ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍

Update: 2020-09-03 13:25 GMT

റീറ്റെയ്ല്‍ കിംഗിന്റെ പതനം: കൂടുതല്‍ കരുത്തോടെ മുകേഷ് അംബാനി

റിലയന്‍സ് - ഫ്യൂച്ചര്‍ ഗ്രൂപ്പ് ഡീലിന്റെ ഭാഗമായി 15 വര്‍ഷത്തേക്ക് കിഷോര്‍ ബിയാനിയും അദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗങ്ങളും റീറ്റെയ്ല്‍ മേഖലയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുന്നത് മുകേഷ് അംബാനിക്ക് കൂടുതല്‍ കരുത്താകും. കനത്ത കടഭാരത്തെ തുടര്‍ന്നാണ് രാജ്യത്തെ സംഘടിത റീറ്റെയ്ല്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ച റീറ്റെയ്ല്‍ കിംഗ് കിഷോര്‍ ബിയാനി തന്റെ ഫ്യൂച്ചര്‍ ഗ്രൂപ്പ് സാമ്രാജ്യം മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഗ്രൂപ്പിന് വിറ്റൊഴിഞ്ഞത്.

ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീറ്റെയ്ല്‍, ഹോള്‍സെയ്ല്‍, ലോജിസ്റ്റിക്‌സ്, വെയര്‍ഹൗസിംഗ് വിഭാഗങ്ങള്‍ 24,713 കോടി രൂപയ്ക്കാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് വാങ്ങിയത്. ഇതോടെ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ബിഗ് ബസാര്‍, എഫ്ബിബി, ഫുഡ്ഹാള്‍, ഈസിഡേ, നീല്‍ഗിരീസ്, സെന്‍ട്രല്‍, ബ്രാന്‍ഡ് ഫാക്ടറി എന്നീ ഫോര്‍മാറ്റുകള്‍ മുകേഷ് അംബാനിയുടെ കൈകളിലായി.

ജി - 20 രാജ്യങ്ങള്‍ക്കിടയില്‍ ജിഡിപിയില്‍ ഏറ്റവും ഇടിവ് സംഭവിച്ചത് ഇന്ത്യയില്‍: ഗീതാ ഗോപിനാഥ്

ജി - 20 രാജ്യങ്ങള്‍ക്കിടയില്‍ ജിഡിപിയില്‍ ഏറ്റവും ഇടിവ് സംഭവിച്ചിരിക്കുന്നത് ഇന്ത്യയ്‌ക്കെന്ന് വെളിവാക്കുന്ന ട്വീറ്റുമായി അന്താരാഷ്ട്ര നാണ്യനിധി ചീഫ് ഇക്കണോമിസ്റ്റ് ഗിതാ ഗോപിനാഥ്. ജി-20 രാജ്യങ്ങളുടെ ഏപ്രില്‍ - ജൂണ്‍ മാസത്തെ ജിഡിപി ശതമാനം വെളിവാക്കുന്ന ഗ്രാഫോടെയാണ് ഗീതാ ഗോപിനാഥ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ചൈന ഒഴികെ മറ്റെല്ലാ രാജ്യങ്ങളുടെയും ജിഡിപി ഇക്കാലയളവില്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൈനയുടെ ജിഡിപി തൊട്ടുമുന്‍ ത്രൈമാസത്തെ അപേക്ഷിച്ച് 12. 3 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയുടെ ജിഡിപി 25.6 ശതമാനം ഇടിഞ്ഞതായാണ് ഗീതാ ഗോപിനാഥിന്റെ ട്വീറ്റിലെ ഗ്രാഫിലുള്ളത്. തൊട്ടടുത്ത ബ്രിട്ടന്റെ ജിഡിപിയുടെ ഇടിവ് 20.4 ശതമാനമാണ്.

