സീപ്ലെയിന്റെ വരവ് കേരള ടൂറിസത്തിന് കുതിപ്പാകും, വിമര്‍ശനങ്ങള്‍ക്ക് സ്ഥാനമില്ല, ധനംഓണ്‍ലൈന്‍ പോളിന്റെ റിസല്‍ട്ട് ഇങ്ങനെ
സീപ്ലെയിന്‍ പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു ഇത്തവണത്തെ ധനംഓണ്‍ലൈന്‍ പോള്‍
കേരളത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ് പകരുമെന്ന് പ്രഖ്യാപിച്ചാണ് കഴിഞ്ഞ ദിവസം സീപ്ലെയിന്‍ സര്‍വീസിന്റെ പരീക്ഷണ പറക്കല്‍ നടന്നത്. മാധ്യമങ്ങളടക്കം ഈ സംഭവത്തെ വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു. സാധാരണക്കാരായ ആളുകളുടെ ഇടയില്‍ പോലും ചര്‍ച്ചാവിഷയമാക്കാന്‍ സീപ്ലെയിന് സാധിക്കുകയും ചെയ്തു. കേരള ടൂറിസം അടുത്ത ഘട്ടത്തിലേക്ക് പോകണമെങ്കില്‍ ഇത്തരത്തില്‍ നൂതന പദ്ധതികള്‍ ആവശ്യമാണെന്ന പക്ഷക്കാരാണ് സംരംഭകരും.
പദ്ധതിക്ക് അനുകൂലമായി വോട്ട് ചെയ്ത് വായനക്കാര്‍
സീപ്ലെയിന്‍ പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു ഇത്തവണത്തെ ധനംഓണ്‍ലൈന്‍ പോള്‍. നിരവധി പേരാണ് ഇതുമായി ബന്ധപ്പെട്ട് വെബ്‌സൈറ്റിലും ധനംഓണ്‍ലൈന്റെ സോഷ്യല്‍മീഡിയ ഹാന്‍ഡിലുകളിലും അഭിപ്രായം പറഞ്ഞത്. വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ സിംഹഭാഗം പേരും അനുകൂലമായ രീതിയിലാണ് പ്രതികരിച്ചത്. കേരളത്തിന്റെ ടൂറിസം വികസനത്തില്‍ പുതിയ കുതിപ്പാകും പദ്ധതിയെന്ന് 67 ശതമാനം പേരും അഭിപ്രായപ്പെട്ടു.
മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയെ ബാധിക്കുമെന്ന വാദത്തോട് കേവലം 9 ശതമാനം പേര്‍ക്ക് മാത്രമാണ് അനുകൂലമായി പ്രതികരിച്ചത്. പക്ഷി മൃഗാദികള്‍ക്ക് ദോഷം ചെയ്യുമെന്ന അഭിപ്രായവും 6 ശതമാനത്തിലൊതുങ്ങി. 18 ശതമാനം വോട്ടര്‍മാര്‍ വിഷയത്തില്‍ തങ്ങള്‍ക്ക് യാതൊരു അഭിപ്രായവും രേഖപ്പെടുത്താന്‍ താല്പര്യമില്ലെന്ന് വ്യക്തമാക്കി.