവും ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതായും 2021 അവസാനിക്കുന്നതിനുമുമ്പ് വാക്സിനുള്ള റെഗുലേറ്ററി അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മരുന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു.
നാലാം പാദത്തില്‍ 759 കോടി രൂപ ലാഭം നേടി ഭാരതി എയര്‍ടെല്‍
നാലാം പാദ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ഭാരതി എയര്‍ടെല്ലിന് 759 കോടി രൂപയുടെ ലാഭം. വൈറസ് ബാധയുടെ രണ്ടാം ഘട്ടം രൂക്ഷമായതിനെ തുടര്‍ന്ന് കൂടുതല്‍ വരിക്കാരെ ചേര്‍ക്കാന്‍ കമ്പനിക്കായി. ഡാറ്റ ഉപയോഗം വര്‍ധിക്കുകയും ചെയ്തതായി എയര്‍ടെല്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലഘട്ടത്തില്‍ 5237 കോടി രൂപ നഷ്ടം നേരിട്ട കമ്പനിക്ക് ഇത് റെക്കോര്‍ഡ് നേട്ടമാണ്.
മിനി ടിവി അവതരിപ്പിച്ച് ആമസോണ്‍
സൗജന്യമായി വീഡിയോകള്‍ കാണാനുള്ള മിനി ടിവി അവതരിപ്പിച്ച് ഷോപ്പിംഗ് ആപ്പായ ആമസോണ്‍. ആമസോണ്‍ ഡോട്ട് ഇന്‍ എന്ന ഷോപ്പിംഗ് ആപ്പിലൂടെയാണ് ആമസോണ്‍ മിനി ടിവി ലഭ്യമാകുക.
സംസ്ഥാനത്ത് പ്രതിദിന കേസുകള്‍ കുറയുന്നു
സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 21,402 പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്. 99,651 പേര്‍ രോഗമുക്തി നേടി. പരിശോധനയും കുറഞ്ഞു, 86,505 സാമ്പിളുകള്‍ മാത്രമാണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്.
ഫെഡറല്‍ ബാങ്ക്: നാലാംപാദ അറ്റാദായത്തില്‍ 59 ശതമാനം വര്‍ധന
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ 478 കോടി രൂപ അറ്റാദായം നേടി ഫെഡറല്‍ ബാങ്ക്. അതിനു മുമ്പത്തെ വര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 301 കോടി രൂപയായിരുന്നു. മാത്രമല്ല, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാംപാദത്തിനേക്കാള്‍ കൂടുതല്‍ അറ്റാദായം നാലാംപാദത്തില്‍ നേടാന്‍ ബാങ്കിന് സാധിച്ചു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ മൂന്നാംപാദത്തില്‍ 404 കോടി രൂപയായിരുന്നു അറ്റാദായം.
ഓട്ടോ, മെറ്റല്‍, ഫിനാന്‍ഷ്യല്‍ ഓഹരികളുടെ കരുത്തില്‍ കുതിച്ച് ഓഹരി വിപണി. സെന്‍സെക്സ് 848.18 പോയ്ന്റ് ഉയര്‍ന്ന് 49580.73 പോയ്ന്റിലും നിഫ്റ്റി 245.40 പോയ്ന്റ് ഉയര്‍ന്ന് 14923.20 പോയ്ന്റിലും ക്ലോസ് ചെയ്തു. 2047 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1024 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 215 ഓഹരികളുടെ വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് 19.84 ശതമാനം നേട്ടവുമായി മുന്നിലുണ്ട്. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (4.88 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (4.54 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (3.90 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്സ് (3.35 ശതമാനം), മണപ്പുറം ഫിനാന്‍സ് (2.89 ശതമാനം), കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് (2.64 ശതമാനം) തുടങ്ങി 20 ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.
Gold & Silver Price Today
സ്വര്‍ണം : 4515 , ഇന്നലെ : 4491
വെള്ളി : 72 , ഇന്നലെ : 71
കോവിഡ് അപ്‌ഡേറ്റ്‌സ് - May 17, 2021
കേരളത്തില്‍ ഇന്ന്
രോഗികള്‍:21402
മരണം: 87
ഇന്ത്യയില്‍ ഇതുവരെ
രോഗികള്‍ :24,965,463
മരണം:274,390
ലോകത്തില്‍ ഇതുവരെ
രോഗികള്‍:162,788,478
മരണം: 3,375,243