ഇന്ത്യന്‍ കുടുംബങ്ങളുടെ ഇക്വിറ്റി നിക്ഷേപത്തോത് ആഗോളതലത്തില്‍ ഏറ്റവും കുറവ്

ഇന്ത്യന്‍ കുടുംബങ്ങളുടെ ഇക്വിറ്റിയിലെ നിക്ഷേപം ഇതര ലോക രാജ്യങ്ങളിലെ തോതുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കുറവെന്ന് പഠനം. മോത്തിലാല്‍ ഓസ്വാള്‍ നടത്തിയ പഠനമാണ് ഇന്ത്യന്‍ കുടുംബങ്ങളുടെ ഫിനാന്‍ഷ്യല്‍ ബാലന്‍സ് ഷീറ്റില്‍ ഇക്വിറ്റികള്‍ക്കുള്ള ആസ്തി വിഹിതം ശരാശരി 14 ശതമാനമാണെന്ന് വെളിവാക്കുന്നത്. എന്നാല്‍ അമേരിക്കയില്‍ ഇത് 45.5 ശതമാനമാണ്. സ്‌പെയ്ന്‍, കാനഡ, ചൈന എന്നീ രാജ്യങ്ങളാണ് അമേരിക്കയെ പിന്തുടര്‍ന്ന് ഈ പട്ടികയില്‍ മുന്‍നിരയിലുള്ളത്.

റെയില്‍വേ ബോര്‍ഡ് പുനഃക്രമീകരണത്തിന് അംഗീകാരം, വി കെ യാദവ് ആദ്യ സി ഇ ഒ

റെയ്ല്‍വേ ബോര്‍ഡ് പുനഃക്രമീകരണത്തിന് കാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരം. നിലവില്‍ റെയ്ല്‍വേ ബോര്‍ഡിന്റെ ചെയര്‍മാനായ വിനോദ് കുമാര്‍ യാദവാണ് ആദ്യ ചെയര്‍മാന്‍ ആന്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍. 114 വര്‍ഷം പഴക്കമുള്ള റെയ്ല്‍വേ ബോര്‍ഡിന്റെ സംഘടനാപരമായ പുനഃക്രമീകരണത്തിന് ഡിസംബറില്‍ കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയിരുന്നു. പഴയ റെയ്ല്‍വേ ബോര്‍ഡില്‍ അഞ്ചംഗങ്ങളായിരുന്നുവെങ്കില്‍ ഇപ്പോള്‍ അംഗങ്ങളുടെ എണ്ണം എട്ടായി.

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയര്‍ന്നു

ഗ്രാമീണ മേഖലയില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള തൊഴിലുകള്‍ കുറയുകയും ഖാരിഫ് വിളകളുടെ കാര്‍ഷിക ജോലികളുടെ സീസണ്‍ അവസാനിക്കുകയും ചെയ്തതോടെ ഇന്ത്യയിലെ ഗ്രാമീണമേഖലയില്‍ തൊഴിലില്ലായ്മ കുത്തനെ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ മോണിട്ടറിംഗ് ഇന്ത്യന്‍ ഇക്കോണമിയുടെ കണക്ക് പ്രകാരം ജൂലൈ മാസത്തെ അപേക്ഷിച്ച് ആഗസ്തില്‍ ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചിരിക്കുകയാണ്. ജൂലൈയില്‍ ഇത് 7. 4 ശതമാനമായിരുന്നുവെങ്കില്‍ ആഗസ്തില്‍ 8. 4 ശതമാനമാണ്.  

ആമസോണ്‍ നിന്ന് ഇനി വാങ്ങാം, സ്വര്‍ണ്ണവും ഇന്‍ഷുറന്‍സും

ഇനി സ്വര്‍ണ്ണവും ഇന്‍ഷുറന്‍സും ആമസോണില്‍ നിന്ന് വാങ്ങാം. കൂടുതല്‍ ഫിനാന്‍ഷ്യല്‍ ഉല്‍പ്പന്നങ്ങള്‍ കൂടി ചേര്‍ത്തുകൊണ്ട് ഇന്ത്യയിലെ ഫിന്‍ടെക് വിപണി കൈയ്യടക്കുകയാണ് ആമസോണിന്റെ ലക്ഷ്യം.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഫിനാന്‍ഷ്യല്‍ ടെക്‌നോളജി (ഫിന്‍ടെക്) മേഖലയില്‍ കടുത്ത മല്‍സരമാണ് നടക്കുന്നത്. നിരവധി സ്ഥാപനങ്ങള്‍ ഈ രംഗത്തേക്ക് വന്നുകഴിഞ്ഞു. ഈ രംഗത്തെ സാധ്യത കണ്ടറിഞ്ഞാണ് ആമസോണ്‍ ഫിന്‍ടെക് മേഖലയില്‍ തങ്ങളുടെ വിപണി വിപുലമാക്കുന്നത്.

ഓണ്‍ലൈന്‍ പേയ്‌മെന്റിലേക്ക് കൂടുതല്‍പ്പേരെ ആകര്‍ഷിക്കുന്നതിനായി 2016ലാണ് ആമസോണ്‍ പേ ഡിജിറ്റല്‍ വാലറ്റ് അവതരിപ്പിച്ചത്. ജൂലൈയില്‍ തന്നെ ഓട്ടോ ഇന്‍ഷുറന്‍സും ഓഗസ്റ്റില്‍ സ്വര്‍ണ്ണനിക്ഷേപ പദ്ധതികളും ആമസോണ്‍ ആരംഭിച്ചിരുന്നു. ആമസോണ്‍ ഫാര്‍മ എന്ന സംരംഭത്തിലൂടെ ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തേക്കും കടന്നു.

സെന്‍സെക്‌സ് 95 പോയ്ന്റ് താഴ്ന്നു; സ്‌മോള്‍, മിഡ് കാപ് ഓഹരികളില്‍ ഉണര്‍വ്

ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് കുതിച്ചുയരുകയോ കുത്തനെ കൂപ്പുകുത്തുകയോ ചെയ്തില്ല. ചാഞ്ചാട്ടത്തിന്റെ തോത് വളരെ കുറവായിരുന്നു. ഇന്നലത്തേതിനേക്കാള്‍ 95 പോയ്ന്റ് ഇടിവോടെ, അഥവാ 0.24 ശതമാനം താഴ്ന്ന് 38.991ല്‍ സെന്‍സെക്‌സ് ക്ലോസ് ചെയ്തു. സെന്‍സെക്‌സ് സൂചികാ കമ്പനികളില്‍ ഐസിഐസിഐ ബാങ്ക് രണ്ട് ശതമാനത്തിലേറെ ഇടിഞ്ഞു. ടൈറ്റാന്‍ ഓഹരി വില ആറുശതമാനത്തോളം ഉയര്‍ന്നു.

നിഫ്റ്റിയില്‍ 7.5 പോയ്ന്റിന്റെ കുറവാണുണ്ടായത്. അതായത് 0.065 ശതമാനം ഇടിവോടെ 11,527 ല്‍ ക്ലോസ് ചെയ്തു.

ബിഎസ്ഇ മിഡ്കാപ് സൂചിക 0.4 ശതമാനം ഉയര്‍ന്നു. സ്‌മോള്‍കാപ് സൂചിക 0.74 ശതമാനവും ഉയര്‍ന്നു.

നിക്ഷേപം വരാനിടയുണ്ടെന്ന മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വൊഡഫോണ്‍ ഐഡിയ ഓഹരി വില 27 ശതമാനം ഉയര്‍ന്നു.

നിഫ്റ്റി ബാങ്ക് സൂചിക 1.5 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ഐറ്റി സൂചിക 1.5 ശതമാനം ഉയരുകയും ചെയ്തു.

കേരള കമ്പനികളുടെ പ്രകടനം

ഇന്ന് പതിമൂന്നോളം കേരള കമ്പനികള്‍ ഇന്നലത്തേതിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. കേരള ബാങ്കുകളില്‍ ധനലക്ഷ്മി ബാങ്കിന്റെയും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെയും ഓഹരി വിലകള്‍ നേരിയ തോതില്‍ വര്‍ധിച്ചപ്പോള്‍ സിഎസ്ബി ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയുടെ വിലകള്‍ താഴ്ന്നു.

എന്‍ ബി എഫ് സികളില്‍ മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വിലയില്‍ താഴ്ച സംഭവിച്ചപ്പോള്‍ മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ്, മണപ്പുറം ഫിനാന്‍സ് എന്നിവയുടെ വിലയില്‍ നേട്ടമുണ്ടായി. റബ്ഫില ഇന്റര്‍നാഷണലിന്റെ വില നാല് ശതമാനത്തിലേറെ ഉയര്‍ന്നു  

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News